Districts

സര്‍ക്കാര്‍ V/s ജേക്കബ് തോമസ്

തിരുവനന്തപുരം: സര്‍ക്കാര്‍ നിലപാടിനെ പരസ്യമായി വിമര്‍ശിച്ചതിന്റെ പേരില്‍ ചീഫ് സെക്രട്ടറി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനു മറുചോദ്യവുമായി ഡിജിപി ജേക്കബ് തോമസ്. അച്ചടക്കലംഘനത്തിന് തനിക്കു നോട്ടീസ് അയച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നും തനിക്കെതിരേ തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് ജേക്കബ് തോമസ് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.
ഇതോടെ സര്‍ക്കാരും ജേക്കബ് തോമസും തമ്മിലുള്ള പോര് മൂര്‍ച്ഛിച്ചിരിക്കുകയാണ്. താന്‍ ചെയ്ത തെറ്റെന്താണെന്നും അച്ചടക്ക നടപടി സ്വീകരിക്കാന്‍ തക്ക കുറ്റം വല്ലതും ചെയ്തിട്ടുണ്ടോയെന്നുമാണ് കത്തില്‍ ജേക്കബ് തോമസ് ചോദിക്കുന്നത്. എന്നാല്‍, ഈ ഘട്ടത്തില്‍ തെളിവ് നല്‍കാനുള്ള ബാധ്യത സര്‍ക്കാരിന് ഇല്ലെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ മറുപടി. ആദ്യം നോട്ടീസിനു മറുപടി നല്‍കുകയാണ് ജേക്കബ് തോമസ് ചെയ്യേണ്ടത്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വിശദീകരണം ചോദിച്ചുള്ള നോട്ടീസ് മാത്രമാണ് നല്‍കിയത്. ഇത് പ്രാഥമിക നടപടി മാത്രമാണ്. വിശദീകരണം ലഭിച്ച ശേഷം തൃപ്തികരമല്ലെങ്കില്‍ സര്‍ക്കാര്‍ അന്വേഷണസമിതി രൂപീകരിച്ച് നടപടികളുമായി മുന്നോട്ടുപോവും. ആ ഘട്ടത്തില്‍ മാത്രമേ ജേക്കബ് തോമസിനെതിരായ തെളിവ് ഹാജരാക്കേണ്ട കാര്യമുള്ളൂവെന്നും ചീഫ് സെക്രട്ടറിയുടെ മറുപടിക്കത്തില്‍ പറയുന്നു.
രണ്ടു തവണയാണ് ചീഫ് സെക്രട്ടറി ഡോ. ജേക്കബ് തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്തുനിന്ന് പോലിസ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എംഡിയായി നിയമിച്ചതിനെതിരായ ജേക്കബ് തോമസിന്റെ പരസ്യവിമര്‍ശനത്തിനാണ് കഴിഞ്ഞ മാസം 21ന് ആദ്യ നോട്ടീസ് അയച്ചത്. 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നായിരുന്നു നിര്‍ദേശം. ഇത് ജേക്കബ് തോമസ് കൈപ്പറ്റിയില്ല.
ബാര്‍ കോഴക്കേസിലെ വിജിലന്‍സ് കോടതിവിധിയുമായി ബന്ധപ്പെട്ട് ജേക്കബ് തോമസ് വീണ്ടും മാധ്യമങ്ങളിലൂടെ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് തിങ്കളാഴ്ച പുതിയൊരു നോട്ടീസ് കൂടി നല്‍കിയത്. കോടതിവിധിയോടെ സത്യം തെളിഞ്ഞെന്നായിരുന്നു ജേക്കബ് തോമസിന്റെ പരസ്യപ്രതികരണം. ഇതിനുള്ള വിശദീകരണം നല്‍കേണ്ടതിനു പകരം അച്ചടക്ക നടപടിയെ ചോദ്യംചെയ്ത് ജേക്കബ് തോമസ് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയതാണ് വീണ്ടും വിവാദമായിരിക്കുന്നത്.
തന്റെ പദവിയിലുള്ള മറ്റുള്ളവരോട് കാട്ടാത്ത വിവേചനമാണ് സര്‍ക്കാര്‍ തന്നോട് കാട്ടുന്നതെന്ന നിലപാടിലാണ് ജേക്കബ് തോമസ്. മന്ത്രിസഭാ തീരുമാനപ്രകാരമാണ് ജേക്കബ് തോമസിനോട് ചീഫ് സെക്രട്ടറി വിശദീകരണം തേടിയത്. വിവാദ പ്രസ്താവനകള്‍ എന്ത് അടിസ്ഥാനത്തിലാണ് നടത്തിയതെന്നു വ്യക്തമാക്കണമെന്നാണ് ചീഫ് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മറുപടി തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയെയാണ് മന്ത്രിസഭ ചുമതലപ്പെടുത്തിയത്.
Next Story

RELATED STORIES

Share it