wayanad local

സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഇരട്ടത്താപ്പ് കാണിച്ചെന്ന് രേഖകള്‍

കല്‍പ്പറ്റ: വില കൊടുത്തുവാങ്ങിയ 12 ഏക്കര്‍ ഏക്കര്‍ ഭൂമി വനംവകുപ്പ് അന്യായമായി പിടിച്ചെടുത്തതിനെതിരേ കാഞ്ഞിരത്തിനാല്‍ കുടുംബം ഹെക്കോടതിയില്‍ നല്‍കിയ കേസില്‍ നിലപാട് വ്യക്തമാക്കാതെ സര്‍ക്കാര്‍ ഉരുണ്ടുകളിച്ചുവെന്നു രേഖകള്‍. സംസ്ഥാന സര്‍ക്കാരിനെ എതിര്‍കക്ഷിയാക്കി മുന്‍ കേന്ദ്ര നിയമസഹമന്ത്രി പി സി തോമസ് മുഖേന കാഞ്ഞിരത്തിനാല്‍ ജോസ് നല്‍കിയ റിവ്യൂ പെറ്റീഷനിലാണ് സര്‍ക്കാരിന്റെ ഈ നിലപാട്.
അതേസമയം, വയനാട്ടിലെ എംഎല്‍എ അടക്കമുള്ള സിപിഎം നേതാക്കള്‍ പ്രചരിപ്പിച്ചതാവട്ടെ, കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് അനുകൂലമായ നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചുവെന്നാണ്. വനംവകുപ്പിന്റെ നടപടിയെ തുടര്‍ന്ന് 40 വര്‍ഷത്തോളമായി നരകയാതന അനുഭവിക്കുന്ന കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി വിഷയത്തില്‍ സര്‍ക്കാരും ഭരണകക്ഷി ജനപ്രതിനിധികളും സ്വീകരിച്ച ഇരട്ടത്താപ്പ് വിവാദമായിട്ടുണ്ട്. ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ടായിരുന്ന സമയത്ത് സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാട് അറിയിച്ചിരുന്നുവെങ്കില്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നീതി ലഭിക്കുമായിരുന്നു. സര്‍ക്കാര്‍ അന്തിമ നിലപാട്  വ്യക്തമാക്കാത്തതിനാല്‍ ഹൈക്കോടതി കേസില്‍ തീരുമാനമെടുക്കാതെ വേണമെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കാവുന്നതാണെന്നു നിരീക്ഷിക്കുകയായിരുന്നു. ഇതനുസരിച്ചാണ് പി സി തോമസ് സുപ്രിംകോടതിയെ സമീപിച്ചത്. 2017 ജൂലൈ 26ന് അഡീഷനല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാന്‍ വിവിധ വകുപ്പ് തലവന്‍മാര്‍ക്ക് അയച്ച കത്തിലാണ് വനം-റവന്യൂ വകുപ്പുകളുടെ നിരുത്തരവാദപരമായ സമീപനം എടുത്തുപറയുന്നത്. എന്നാല്‍, രഞ്ജിത്ത് തമ്പാന്‍ സര്‍ക്കാരിന്റെ അനുകൂല നിലപാട് ഹൈക്കോടതിയെ അറിയിച്ചുവെന്നാണ് 2017 ജൂലൈയില്‍ തന്നെ ജില്ലയിലെ സിപിഎം നേതാക്കള്‍ പ്രചരിപ്പിച്ചത്. യാഥാര്‍ഥ്യവുമായി പുലബന്ധമില്ലാത്ത പ്രചാരണവും പ്രസ്താവനകളുമാണ് എംഎല്‍എ അടക്കമുള്ളവര്‍ നടത്തിയതെന്നു രഞ്ജിത്ത് തമ്പാന്റെ കത്ത് വ്യക്തമാക്കുന്നു. കാഞ്ഞിരത്തിനാല്‍ ഭൂമി വിഷയത്തില്‍ സര്‍ക്കാരിനെതിരേ ശക്തമായ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഉന്നതാധികാര സമിതി യോഗം ചേര്‍ന്നിരുന്നു.
കാഞ്ഞിരത്തിനാല്‍ ഭൂമി സംബന്ധിച്ച് വനം-റവന്യൂ വകുപ്പുകള്‍ നിലപാട് അറിയിക്കണമെന്നാണ് ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനമെടുത്തത്. രണ്ടു വകുപ്പുകളുടെയും നിലപാടുകളും അവര്‍ നല്‍കുന്ന റിപോര്‍ട്ടും ലോ സെക്രട്ടറി പരിശോധിക്കും. ലോ സെക്രട്ടറിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറി ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എന്തുനിലപാട് സ്വീകരിക്കണമെന്നു തീരുമാനിക്കും. ഇതു കോടതിയെ അറിയിക്കും. ഇതായിരുന്നു യോഗതീരുമാനത്തിന്റെ കാതല്‍.
എന്നാല്‍, ഹൈക്കോടതിയിലെ കേസില്‍ അന്തിമ വിചാരണ ആവാറായിട്ടും ഉന്നതാധികാര സമിതി തീരുമാനങ്ങള്‍ ഇതുവരെ വനം-റവന്യൂ വകുപ്പുകള്‍ പാലിച്ചിട്ടില്ലെന്നാണ് ജൂലൈ 27ലെ കത്തില്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാന്‍ പറയുന്നത്. രണ്ടു വകുപ്പുകളില്‍ നിന്നുള്ള റിപോര്‍ട്ടുകള്‍ കിട്ടിയാല്‍ മാത്രമേ ചീഫ് സെക്രട്ടറിക്ക് തീരുമാനമെടുത്ത് കോടതിയെ അറിയിക്കാന്‍ കഴിയുകയുള്ളൂവെന്ന കാര്യം നിരന്തരം ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചിട്ടും അവര്‍ പ്രതികരിച്ചില്ലെന്നു കത്തില്‍ കുറ്റപ്പെടുത്തുന്നു.
Next Story

RELATED STORIES

Share it