Flash News

സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമ ; എണ്ണക്കമ്പനികളോട് കേന്ദ്രം 200 കോടി ആവശ്യപ്പെട്ടത് വിവാദത്തില്‍



ന്യൂഡല്‍ഹി: ഗുജറാത്തില്‍ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമ സ്ഥാപിക്കുന്നതിന് 200 കോടി നല്‍കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത് വിവാദത്തില്‍. കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. നര്‍മദാ ജില്ലയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടില്‍ നിന്ന് 3.5 കിലോമീറ്റര്‍ ദൂരെ സാധുബേത് ദ്വീപിലാണ് 182 മീറ്റര്‍ ഉയരമുള്ള പ്രതിമ സ്ഥാപിക്കുന്നത്. ഇതിനായി ഓയില്‍ ആന്റ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എന്നിവരോട് അവരുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടില്‍ നിന്ന് 50 കോടി വീതവും മറ്റു കമ്പനികളോട് 25 കോടി വീതവും നല്‍കാനാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ഓയില്‍ ഇന്ത്യ ലിമിറ്റഡ്, ഗെയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികള്‍ 25 കോടി നല്‍കാമെന്ന് സമ്മതിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എല്ലാം കൂടി ചേരുമ്പോള്‍ അത് 200 കോടിയാവും. ഇതോടെ 2017-18 സാമ്പത്തികവര്‍ഷം പ്രതിമയ്ക്കായി വകയിരുത്തിയ ആകെ തുകയായ 1,040 കോടിയുടെ അഞ്ചിലൊന്നാവുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍, പെട്രോളിയം മന്ത്രാലയം ഇതിനോട് പ്രതികരിച്ചിട്ടില്ല. സാമൂഹിക പ്രതിബദ്ധതാ ഫണ്ട് ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ക്ക് നല്‍കാന്‍പാടില്ലെന്നും വിദ്യാഭ്യാസം, ആരോഗ്യം, ആദിവാസികള്‍ക്കിടയിലെ ശൂചീകരണപദ്ധതികള്‍, ചരിത്രസ്മാരകങ്ങള്‍ സംരക്ഷിക്കല്‍, കല-സംസ്‌കാരം തുടങ്ങിയവയ്ക്കാണ് നല്‍കാന്‍ അനുമതിയുള്ളതെന്നും ഓയില്‍ ആന്റ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 33 ശതമാനം ഫണ്ട് സ്വച്ഛ്ഭാരത് പദ്ധതിക്കുവേണ്ടി നല്‍കിയി      ട്ടുണ്ട്. ഗുജറാത്തിലെ 14 പൊതുമേഖലാ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് 104.88 കോടി രൂപ പദ്ധതി—ക്കായി നല്‍കുന്നത്. ഗുജറാത്ത് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ 17 കോടിയും ഗുജറാത്ത് സ്‌റ്റേറ്റ് ഫിനാന്‍ഷ്യല്‍ സര്‍വീസ് 15.88 കോടിയും ഗുജറാത്ത് മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ 15 കോടിയും ഗുജറാത്ത് സ്‌റ്റേറ്റ് ഫെര്‍ട്ടിലൈസര്‍ ആന്റ് കെമിക്കല്‍സ് ലിമിറ്റഡും സര്‍ദാര്‍ സരോവര്‍ നര്‍മദാ നിഗം ലിമിറ്റഡും 10 കോടി വീതവും നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it