സര്‍വകക്ഷി സംഘത്തില്‍ ഉള്‍പ്പെടുത്താത്തതില്‍ മോദി അതൃപ്തി അറിയിച്ചതായി കണ്ണന്താനം

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി പ്രതിനിധി സംഘത്തില്‍ തന്നെ ഉള്‍പ്പെടുത്താത്തതില്‍ പ്രധാനമന്ത്രി അതൃപ്തി അറിയിച്ചതായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. തന്നെ ക്ഷണിക്കാത്ത സാഹചര്യത്തിലാണ് താന്‍ സംഘത്തിന്റെ ഭാഗമാവാതിരുന്നതെന്നു പ്രധാനമന്ത്രിയെ അറിയിച്ചതായും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്രമന്ത്രിയാണ് താന്‍.
കേരളത്തിന്റെ എല്ലാ വിഷയങ്ങളിലും ഇടപെടുന്ന മന്ത്രിയെന്ന നിലയില്‍ സന്ദര്‍ശനവിവരം തന്നെ അറിയിക്കേണ്ടതായിരുന്നുവെന്നും കണ്ണന്താനം പ്രധാനമന്ത്രിയോട് പറഞ്ഞു. കേരളത്തിലെ മഴക്കെടുതിയെ കുറിച്ച് പ്രധാനമന്ത്രിയോട് വിശദീകരിച്ചു. തുടര്‍ന്ന്, കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിനെ നാളെ കേരളത്തിലേക്കയച്ച് മഴക്കെടുതിയെ കുറിച്ചുള്ള റിപോര്‍ട്ട് വാങ്ങുമെന്നു പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായും കണ്ണന്താനം അറിയിച്ചു. മഴക്കെടുതിയെ കുറിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ റിപോര്‍ട്ടും നിവേദനവും ലഭിച്ചശേഷം നഷ്ടപരിഹാരം നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കും. അതേസമയം, സര്‍വകക്ഷി സംഘത്തില്‍ തന്നെ ഉള്‍പ്പെടുത്താത്തതില്‍ വ്യക്തിപരമായി തനിക്ക് ഖേദമില്ലെന്നും കണ്ണന്താനം പറഞ്ഞു.
കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ കേരളത്തെ അവഗണിക്കുന്നില്ലെന്നും കണ്ണന്താനം അവകാശപ്പെട്ടു. ടൂറിസം വകുപ്പ് തുക അനുവദിച്ച പദ്ധതികള്‍ പോലും സമയബന്ധിതമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആറന്മുള, ഗുരുവായൂര്‍ പദ്ധതികള്‍ ഇഴഞ്ഞ് നീങ്ങുകയാണ്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിര്‍മാണ പ്രവര്‍ത്തനത്തിലും മെല്ലെപോക്ക് തന്നെയാണ് പ്രകടമാവുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ല സൗഹൃദത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് മാത്രമായി നിയമം മാറ്റാനാകില്ലെന്ന് റേഷനരി വിഹിതം വര്‍ധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെക്കുറിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം മറുപടിനല്‍കി.
കസ്തൂരിരംഗന്‍ റിപോര്‍ട്ടിലെ ജനവാസ മേഖല ഒഴിവാക്കി വനമേഖല സംരക്ഷിക്കുന്ന തരത്തില്‍ അന്തിമ വിജ്ഞാപനം ഇറക്കണമെന്ന് കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രിയുമായി നടത്തിയ കൂടികാഴ്ചയില്‍ ആവശ്യപ്പെട്ടതായും  കേന്ദ്രമന്ത്രിപറഞ്ഞു.
Next Story

RELATED STORIES

Share it