thrissur local

സര്‍ഗോല്‍സവം കാണാന്‍ അവസരമില്ല; മേളയുടെ കവാടം പൊളിച്ചുനീക്കി

ഗുരുവായൂര്‍: എല്‍ഡിഎഫ് ഭരിക്കുന്ന നഗരസഭ സംഘടിപ്പിച്ച നിശാഗന്ധി സര്‍ഗോല്‍സവത്തിന്റെ കവാടം പൊളിച്ചു നീക്കി. സ്വകാര്യ സ്ഥാപനം ടെന്‍ഡര്‍ എടുത്ത് നടത്തുന്ന പുഷ്‌പോല്‍സവത്തിന്റെ ടിക്കറ്റെടുത്താലേ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പിരിവെടുത്ത് നഗരസഭ സംഘടിപ്പിച്ചിട്ടുള്ള സര്‍ഗോല്‍സവത്തിലെ കലാപരിപാടികള്‍ കാണാന്‍ കഴിയൂ എന്ന സ്ഥിതിയില്‍ പ്രതിഷേധിച്ചാണ് ഗേറ്റ് പൊളിച്ചു നീക്കിയത്. ശനിയാഴ്ച രാത്രിയാണ് സംഭവങ്ങള്‍ നടന്നത്.
ക്ഷേത്രോല്‍സവത്തിന്റെ ഭാഗമായാണ് നഗരസഭ പുഷ്‌പോല്‍സവവും സര്‍ഗോല്‍സവവും സംഘടിപ്പിച്ചിട്ടുള്ളത്. പുഷ്‌പോല്‍സവം ഒരു സ്വകാര്യ സ്ഥാപനം ടെന്‍ഡര്‍ എടുത്തിരിക്കുകയാണ്. പുഷ്‌പോല്‍സവം നടക്കുന്ന മൈതാനത്തില്‍ തന്നെയുള്ള സായാഹ്നങ്ങളിലെ കലാഅവതരണ പരിപാടിയായ സര്‍ഗോല്‍സ—വം നഗരസഭ നേരിട്ടാണ് സംഘടിപ്പിക്കുന്നത്. ഇതിന് സ്‌പോണ്‍സര്‍ഷിപ്പെന്ന പേരില്‍ സ്ഥാപനങ്ങളില്‍ നിന്നും നഗരസഭയുമായി ബന്ധപ്പെടുന്ന കരാറുകാരില്‍ നിന്നുമെല്ലാം വന്‍തോതില്‍ പിരിവ് നടക്കുന്നുണ്ട്.
എന്നാല്‍ പുഷ്‌പോല്‍സവം കാണുന്നവര്‍ക്ക് മാത്രം സര്‍ഗോല്‍സവം കാണാനാവുന്ന വിധത്തിലാണ് പ്രവേശനം ക്രമീകരിച്ചിട്ടുള്ളത്. സര്‍ഗോല്‍സവം നടക്കുന്ന ഭാഗത്ത് കവാടമുണ്ടെങ്കിലും അത് തുറക്കാറില്ല. ഇതിനെതിരെ രണ്ട് ദിവസം മുമ്പ് പ്രതിഷേധക്കാര്‍ നഗരസഭയെ സമീപിച്ചിരുന്നു. സര്‍ഗോല്‍സ—വം സൗജന്യമാക്കാമെന്ന് സമ്മതിച്ചെങ്കിലും അത് നടപ്പാക്കിയില്ല. ശനിയാഴ്ച രാത്രി കലാപരിപാടികള്‍ നടക്കുമ്പോള്‍ സര്‍ഗോല്‍സവ വേദിക്ക് സമീപമുള്ള ഗേറ്റിലൂടെ കടക്കാനെത്തിയവരെ തടഞ്ഞു. ഇതേ തുടര്‍ന്നാണ് നാട്ടുകാര്‍ കവാടം പൊളിച്ചു നീക്കിയത്. നഗരസഭയുടെ പേരില്‍ പിരിവെടുത്ത് നടത്തുന്ന കലാവിരുന്ന് ആസ്വദിക്കാന്‍ പുഷ്‌പോല്‍സവത്തിന്റെ ടിക്കറ്റെടുക്കണമെന്ന നിബന്ധന അംഗീകരിക്കാനാവില്ലെന്നാണ് കവാടം പൊളിച്ചു നീക്കിയവര്‍ പറഞ്ഞു.
നഗരസഭ കൗണ്‍സിലര്‍മാരും അംഗീകരിച്ച കാര്യങ്ങള്‍ ചില 'നടത്തിപ്പുകാര്‍' അട്ടിമറിച്ചതാണ് പ്രശ്‌നത്തിന് കാരണമെന്നും ആരോപിച്ചു. സര്‍ഗോല്‍സവത്തിനായി നഗരസഭ സംഘാടക സമിതി രൂപീകരിച്ചെങ്കിലും അതിന്റെ യോഗം ഒരു തവണ പോലും ചേര്‍ന്നില്ല. ചില ഇവന്റ്മാനേജ്‌മെന്റുകാരും ഇത്തവണ സര്‍ഗോല്‍സവ നടത്തിപ്പില്‍ നുഴഞ്ഞുകയറിയിരുന്നു.
Next Story

RELATED STORIES

Share it