Districts

സര്‍ക്കാര്‍ സ്‌കൂളുകളെ അവഗണിക്കുന്നതായി മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കണമെന്നു പറയുന്ന സര്‍ക്കാര്‍ തന്നെ അത്തരം സ്‌കൂളുകളെ അവഗണിക്കുന്നതു തെറ്റാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍. പൊട്ടിപ്പൊളിഞ്ഞ മേല്‍ക്കൂരയ്ക്കു കീഴിലിരുന്ന് പഠിക്കാന്‍ കുട്ടികളും അത്തരം സ്‌കൂളുകളിലേക്ക് കുട്ടികളെ പറഞ്ഞുവിടാന്‍ രക്ഷകര്‍ത്താക്കളും തയ്യാറാവില്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. ഇത്തരം സ്‌കൂളുകള്‍ കുട്ടികളുടെയും അധ്യാപകരുടെയും ജീവനു ഭീഷണിയാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
108 വര്‍ഷം പഴക്കമുള്ള ചിറയിന്‍കീഴ് പടനിലം ഗവ. എല്‍പി സ്‌കൂളിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ രാജേന്ദ്രക്കുറുപ്പു സമര്‍പ്പിച്ച ഹരജിയിലാണ് കമ്മീഷന്റെ നിരീക്ഷണം. അധികൃതരില്‍ നിന്ന് കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു. 4 ക്ലാസ് മുറികളും പ്രധാനാധ്യാപികയുടെ ഒരു മുറിയുമുള്ള ഒരു ഓടിട്ട കെട്ടിടമാണ് സ്‌കൂളിനു സ്വന്തമായുള്ളത്.
58 കുട്ടികള്‍ പഠിക്കുന്നു. പാചകപ്പുര പൊട്ടിപ്പൊളിഞ്ഞു. മഴ പെയ്താല്‍ ചോരുന്ന കെട്ടിടത്തിലാണ് ക്ലാസുകള്‍ നടത്തുന്നത്. അധ്യാപകര്‍ക്കും കുട്ടികള്‍ക്കും അപകടഭീഷണിയില്ലാതെ പഠിപ്പിക്കാനും പഠിക്കാനുമുള്ള സൗകര്യം സര്‍ക്കാര്‍ ചെയ്തുകൊടുക്കണമെന്ന് ജസ്റ്റിസ് ജെ ബി കോശി ഉത്തരവില്‍ പറഞ്ഞു. പട്ടികജാതി, പട്ടികവര്‍ഗ വകുപ്പിന് സ്‌കൂളിന്റെ ഭൗതികസാഹചര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായം നല്‍കാന്‍ കഴിയുമോ എന്ന് ആലോചിക്കണം.
ജനുവരി 4ന് തിരുവനന്തപുരം കമ്മീഷന്‍ ഓഫിസില്‍ നടക്കുന്ന സിറ്റിങില്‍ ശോച്യാവസ്ഥ പരിഹരിക്കാന്‍ ചിറയിന്‍കീഴ് ഗ്രാമപ്പഞ്ചായത്തിനു ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് സെക്രട്ടറി വിശദീകരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ജില്ലാ കലക്ടറും സര്‍വശിക്ഷാ അഭിയാനും വിശദീകരണങ്ങള്‍ സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it