kozhikode local

സര്‍ഗവിസ്മയം തീര്‍ത്ത് സര്‍ഗാലയ മേള സമാപിച്ചു

പയ്യോളി: ദൃശ്യവിരുന്നൊരുക്കി ഇരിങ്ങല്‍ സര്‍ഗാലയയില്‍ നടന്ന അന്താരാഷ്ട്ര കരകൗശല മേള സമാപിച്ചു. ഒന്നര ലക്ഷത്തോളം ആളുകള്‍ സന്ദര്‍ശകരായി ക്രാഫ്റ്റ് വില്ലേജില്‍ എത്തി. ദക്ഷിണ ഇന്ത്യയില്‍ ഏറ്റവും വലിയ കരകൗശലമേളയെന്ന നേട്ടമാണ് ഇതിലൂടെ സര്‍ഗാലയ കൈവരിച്ചത്.
കേരളീയ പൈതൃകം വിളിച്ചോതുന്ന ഓലമേഞ്ഞ കുടിലുകളിലാണ് കരകൗശല മേള ഒരുക്കിയിരുന്നത്. 232 സ്റ്റാളുകളിലായാണ് കരകൗശല വസ്തുക്കള്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ സര്‍ഗാലയയിലെ സ്ഥിരം സ്റ്റാളുകളും മേളയിലുണ്ടായിരുന്നു. വിദേശികളുള്‍പ്പടെ നാടിന്റെ നാനാഭാഗത്തു നിന്നു നിരവധി പേരാണ് മേളയ്ക്ക് എത്തിയത്.
കേരളത്തിലെ കരകൗശല വിദഗ്ധര്‍ക്കു പുറമെ ഡല്‍ഹി, മഹാരാഷ്ട്ര ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍, ഒഡീഷ, ജമ്മുകശ്മീര്‍, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട്, ഛത്തിസ്ഗഡ്, ഹരിയാന, രാജസ്ഥാന്‍, പുതുച്ചേരി, പഞ്ചാബ്, ഗുജറാത്ത്, മധ്യപ്രദേശ്, അസം, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ ഗോത്രകലാകാരന്മാരും മേളയില്‍ പങ്കെടുത്തു. അമ്യൂസ്‌മെന്റ് റൈഡുകള്‍, ബോട്ടിങ്, ഭക്ഷ്യമേള എന്നിവയും മേളയ്ക്കു മാറ്റ് കൂട്ടി. ഒരു കോടി രൂപയോളം വിപണനം നടന്നതായി കണക്കാക്കുന്നു. സമാപന പരിപാടി കെ ദാസന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പയ്യോളി ചെയര്‍പേഴ്‌സന്‍ അഡ്വ. പി കുല്‍സു അധ്യക്ഷതവഹിച്ചു. പി പി ഭാസ്‌കരന്‍, മഠത്തില്‍ നാണു, മനയത്ത് ചന്ദ്രന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it