Flash News

സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവച്ചു ; കെഎംസിടി കോളജില്‍ സംഘര്‍ഷം



മുക്കം: കോഴ്‌സ് പൂര്‍ത്തിയാക്കാതെ പഠനം നിര്‍ത്തിയ വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവച്ച നടപടിക്കെതിരേ നടന്ന പ്രതിഷേധം കള്ളന്‍തോട് കെഎംസിടി എന്‍ജിനീയറിങ് കോളജില്‍ സംഘര്‍ഷത്തിലും ആത്മഹത്യാ ശ്രമത്തിലും കലാശിച്ചു. 2016-17 വിദ്യാഭ്യാസ വര്‍ഷം പ്രവേശനം നേടിയ ബിടെക് വിദ്യാര്‍ഥികളുടെ സമരത്തിനിടെയാണ് ഇന്നലെ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.50ഓളം വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് സര്‍ട്ടിഫിക്കറ്റ് വേണമെന്നാവശ്യപ്പെട്ട് രാവിലെ പതിനൊന്ന് മണിയോടെ കോളജിലെത്തിയത്. എന്നാല്‍, കോഴ്‌സ് പൂര്‍ത്തീകരിക്കുകയോ ഫീസ് പൂര്‍ണമായി നല്‍കുകയോ ചെയ്യാതെ സര്‍ട്ടിഫിക്കറ്റ് തരില്ലെന്ന വാദത്തില്‍ കോളജധികൃതര്‍ ഉറച്ചു നിന്നു. ഇതോടെ രക്ഷിതാക്കളും വിദ്യാര്‍ഥികളും പ്രിന്‍സിപ്പലിനെ ഉപരോധിക്കുകയായിരുന്നു. ഇവര്‍ക്ക് പിന്തുണയുമായി എസ്എഫ്‌ഐ, കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമെത്തിയതോടെ കോളജില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഇതിനിടെ മൂന്ന് വിദ്യാര്‍ഥികള്‍ പെട്രോളുമായി പ്രിന്‍സിപ്പലിന്റെ മുറിയില്‍ കയറി. സര്‍ട്ടിഫിക്കറ്റ് തന്നില്ലെങ്കില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി. തര്‍ക്കത്തിനിടെ പെട്രോള്‍ തുളുമ്പി പ്രിന്‍സിപ്പലിന്റെയും ഏതാനും വിദ്യാര്‍ഥികളുടേയും മേല്‍ തെറിച്ചതോടെ രംഗം കൂടുതല്‍ വഷളായി. തുടര്‍ന്ന് താമരശ്ശേരി ഡിവൈഎസ്പി അഷ്‌റഫ്, കൊടുവള്ളി സിഐ ബിശ്വാസ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘവും ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് സര്‍വീസുകളും സ്ഥലത്തെത്തി. പോലിസ് ഇരുവിഭാഗവുമായി സംസാരിച്ച് 22ാം തിയ്യതി സര്‍ട്ടിഫിക്കറ്റ് തിരിച്ചു ലഭിക്കാനാവശ്യമായ നടപടികളുണ്ടാവുമെന്ന് അറിയിച്ചതോടെയാണ് പ്രതിഷേധമടങ്ങിയത്.
Next Story

RELATED STORIES

Share it