സര്‍വകലാശാലകളില്‍ ദേശീയപതാക നാട്ടല്‍: ചെലവ് 45 ലക്ഷം വീതം

ന്യൂഡല്‍ഹി: കേന്ദ്രസര്‍വകലാശാലകളില്‍ ദേശീയ പതാക നാട്ടണമെന്ന മാനവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിന്റെ തീരുമാനം ചെലവേറിയത്. സര്‍വകലാശാലകളില്‍ 200 അടി ഉയരത്തില്‍ ഒരു ദേശീയപതാക നാട്ടുന്നതിന് 45 ലക്ഷത്തോളം ചെലവ് വരും. അറ്റക്കുറ്റപ്പണികള്‍ക്കായി പ്രതിമാസം 65,000 രൂപയുമാവുമെന്ന് ഇന്ത്യ ഫഌഗ് ഫൗണ്ടേഷന്‍ സിഇഒ കമാന്‍ഡര്‍ (റിട്ട.) കെ വി സിങ് പറഞ്ഞു.
സമാനമായ തരത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 65 ദേശീയ പതാക സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൂനെയിലെ രണ്ട് കമ്പനികളില്‍ നിന്നുണ്ടാക്കുന്ന ഉരുക്ക് കുഴലിലാണു പതാക നാട്ടുക. മുംബൈയില്‍ നിന്നു പതാകയ്ക്ക് ആവശ്യമായ തുണിയെത്തിക്കുമെന്നും കെ വി സിങ് പറഞ്ഞു.
വിദ്യാര്‍ഥികളില്‍ ദേശീയത വളര്‍ത്തുന്നതിന് 46 കേന്ദ്രസര്‍വകലാശാലകളിലും ദേശീയ പതാക സ്ഥാപിക്കാന്‍ സ്മൃതി ഇറാനിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ വ്യാഴാഴ്ച ചേര്‍ന്ന യോഗമാണ് തീരു—മാനിച്ചത്. ഇതിന്റെ ചെലവു സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നു മാനവവിഭവ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2014ല്‍ ഡല്‍ഹിയിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ 207 അടി ഉയരത്തില്‍ ദേശീയപതാക സ്ഥാപിക്കാന്‍ ചെലവായത് 40 ലക്ഷമാണ്. സമാനമായ രീതിയിലാണ് കേന്ദ്രസര്‍വകലാശാലകളിലും ആലോചിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it