സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവിക്കെതിരേ കേന്ദ്ര സത്യവാങ്മൂലം

ന്യൂഡല്‍ഹി: ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ സര്‍വകലാശായുടെ ന്യൂനപക്ഷ പദവിക്കെതിരേ കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ജാമിഅ മില്ലിയ്യ സര്‍വകലാശാല ന്യൂനപക്ഷ പദവിയുള്ള സ്ഥാപനമാണെന്നു വ്യക്തമാക്കിയ നാഷനല്‍ കമ്മീഷന്‍ ഫോര്‍ മൈനോരിറ്റി എജ്യൂക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്റെ  (എന്‍സിഎംഇഐ) 2011ലെ ഉത്തരവ് എതിര്‍ത്താണ് സര്‍ക്കാര്‍  സത്യവാങ്മൂലം.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് കപില്‍ സിബല്‍ മാനവ വിഭവശേഷി മന്ത്രിയായിരിക്കെ ജാമിഅ മില്ലിയ്യയുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച എന്‍സിഎംഇഐയുടെ ഉത്തരവ് മാനിക്കുന്നുവെന്നു സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഈ നിലപാട് മാറ്റിയാണ് ഈ മാസം 13നു സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം .
1967ല്‍ അസീസ് പാഷ കേസിലെ സുപ്രിംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണു ന്യൂനപക്ഷ പദവിയെ ബിജെപി സര്‍ക്കാര്‍ കോടതിയില്‍ ചോദ്യംചെയ്തിരിക്കുന്നത്. സര്‍വകലാശാലയെ ന്യൂനപക്ഷ സ്ഥാപനമായി കാണാനാവില്ലെന്നും പാര്‍ലമെന്റാണ് അതു സ്ഥാപിച്ചതെന്നും വ്യക്തമാക്കിയായിരുന്നു 67ല്‍ പാഷയുടെ ഹരജി സുപ്രിംകോടതി തള്ളിയിരുന്നത്. സര്‍വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്നു മാത്രമല്ല, അത് സ്ഥാപിച്ചത് മുസ്‌ലിംകളല്ലെന്നും പുതിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തില്‍ നിന്നു മാറി സ്വന്തം സ്ഥാപനത്തില്‍ പഠിക്കുകയെന്ന ലക്ഷ്യത്തോടെയാണു ജാമിഅ മില്ലിയ സ്ഥാപിച്ചതെന്നായിരുന്നു എന്‍സിഎംഇഐ വ്യക്തമാക്കിയിരുന്നത്. മുസ്‌ലിംകള്‍ക്കു വേണ്ടി മുസ്‌ലിംകള്‍ സ്ഥാപിച്ചതാണു ജാമിഅ സര്‍വകലാശാലയെങ്കിലും അതില്‍ അമുസ്‌ലിംകള്‍ക്കും പ്രവേശനം നല്‍കണമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ ഉത്തരവും കേന്ദ്രസര്‍ക്കാരിന്റെ പുതിയ സത്യവാങ്മൂലം ചോദ്യംചെയ്തിട്ടുണ്ട്.
ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ ബോര്‍ഡ് രൂപീകരിക്കുമ്പോള്‍ അതില്‍ മുസ്‌ലിം സമുദായത്തില്‍ ഉള്ളവര്‍ മാത്രം മതിയെന്ന രീതി പാടില്ല.  ഒരു കേന്ദ്ര സര്‍വകലാശാലയെ ന്യൂനപക്ഷ സ്ഥാപനമായി പരിഗണിക്കുന്നതു കേന്ദ്രസര്‍വകലാശാലയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്കു വിരുദ്ധമാണ്. കേന്ദ്ര നിയമപ്രകാരം ഒരു ന്യൂനപക്ഷ സര്‍വകലാശാല സ്ഥാപിക്കുകയാണെങ്കില്‍ അത് ന്യൂനപക്ഷ സ്ഥാപനമായിട്ടുതന്നെ നിലനില്‍ക്കും. എന്നാല്‍, പാര്‍ലമെന്റ് കൊണ്ടുവന്ന നിയമപ്രകാരം സ്ഥാപിച്ച ജാമിഅ മില്ലിയ്യ അങ്ങനെ നിലനില്‍ക്കില്ല. തുടങ്ങിയ വാദങ്ങളാണു സത്യവാങ്മൂലത്തില്‍ പറയുന്നത്.
Next Story

RELATED STORIES

Share it