സര്‍വകലാശാലകളിലെ അനധ്യാപക നിയമനം; സ്‌പെഷ്യല്‍ റൂള്‍സ് പുറത്തിറക്കിയാലുടന്‍ നിയമനം നടത്താമെന്ന് പിഎസ്‌സി

തിരുവനന്തപുരം: സര്‍വകലാശാലകളിലെ അനധ്യാപക നിയമനം സംബന്ധിച്ച് സര്‍ക്കാര്‍ സ്‌പെഷ്യല്‍ റൂള്‍സ് പുറത്തിറക്കിയാല്‍ ഉടന്‍ നിയമനം നടത്താമെന്ന് പിഎസ്‌സി. സെക്രട്ടേറിയറ്റ് അസിസ്റ്റന്റിന് തുല്യമായ യോഗ്യതയാണെങ്കില്‍ ഒരു മാസത്തിനകം നിയമനം നടത്താം. ഇല്ലെങ്കില്‍ പുതിയ വിജ്ഞാപനം ചെയ്ത ശേഷം ആറു മാസത്തിനുള്ളില്‍ നിയമനം നടത്താമെന്ന് സര്‍ക്കാരിനെ അറിയിക്കാനും പിഎസ്‌സി യോഗം തീരുമാനിച്ചു. അനധ്യാപക നിയമനങ്ങള്‍ നടത്താന്‍ കഴിയുമോയെന്ന് സര്‍ക്കാര്‍ രേഖാമൂലം പിഎസ്‌സിയോട് ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയില്‍ സ്‌പെഷ്യല്‍ റൂള്‍സ് പുറത്തിറക്കിയാലുടന്‍ നിയമനം നടത്താമെന്ന് അറിയിക്കാന്‍ പിഎസ്‌സി തീരുമാനിച്ചത്. തസ്തികയിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത ഉള്‍െപ്പടെയുള്ള കാര്യങ്ങള്‍ സ്‌പെഷ്യല്‍ റൂള്‍സിലാണ് വ്യക്തമാക്കേണ്ടത്. സെക്രട്ടേറിയറ്റ് അസിസ്റ്റന്റിന്റെ യോഗ്യതയ്ക്ക് തുല്യമാണ് ഈ യോഗ്യതയെങ്കില്‍ ഒരു മാസത്തിനുള്ളില്‍ നിയമനം നടത്താന്‍ കഴിയും.
സെക്രട്ടേറിയറ്റ് അസിസ്റ്റന്റിന്റെ റാങ്ക് ലിസ്റ്റ് നിലവിലുള്ളതിനാലാണ് വേഗത്തില്‍ നിയമനം നടത്താന്‍ കഴിയുന്നത്. വ്യത്യസ്തമായ യോഗ്യതയാണെങ്കില്‍ ഇതിനായി വിജ്ഞാപനം ചെയ്യേണ്ടതുണ്ട്. പിന്നീട് പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കാന്‍ ആറു മാസമെടുക്കും. അപേക്ഷിക്കാനുള്ള അവസാന ദിവസത്തിന് മുമ്പ് എംഫില്‍, പിഎച്ച്ഡി യോഗ്യതയുള്ളവര്‍ക്കു മാത്രം അധികമാര്‍ക്ക് നല്‍കിയാല്‍ മതിയെന്നും യോഗം തീരുമാനിച്ചു. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് തലേദിവസം വരെ എംഫില്‍, പിഎച്ച്ഡി യോഗ്യത നേടിയവര്‍ക്ക് അധിക മാര്‍ക്ക് നല്‍കണമെന്ന് ഒരു വിഭാഗം വാദിച്ചു.
എന്നാല്‍, അതുവേണ്ടെന്നും പിഎസ്‌സിയുടെ അപേക്ഷിക്കാനുള്ള അവസാന ദിവസത്തിന് മുമ്പ് ഈ യോഗ്യത നേടിയവര്‍ക്ക് മാത്രം ഇതു നല്‍കിയാല്‍ മതിയെന്ന് മറു വിഭാഗവും വാദിച്ചു. ഇന്നലെ ചേര്‍ന്ന കമ്മീഷന്‍ യോഗം ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തു. അപേക്ഷിക്കുന്നതിന് തലേദിവസം വരെ യോഗ്യത നേടിയവര്‍ക്ക് മാത്രമാണ് പിഎസ്‌സിയില്‍ അപേക്ഷിക്കാന്‍ പോലും കഴിയുന്നത്. അതിനാല്‍ അധികമാര്‍ക്ക് നല്‍കുന്നതും ഇങ്ങനെ മതിയെന്ന് യോഗം വിലയിരുത്തി.
Next Story

RELATED STORIES

Share it