wayanad local

സര്‍ക്കാര്‍ സഹായം വൈകിയാല്‍ വെണ്ണിയോട് തരിശിടേണ്ടിവരുക ആയിരം ഏക്കര്‍ പാടം

കല്‍പ്പറ്റ: വെള്ളപ്പൊക്കത്തിലുണ്ടായ കൃഷിനാശത്തിനുള്ള സര്‍ക്കാര്‍ സഹായം വൈകിയാല്‍ വയനാട്ടിലെ കുട്ടനാട് എന്നറിയപ്പെടുന്ന വെണ്ണിയോട് പ്രദേശത്ത് തരിശിടേണ്ടിവരിക ഏകദേശം ആയിരം ഏക്കര്‍ പാടം. വെള്ളം ഇറങ്ങുന്ന മുറയ്ക്ക് പാടത്ത് നഞ്ചകൃഷിയിറക്കാന്‍ വിത്തും പണവും ഇല്ലാതെ വലയുകയാണ് കര്‍ഷക ജനത. ഒറ്റയ്ക്കും പാടശേഖര സമിതികളിലൂടെ കൂട്ടായും നെല്‍കൃഷി ചെയ്യുന്നവര്‍ വെണ്ണിയോടു മേഖലയില്‍ നിരവധിയാണ്.
നഞ്ചകൃഷിക്കായി നേരത്ത തയാറാക്കിയ ഞാറ് ദിവസങ്ങള്‍ നീണ്ട വെള്ളപ്പൊക്കത്തില്‍ നശിച്ചു. ഇനി വിതയ്ക്കണമെങ്കില്‍ വിത്ത് വിലയ്ക്കുവാങ്ങണം. വിത്ത് ക്വിന്റലിനു നാലായിരം രൂപയാണ് വില. പാടം കൃഷിക്കായി പരുവപ്പെടുത്തുന്നതിനു പണം വേണം. പക്ഷേ, കൃഷിക്കാരില്‍ ഭൂരിപക്ഷവും നിത്യവൃത്തിക്കുപോലും ക്ലേശിക്കുന്ന അവസ്ഥയിലാണ്.
ജനങ്ങളില്‍ 90 ശതമാനവും ഉപജീവനത്തിനു കാര്‍ഷിക വൃത്തിയെ ആശ്രയിക്കുന്ന വെണ്ണിയോട് പ്രദേശം വാഴകൃഷിക്കും പ്രസിദ്ധമാണ്. ഓണക്കാലത്തിനു തൊട്ടുമുമ്പ് വിളവെടുക്കാന്‍ പാകത്തില്‍ ഓരോ വര്‍ഷവും വാഴകൃഷിയിറക്കുന്നവര്‍ പ്രദേശത്ത് നൂറുകണക്കിനു വരും. വാഴക്കുല വില്‍പനയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഭാഗമാണ് കര്‍ഷകര്‍ നെല്‍കൃഷിയില്‍ മുടക്കുന്നത്. ഇക്കുറി വാഴകൃഷിയും അപ്പാടെ വെള്ളമെടുത്തു. പ്രളയം ഉണ്ടായ വാഴത്തോപ്പുകളില്‍നിന്നു ഒരു വാഴക്കന്നുപോലും ലഭിക്കാത്ത അവസ്ഥയിലാണ് കൃഷിക്കാര്‍. ഇനി വാഴകൃഷി ഇറക്കണമെങ്കില്‍ പുറമേനിന്നു കന്നുകള്‍ വാങ്ങണം. മേട്ടുപ്പാളയം, ട്രിച്ചി എന്നിവിടങ്ങളില്‍നിന്നു കന്നു കൊണ്ടുവരുമ്പോള്‍ ഒന്നിനു 18 രൂപയോളം വിലയാകും. കനത്തമഴയിലും വെള്ളപ്പൊക്കത്തിലും വെണ്ണിയോട് പ്രദേശത്ത് കാപ്പി, കുരുമുളക്, കമുക് കൃഷികള്‍ക്കും വന്‍ നാശമാണ് സംഭവിച്ചത്.
പ്രളയം കാര്‍ഷിക മേഖലയില്‍ ഏല്‍പ്പിച്ച ആഘാതത്തിന്റെ തിക്തഫലങ്ങള്‍ ആദിവാസികളടക്കം കര്‍ഷകത്തൊഴിലാളികളെയും ഗതികേടിലാക്കിയെന്നു സാമൂഹിക പ്രവര്‍ത്തകനും വയനാട് കാര്‍ഷിക പുരോഗമന സമിതി കണ്‍വീനറുമായ ഗഫൂര്‍ വെണ്ണിയോട് പറഞ്ഞു. ഒരേക്കറില്‍ വാഴകൃഷിയിറക്കുമ്പോള്‍ 70 തൊഴില്‍ദിനങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. ഇത്രയും സ്ഥലത്ത് നെല്‍കൃഷിയാണെങ്കില്‍ സ്ത്രീ തൊഴിലാളിക്കു മാത്രം 25 തൊഴില്‍ദിനങ്ങള്‍ ലഭിക്കും. എന്നിരിക്കെ കര്‍ഷകര്‍ക്കു നെല്ല്, വാഴ കൃഷിയിറക്കാന്‍ കഴിയാത്ത സാഹചര്യം സംജാതമാവുന്നത് നാട്ടില്‍ വേലയും കൂലിയും ഇല്ലാതാവുന്നതിനും കൊടിയ ദാരിദ്ര്യത്തിനും കാരണമാവുമെന്നു ഗഫൂര്‍ അഭിപ്രായപ്പെട്ടു.
കാലവര്‍ഷത്തിനിടെ വിളനാശം സംഭവിച്ചവര്‍ക്കു സഹായധനം നല്‍കുമെന്നു അധികാരികള്‍ പറയുന്നുണ്ടെങ്കിലും വെണ്ണിയോട് പ്രദേശത്തുണ്ടായ യഥാര്‍ഥ കാര്‍ഷികനഷ്ടം കൃഷി വകുപ്പ് തിട്ടപ്പെടുത്തിയിട്ടില്ല. കോട്ടത്തറ കൃഷിഭവന്‍ പരിധിയിലാണ് വെണ്ണിയോട്. കൃഷിഭവനില്‍ ഓഫിസറുടെ കസേരയില്‍ രണ്ടാഴ്ചയായി ആളില്ല. നേരത്തേ പ്രകൃതിക്ഷോഭത്തില്‍ സംഭവിച്ച കൃഷിനാശത്തിനുള്ള സമാശ്വാസധനം ഇതുവരെ ലഭിക്കാത്ത അനുഭവവും കൃഷിക്കാര്‍ക്കു മുന്നിലുണ്ട്.
2013-14ലെ കാലവര്‍ഷത്തില്‍ ജില്ലയില്‍ കൃഷി നശിച്ചവര്‍ക്കായി അനുവദിച്ച അഞ്ചരക്കോടി രൂപയുടെ വിതരണം ഇതുവരെ നടന്നിട്ടില്ല. നെല്‍കൃഷിയിറക്കുന്നതിനു ഏക്കറിനു കാല്‍ ലക്ഷം രൂപ വീതം അടിയന്തര സഹായം ലഭിക്കണമെന്നാണ് വെണ്ണിയോടും സമീപങ്ങളിലുമുള്ള കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. ആഭരണങ്ങള്‍ പണയപ്പെടുത്തിയടക്കം കൃഷിക്കായി എടുത്ത വായ്പകള്‍ എഴുതിത്തള്ളുക, പലിശരഹിത ദീര്‍ഘാകാല വായ്പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it