സര്‍വകലാശാലകളുടെ അംഗീകാരം വേണ്ടെന്നു ഹൈക്കോടതി

കൊച്ചി: സ്വയംഭരണ കോളജുകളിലെ നിലവിലെ സിലബസ് പരിഷ്‌കരണത്തിനു സര്‍വകലാശാലകളുടെ അംഗീകാരം വേണ്ടെന്നു ഹൈക്കോടതി ഉത്തരവിട്ടു. പാഠ്യപദ്ധതിയിലെ പരിഷ്‌കരണത്തിന് കോളജിലെ അക്കാദമിക് കൗണ്‍സിലിന്റെ അംഗീകാരം മതിയാവുമെന്നും സിലബസ് പരിഷ്‌കരണത്തിന് ഫീസ് ചുമത്താന്‍ സര്‍വകലാശാലയ്ക്ക് കഴിയില്ലെന്നും സിംഗിള്‍ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് പറയുന്നു.
പുതിയ കോഴ്‌സ് തുടങ്ങുന്നതിന് മാത്രമേ ഫീസ് ഈടാക്കാനും അംഗീകാരം നല്‍കാനും സര്‍വകലാശാലയ്ക്ക് അധികാരമുള്ളൂവെന്നും കോടതി നിരീക്ഷിച്ചു. കോളജ് അക്കാദമിക് കൗണ്‍സില്‍ അംഗീകരിച്ച് സമര്‍പ്പിച്ച സിലബസ് പരിഷ്‌കരണ ശുപാര്‍ശകളില്‍ എംജി സര്‍വകലാശാല നടപടികള്‍ സ്വീകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കണ്‍സോര്‍ഷ്യം ഓഫ് ഓട്ടണമസ് കോളജ്‌സ് ഓഫ് കേരളയും നാല് കോളജുകളും സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.
ഹരജിക്കാരായ കോളജുകളിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് തയ്യാറാക്കിയ പാഠ്യപദ്ധതി അക്കാദമിക് കൗണ്‍സില്‍ അംഗീകരിച്ച് സര്‍വകലാശാലയ്ക്കു സമര്‍പ്പിച്ചതായി ഹരജിയില്‍ പറയുന്നു. എന്നാല്‍, ബിരുദ കോഴ്‌സുകളുടെ സിലബസ് പരിഷ്‌കരണത്തിന് ഓരോ കോഴ്‌സിനും 50,000 രൂപയും ബിരുദാനന്തര ബിരുദത്തിന് ഒരു ലക്ഷവും വീതം സര്‍വകലാശാല ഫീസ് ആവശ്യപ്പെട്ടു. പുതിയ കോഴ്‌സുകള്‍ തുടങ്ങുന്നതിന് മാത്രമേ ഇപ്രകാരം ഫീസ് ആവശ്യപ്പെടാന്‍ സര്‍വകലാശാലയ്ക്ക് അധികാരമുള്ളൂ. സ്വയംഭരണാധികാരമുള്ള കോളജുകള്‍ക്ക് പുതുക്കിയ പാഠ്യപദ്ധതിയും സ്‌കീമും സിലബസും അനുസരിച്ച് കോഴ്‌സ് നടത്താന്‍ അര്‍ഹതയുണ്ടെന്നും ഫീസോ, സര്‍വകലാശാലാ അംഗീകാരമോ വേണ്ടതില്ലെന്നും പ്രഖ്യാപിക്കണമെന്നാണു ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, സര്‍വകലാശാല നിയമപ്രകാരം പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്‍പ്പെടെ അംഗീകാരം വേണ്ടതുണ്ടെന്നു സര്‍വകലാശാല കോടതിയെ അറിയിച്ചു. പുതിയ കോഴ്‌സുകള്‍ തുടങ്ങുമ്പോള്‍ മാത്രമേ സര്‍വകലാശാലയുടെ അനുമതി വേണ്ടതുള്ളൂ.
സര്‍വകലാശാലയ്ക്ക് ഇതുമായി ബന്ധപ്പെട്ടു സേവനങ്ങളൊന്നും ചെയ്യേണ്ടതില്ലാത്തതിനാല്‍ ഇതിന്റെ പേരില്‍ അമിത ഫീസ് ഈടാക്കാനുമാവില്ല. അനുമതിയുടെ കാര്യത്തിലെന്ന പോലെ ഫീസ് ഈടാക്കാനും അധികാരമുള്ളതു പുതിയ കോഴ്‌സ് തുടങ്ങുമ്പോള്‍ മാത്രമാണ്. കോളജുകളുടെ അപേക്ഷയില്‍ നടപടി സ്വീകരിക്കാത്ത നിലപാടിന് ന്യായീകരണമില്ലെന്ന് വ്യക്തമാക്കിയ കോടതി, ഫീസ് ആവശ്യപ്പെട്ടതടക്കമുള്ള സര്‍വകലാശാലാ നടപടികള്‍ റദ്ദാക്കി. കോളജുകളുടെ അപേക്ഷകള്‍ പ്രത്യേകം പരിഗണിച്ച് തീരുമാനമെടുക്കണമെന്നും ഇക്കാര്യം അപേക്ഷകരെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it