kannur local

സര്‍ക്കാര്‍-സ്വകാര്യ ഡോക്ടര്‍മാര്‍ ഇന്നു പണിമുടക്കും

കണ്ണൂര്‍: മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് പകരം നാഷനല്‍ മെഡിക്കല്‍ കമ്മീഷന്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ബില്ലിനെതിരേ ഐഎംഎയുടെ കീഴില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി യും ക്ലിനിക്കുകളും നിര്‍ത്തിവയ്ക്കും. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ സ്വകാര്യ ആശുപത്രികളിലും സ്വകാര്യ ക്ലിനിക്കുകളിലും ഒപി പൂര്‍ണമായും നിര്‍ത്തിവയ്ക്കും. രാവിലെ 9 മുതല്‍ 10 വരെ ഒപി ബഹിഷ്‌കരിച്ചും ഡ്യൂട്ടി കഴിഞ്ഞുള്ള സ്വകാര്യ പ്രാക്റ്റീസ് നിര്‍ത്തിവച്ചും സര്‍ക്കാര്‍ ഡോക്ടര്‍മാരും സമരത്തില്‍ പങ്കെടുക്കും. എന്നാല്‍ എല്ലാ ആശുപത്രികളിലും അത്യാഹിത വിഭാഗം തുറന്നുപ്രവര്‍ത്തിക്കും. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്ന മെഡിക്കല്‍ കൗണ്‍സിലിലെ അഴിമതിക്കും പിടിപ്പുകേടിനും അറുതിവരുത്തി സുതാര്യമായ സംവിധാനമെന്ന ലക്ഷ്യത്തോടെയാണ് ബില്‍ കൊണ്ടുവരുന്നതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. ഭേദഗതികളോടെ മന്ത്രിതല സമിതി അംഗീകാരം നല്‍കിയ ബില്‍ ആരോഗ്യ മന്ത്രാലയവും കേന്ദ്ര മന്ത്രിസഭയും തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. നാഷനല്‍ മെഡിക്കല്‍ കമ്മീഷനു കീഴില്‍ സ്വയം ഭരണാധികാരമുള്ള നാലു ബോര്‍ഡുകള്‍ ഉണ്ടാവും. മെഡിക്കല്‍ ബിരുദം, ബിരുദാനന്തര കോഴ്‌സുകളുടെ നടത്തിപ്പ്, മെഡിക്കല്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തി റേറ്റ് ചെയ്യല്‍, ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍, മെഡിക്കല്‍ സദാചാര ചട്ടങ്ങള്‍ നടപ്പാക്കല്‍ എന്നീ ചുമതലകളാണ് ഈ ബോര്‍ഡുകള്‍ക്ക് നല്‍കുക. എന്നാല്‍, ഹോമിയോ, ആയുര്‍വേദം, യൂനാനി ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ അടക്കമുള്ള ചികില്‍സകള്‍ക്ക് അനുവാദം നല്‍കാനുള്ള തീരുമാനം ബില്ലില്‍ ഉള്‍പ്പെടുത്തിയതായി ഐഎംഎ ആരോപിക്കുന്നു. ഈ തീരുമാനം പൊതുജനാരോഗ്യത്തിന് അപകടംവരുത്തുമെന്ന് ഐഎംഎ ഇരിട്ടി ബ്രാഞ്ച് പ്രസിഡന്റ് ഡോ. ഇ കെ സൈനുദ്ദീന്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ക്കുള്ള പ്രാതിനിധ്യം കുറച്ച് പൊതുജനാരോഗ്യവുമായി ബന്ധവുമില്ലാത്തവരെ സര്‍ക്കാര്‍ തിരുകിക്കയറ്റാന്‍ ഇടയാക്കും. പ്രതിഷേധ സമരത്തില്‍ ഇരിട്ടി മേഖലയിലെ ഡോക്ടര്‍മാരും സജീവമായി പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it