malappuram local

സര്‍ഗസംഗമം; തീക്ഷ്ണാനുഭവങ്ങള്‍ പങ്കുവച്ച് എഴുത്തുകാരികള്‍

തിരൂര്‍: സര്‍ഗശക്തിയാല്‍ പ്രതിബന്ധങ്ങളെ അതിജീവിച്ച് എഴുത്തുകാരികളായി മാറിയതിന്റെ അനുഭവങ്ങള്‍ പങ്കുവച്ച് സര്‍ഗസംഗമ വേദി പുതിയ അനുഭവമായി.
തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ ദക്ഷിണേന്ത്യന്‍ എഴുത്തുകാരികളുടെ സംഗമത്തിലെ രണ്ടാം ദിവസം തമിഴ്, കന്നട, മലയാള സാഹിത്യരംഗത്തെ ഒന്‍പത് പേരാണ് സ്ത്രീ എന്ന നിലയിലുള്ള പരിമിതികള്‍ അതിജീവിച്ച് മുഖ്യധാരാ എഴുത്തുകാരായി മാറിയതിന്റെ ആത്മാനുഭവങ്ങള്‍ തുറന്നിട്ടത്. സംഗമം ഇന്ന് സമാപിക്കും. ജീവിതത്തിലും സാഹിത്യത്തിലും സ്ത്രീയെ സമൂഹം നിശബ്ദയാക്കുകയാണെന്ന് ആദ്യ സെഷനില്‍ ഉദ്ഘാടനം നിര്‍വഹിച്ച പ്രസിദ്ധ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ചന്ദ്രമതി പറഞ്ഞു.
സമൂഹത്തിന്റെ എതിര്‍പ്പുകളെ കളിയാക്കിക്കൊണ്ടാണ് എഴുത്തുകാരയായെതെന്നും സര്‍ഗാത്മകതയുടെ അദൃശ്യകരങ്ങള്‍ ഉള്ളിടത്തോളം കാലം എഴുത്തുകാരിയായി തുടരുമെന്നും അവര്‍ പറഞ്ഞു.
പുറത്തേക്ക് മനസാ യാത്രചെയ്യാനുള്ള സ്വാതന്ത്ര്യവുമായിട്ടാണ് എഴുത്തിനെ കണ്ടിരുന്നതെന്ന് സാഹിത്യകാരിയും ആക്ടിവിസ്റ്റുമായ പ്രഫ. പി ഗീത പറഞ്ഞു. ഇന്നും ആത്മവിശ്വാസമില്ലാത്ത എഴുത്തുകാരിയാണ് താനെന്ന് ഡോ. ഖദീജ മുംതാസ് അഭിപ്രയാപ്പെട്ടു. കന്നട എഴുത്തുകാരി ഡോ. എല്‍ ജി മീര, യുവകവയിത്രി ബിന്ദുകൃഷ്ണന്‍, കന്നട എഴുത്തുകാരി ഡോ. എച്ച് എസ് അനുപമ, തമിഴ് എഴുത്തുകാരികളായ കെ വി ഷൈലജ, ഡോ. ടി വിജയലക്ഷ്മി, ഡോ. ജയന്തശ്രീ ബാലകൃഷ്ണന്‍ എന്നിവരും എഴുത്തിലെ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു.
വിവിധ സെഷനുകളില്‍ ഡോ. രോഷ്‌നി സ്വപ്‌ന, കെ എസ് രാഗിണി, ഡോ. ജി സജിന, ഡോ സ്മിത കെ നായര്‍ എന്നിവര്‍ മോഡറേറ്റര്‍മാരായി. തുടര്‍ന്ന് പ്രസിദ്ധ നര്‍ത്തകി പല്ലവി കൃഷ്ണന്റെ നൃത്തപരിപാടി അരങ്ങേറി.
Next Story

RELATED STORIES

Share it