malappuram local

സര്‍വകലാശാലയില്‍ സിവില്‍ സര്‍വീസ് അക്കാദമി പരിഗണനയിലെന്ന് വിസി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ കാംപസില്‍ സിവില്‍ സര്‍വീസ് അക്കാദമി സ്ഥാപിക്കുന്നത് പരിഗണനയിലാണെന്ന് വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ പറഞ്ഞു. എസ്എസ്എല്‍സി, പ്ലസ്ടു കഴിഞ്ഞവര്‍ക്കായി ഉപരിപഠന, തൊഴില്‍ സാധ്യതകളെക്കുറിച്ച് സര്‍വകലാശാലാ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍വകലാശാലാ പരിധിയിലുള്ള അഞ്ച് ജില്ലകളില്‍നിന്ന് സിവില്‍ സര്‍വീസ് കരസ്ഥമാക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്നത് സന്തോഷകരമാണ്.
കൂടുതല്‍ പേരെ ഈ മേഖലയിലേക്ക് ആകര്‍ഷിച്ച് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും സമഗ്രപരിശീലനവും നല്‍കുകയെന്ന ലക്ഷ്യത്തോടെയുമാണ് നിര്‍ദിഷ്ട അക്കാദമി വിഭാവനം ചെയ്യുന്നത്. സര്‍വകലാശാല നടത്തിയ നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പരിശീലനം വന്‍ വിജയമായതും, റൊക്കോഡ് വിജയികളെ സൃഷ്ടിക്കാനായതും ഇക്കാര്യത്തില്‍ പ്രചോദനം നല്‍കുന്നുണ്ട്. ഇക്കഴിഞ്ഞ സിവില്‍ സര്‍വീസ് പരീക്ഷയിലെ ജേതാക്കള്‍ക്ക് സ്വീകരണം നല്‍കും.
സിവില്‍ സര്‍വീസ് ലക്ഷ്യമാക്കുന്നവര്‍ക്ക് അവരുടെ അനുഭവ വിവരണം ലക്ഷ്യമാക്കി സെമിനാര്‍ അടുത്തുതന്നെ സംഘടിപ്പിക്കുമെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചു. സ്വന്തം വിഷയത്തില്‍ ഉന്നതമാര്‍ക്ക് കരസ്ഥമാക്കുന്നതിനൊപ്പം സിലബസിന് പുറത്തെ അനന്ത വിജ്ഞാനവും നൈപുണിയും പഠനകാലത്തുതന്നെ ആര്‍ജിച്ച്, അത്യുന്നത ജോലികള്‍ക്ക് സ്വയം സജ്ജരാവുന്നതിന് വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണം. അഭിരുചി തിരിച്ചറിഞ്ഞ് കോഴ്‌സുകളില്‍ ചേരാന്‍ ശ്രദ്ധചെലുത്തേണ്ടതുണ്ട്.
ഇക്കാര്യത്തില്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന ക്ലാസുകള്‍ സര്‍വകലാശാലാ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ മുഖേന തുടര്‍ന്നും സംഘടിപ്പിക്കുമെന്നും ഡോ.കെ മുഹമ്മദ് ബഷീര്‍ പറഞ്ഞു. മേഖലാ എംപ്ലോയ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ മോഹന്‍ ലൂക്കോസ് അധ്യക്ഷനായിരുന്നു. സര്‍വകലാശാലാ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ എം വി സക്കറിയ ക്ലാസ് നയിച്ചു. എംപ്ലോയ്‌മെന്റ് ബ്യൂറോ ഡെപ്യൂട്ടി ചീഫ് എന്‍ വി സെമീറ, പി ഹരിഹരന്‍, പി കിരണ്‍കുമാര്‍, ടി ശ്രീകേഷ് പങ്കെടുത്തു.
Next Story

RELATED STORIES

Share it