thrissur local

സര്‍ഫാസി വിരുദ്ധ ജനകീയ സമരസമിതിയുടെ കുത്തിയിരിപ്പ് സമരം

കയ്പമംഗലം: നിരവധി ദരിദ്ര കുടുംബങ്ങളുടെ ആധാരങ്ങള്‍ ഈടുവെപ്പിച്ച് ചിട്ടി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഒമ്പതു വര്‍ഷം പിന്നിട്ടിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് സര്‍ഫാസി വിരുദ്ധ ജനകീയ സമര സമിതിയുടെ നേതൃ ത്വത്തില്‍ കാളമുറിയില്‍ സമരം നടത്തി.
മനുഷ്യാവകാശ പ്രവ ര്‍ത്തക പ്രഫ. കുസമം ജോ സഫ് ഉദ്ഘാടനം നിര്‍വഹിച്ചു. സമര സമിതി കണ്‍വീനര്‍ വി സി ജെന്നി അധ്യക്ഷത വഹിച്ചു. സമര സമിതി സെക്രട്ടറി ബൈജു ഇ ടി, പി എ കുട്ടപ്പന്‍, ടി കെ വാസു(പിയുസിഎല്‍), ഹര്‍ഷാദ് മതിലകം(എസ്ഡിപിഐ), കെ കെ ഷാജഹാന്‍(വെല്‍ഫെയര്‍ പാര്‍ട്ടി), പി ജെ മോണ്‍സി(ആര്‍എംപി), സി പി റഷീദ്(ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം), ജോര്‍ജ് മാത്യൂ, ബിന്ദു സുനില്‍, പ്രീത ഷാജി, കെ കെ വേലായുധന്‍, വി കെ പ്രവിത, ജമീല മജീദ്, പി ജെ മാനുവല്‍ സംസാരിച്ചു.  ആധാരങ്ങള്‍ ഈടുവെപ്പിച്ച് ചിട്ടി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഒമ്പതു വര്‍ഷം പിന്നിട്ടിട്ടും നടപടിയാവാത്തതില്‍ പ്രതിഷേധിച്ചാണ് സമരം ശക്തമാക്കിയത്.
മതിലകം, മൂന്നുപീടിക, കയ്പമംഗലം പ്രദേശത്ത് “15 ദിവസത്തിനകം ലോണ്‍ എടുത്തുകൊടുക്കുമെന്ന്’ പരസ്യബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചാണ് നിരവധി കുടുംബളുടെ കിടപ്പാടത്തിന്റെ ആധാരങ്ങള്‍ ഈടുവെപ്പിച്ചത്. ചളിങ്ങാട്ട് മായിന്‍കുട്ടി സുലൈമാനും അഞ്ചോളം ചിട്ടി കമ്പനികളും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. ഒന്നും, രണ്ടും ലക്ഷം രൂപ തട്ടിപ്പിനിരയായ കുടുംബങ്ങള്‍ക്ക് നല്‍കി പത്തും, പതിനെട്ടും ലക്ഷം രൂപ വരെയുള്ള ഭീമമായ സംഖ്യകളാണ് ചിട്ടി സംഖ്യയായി സുലൈമാനെ മുന്‍നിറുത്തി ചിട്ടി മാഫിയ തട്ടിയെടുത്തത്.
വരിക്കാര്‍ തികയാത്ത ചിട്ടികളില്‍ സുലൈമാന്റെ പേരെഴുതി ചേര്‍ത്ത് ചിട്ടി വിളിച്ചെടുത്തതായി രേഖകളുണ്ടാക്കുകയായിരുന്നു. വായ്പയെടുത്തവരുടെ വസ്തു ഈടായി വാങ്ങി അവര്‍ക്ക് തുച്ഛമായ സംഖ്യ നല്‍കി ഭീമമായ തുകകള്‍ പങ്കുവെച്ചെടുക്കുന്ന വന്‍ തട്ടിപ്പാണ് അരങ്ങേറിയത്. എന്നാല്‍ ഇപ്പോള്‍ തട്ടിച്ചെടുത്ത ആധാരങ്ങള്‍ ചിട്ടികമ്പനികള്‍ തിരിച്ചു നല്‍കുന്നില്ലെന്നു മാത്രമല്ല, തുച്ഛമായ തുക നല്‍കി കബളിപ്പിച്ച് വസ്തുവിന്റെ ഈടിലെടുത്ത ഭീമമായ കടബാധ്യതയുടെ പേരില്‍ ചിട്ടികമ്പനികള്‍ വ്യവഹാരങ്ങള്‍ നല്‍കി വസ്തു ജപ്തി ചെയ്യാനുള്ള നീക്കത്തിലാണ്. തട്ടിപ്പിന്നിരയായ ആളുകള്‍ തന്നെ ഒളിവിലിരുന്ന സുലൈമാനെ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചിട്ടും ചിട്ടി കമ്പനികളെ പ്രതികളാക്കാതെ ദുര്‍ബലമായ ചാര്‍ജ്ജാണ് പോലിസ് കോടതിയില്‍ കൊടുത്തിട്ടുള്ളത്. പെനിന്‍സുലാര്‍, ന്യൂ ട്രിച്ചൂര്‍, ഠാണ, സബ്‌സ്‌ക്രൈബര്‍, നമ്പര്‍ വണ്‍ എന്നീ ചിട്ടികമ്പനികളാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ചതിവില്‍ പെട്ടവരുടെ കേസുകള്‍ പ്രത്യേകം എടുക്കാതെ ഒറ്റ എഫ്‌ഐആറില്‍ കേസ് ഒതുക്കുകയാണ് പോലിസ് ചെയ്തത്. ചിട്ടികമ്പനികള്‍ പിടിച്ചു വെച്ചിട്ടുള്ള നിര്‍ധന കുടുംബങ്ങളുടെ ആധാരങ്ങള്‍ തിരികെ കൊടുക്കണമെന്നും കടബാധ്യതയില്‍ നിന്നും ഒഴിവാക്കി സിവില്‍ കേസുകള്‍ പിന്‍വലിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it