kozhikode local

സര്‍വകക്ഷി തീരുമാനം ലംഘിച്ച് പ്രകടനവും പൊതുയോഗവും; പോലിസ് കാഴ്ചക്കാരായി

വടകര: വടകരയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ ആര്‍ഡിഒ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി തീരുമാനം ലംഘിച്ച് കൊണ്ട് സിപിഎം-ബിജെപി പ്രകടനം. ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ഒരാഴ്ച പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ പാടില്ലെന്ന് തീരുമാനിച്ചിരുന്നു.
എന്നാല്‍ ഈ തീരുമാനത്തിന്റെ മഷി ആറും മുമ്പാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ചോറോടില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തിയത്. സംഘര്‍ഷം വ്യാപിപ്പിക്കാതിരിക്കാനുള്ള നടപടിയുടെ ഭാഗമായാണ് സര്‍വകക്ഷി തീരുനമാനിച്ചത്. ഈ യോഗത്തില്‍ എല്ലാ പാര്‍ട്ടികളുടെയും നേതാക്കള്‍ ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ തീരുമാനത്തെ വെല്ലുവിളിച്ച് കൊണ്ടാണ് സിപിഎം പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതോടെ ബിജെപിയും കുരിയാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി.
ബിജെപിയുടെ കൊടി തോരണങ്ങള്‍ എല്ലാം നശിപ്പിച്ച നിലയിലാണ്. പ്രകടനത്തിന് പോലിസ് സംരക്ഷണവും ഉണ്ടായിരുന്നു. സംഘര്‍ഷത്തിന് നേതൃത്വം നല്‍കുന്ന ഇരു കക്ഷികളും വീണ്ടും കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന പരാതി മറ്റുകക്ഷികളിലും പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. തങ്ങള്‍ സമാധാനത്തിന് എതിരല്ലെന്ന് പറയുമ്പോഴാണ് തീരുമാനത്തിന് പുല്ലുവില കല്‍പ്പിച്ച് കൊണ്ട് ഇരുപാര്‍ട്ടികളും വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. സര്‍വ്വകക്ഷി സമാധാന യോഗത്തില്‍ പങ്കെടുത്ത സിപിഎം ജില്ലാ കമ്മിറ്റി അംഗം പികെ ദിവാകരനാണ് പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്ന പൊതുയോഗത്തില്‍ സംസാരിച്ചത്.
സിപിഎം പ്രകടനം നടത്തിയ സാഹചര്യത്തില്‍ ബിജെപിയും പ്രകടനം നടത്താനുള്ള തീരുമാനം പ്രഖ്യാപിച്ചതോടെ പോലിസും പൊല്ലാപ്പിലായി. ഇവര്‍ക്കും പോലിസ് സംരക്ഷണം നല്‍കേണ്ട അവസ്ഥയിലായിരുന്നു പോലിസ്. ഇതോടെ സമാധാനത്തിന് നേതൃത്വം നല്‍കിയ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ആര്‍ഡിഒയുടെ തീരുമാനം ലംഘിച്ചത് പോലിസ് സംരക്ഷണത്തോടെയായി മാറി. തുടര്‍ന്നുള്ള ദിവസങ്ങളിലും അക്രമങ്ങള്‍ക്ക് ശമനമാകില്ലെന്ന സൂചനയാണ് സര്‍വകക്ഷി തീരുമാനത്തിന്റെ ലംഘനം. ഇതോടെ പ്രദേശത്ത് വീണ്ടും സമാധാനന്തരീക്ഷം ഇല്ലാതായിരിക്കുകയാണ്.

Next Story

RELATED STORIES

Share it