സര്‍വകലാശാലാ ഭൂമി കൈയേറ്റം; വന്‍കിട കച്ചവടസ്ഥാപനങ്ങള്‍ ഒഴിപ്പിക്കാതിരിക്കാന്‍ രാഷ്ട്രീയസമ്മര്‍ദ്ദം

പി വി മുഹമ്മദ് ഇഖ്ബാല്‍

തേഞ്ഞിപ്പലം: വിവിധ കച്ചവടസ്ഥാപനങ്ങള്‍ കൈയേറിയ കാലിക്കറ്റ് സര്‍വകലാശാല ഭൂമി ഒഴിപ്പിക്കാതിരിക്കാന്‍ രാഷ്ട്രീയസമ്മര്‍ദ്ദമേറുന്നു. കോഹിനൂരില്‍ മില്‍മാ ബൂത്ത് വാഴ്‌സിറ്റി ഭൂമിയിലായിട്ടും പഞ്ചായത്തധികൃതര്‍ ഇതിന് വന്‍ തുക വാടക ഈടാക്കുന്നു. പിഡബ്ല്യുഡി നിയന്ത്രണത്തിലുള്ള ഭൂമിയില്‍നിന്ന് സ്റ്റേഷനറി-പെട്ടിക്കച്ചവടക്കാര്‍ എന്നിവരെ ഒഴിപ്പിച്ചതിനെ തുടര്‍ന്നാണ് വാഴ്‌സിറ്റി ഭൂമിയില്‍ കച്ചവടക്കാര്‍ സ്ഥാനമുറപ്പിച്ചത്.
14 വ്യക്തികള്‍ക്ക് കച്ചവടം ഒഴിയാന്‍ സര്‍വകലാശാല കത്ത് നല്‍കിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ജില്ലാ കലക്ടര്‍, പോലിസ് സൂപ്രണ്ട് എന്നിവര്‍ക്ക് കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ സര്‍വകലാശാലാ രജിസ്ട്രാര്‍ കത്ത് നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല. ചെറുകിട കൈയേറ്റക്കാരെ കൂടാതെ വാഴ്‌സിറ്റി ബസ്‌സ്റ്റോപ്പ് പരിസരത്ത് സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റികളുടെ ഇന്ത്യന്‍ കോഫിഹൗസ്, റബ്‌കോ എന്നീ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവയ്‌ക്കെതിരേയും നടപടിയില്ലെന്നു പരാതിയുണ്ട്.
സിപിഎം, ലീഗ്, കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ജീവനക്കാരുടെ സൊസൈറ്റികള്‍ വര്‍ഷങ്ങളായി വാഴ്‌സിറ്റി ഭൂമിയില്‍ നിയമവിരുദ്ധമായി കച്ചവടം നടത്തിവരുകയാണ്. വിവിധ സിന്‍ഡിക്കേറ്റുകള്‍ അനുമതി നല്‍കിയ ജീവനക്കാരുടെ സൊസൈറ്റികളുടെ നിയമവിരുദ്ധ കച്ചവടത്തെ വാഴ്‌സിറ്റി അധികൃതര്‍ നിസ്സാരവല്‍ക്കരിക്കുകയാണ്. വാഴ്‌സിറ്റി ഭൂമിയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമ്പോള്‍ മുഖംനോക്കാതെ നടപടിയെടുക്കേണ്ടതിനു പകരം ചെറുകിട കച്ചവടക്കാരെ മാത്രം പ്രതികളാക്കുന്ന സര്‍വകലാശാലാ നടപടിക്കെതിരേ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സര്‍വകലാശാലയുടെ ഏകപക്ഷീയ നടപടിക്കെതിരേ ഇന്നു രാവിലെ 10ന് യൂനിവേഴ്‌സിറ്റി ബസ്‌സ്‌റ്റോപ്പില്‍ ജനകീയ പ്രതിരോധം സംഘടിപ്പിക്കും.
Next Story

RELATED STORIES

Share it