സര്‍വകലാശാലകളുടെ ന്യൂനപക്ഷ പദവി നിലനിര്‍ത്തണം: വിദ്യാര്‍ഥി സംഘടനകള്‍

കോഴിക്കോട്: അലിഗഡ് മുസ്‌ലിം സര്‍വകലാശാല, ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ എന്നിവയുടെ ന്യൂനപക്ഷ പദവി റദ്ദാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സുപ്രിംകോടതിയില്‍ അറ്റോര്‍ണി ജനറല്‍ നല്‍കിയ റിപോര്‍ട്ട് ചരിത്ര യാഥാര്‍ഥ്യങ്ങളെ മറച്ചുവച്ചുകൊണ്ടുള്ളതാണ്. ഭരണഘടനയുടെ 30ാം വകുപ്പുപ്രകാരം ന്യൂനപക്ഷ പദവി സ്വാഭാവികമായും ലഭിക്കേണ്ട സ്ഥാപനങ്ങളാണ് അലിഗഡും ജാമിഅ മില്ലിയ്യയും. മുസ്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതി മുന്‍നിര്‍ത്തി സ്ഥാപിതമായ പ്രസ്തുത സ്ഥാപനങ്ങളോട് കോടതി നീതി പുലര്‍ത്തണമെന്ന് സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു.
2011ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ജാമിഅ മില്ലിയ്യ യൂനിവേഴ്‌സിറ്റിക്ക് കോടതി മുഖാന്തരം ന്യൂനപക്ഷ പദവി ലഭിച്ചിരുന്നു. എന്നാല്‍, നിലവില്‍ അറ്റോണി ജനറല്‍ ജാമിഅ മില്ലിയ്യയുടെ ന്യൂനപക്ഷ പദവിയെ ചോദ്യംചെയ്ത് മാനവശേഷി വികസന മന്ത്രാലയത്തിനു നല്‍കിയ ശുപാര്‍ശയും അലിഗഡിന് ന്യൂനപക്ഷ പദവിക്ക് അര്‍ഹതയില്ലെന്ന് കോടതിയില്‍ പറഞ്ഞതും ആശാങ്കാജനകമാണ്.
ഭരണഘടന പ്രകാരം ലഭിക്കേണ്ട അവകാശങ്ങള്‍ അലിഗഡിനും ജാമിഅക്കും കോടതിയില്‍ നിന്നു ലഭ്യമാക്കണമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ടി പി അഷ്‌റഫ് അലി (എംഎസ്എഫ്), സത്താര്‍ പന്തല്ലൂര്‍ (എസ്‌കെഎസ്എസ്എഫ്), നഹാസ് മാള (എസ്‌ഐഒ), അബ്ദുല്‍ ജലീല്‍ മാമാങ്കര, ഹാസില്‍ മുട്ടില്‍ (എംഎസ്എം), തഹ്‌ലിയ്യ (ഹരിത), സി എ റഊഫ് (കാംപസ് ഫ്രണ്ട്), എന്‍ എം മശ്ഹൂദ് (എന്‍എസ്എല്‍), പി റുക്‌സാന (ജിഐഒ), അഡ്വ. ശമീര്‍ പയ്യനങ്ങാടി (ഐഎസ്എഫ്) എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it