Alappuzha local

സര്‍ക്കാര്‍ സഹായം ലഭ്യമാക്കലില്‍ ഉദ്യോഗസ്ഥരുടെ പങ്ക് നിര്‍ണായകം: മന്ത്രി

ആലപ്പുഴ: സര്‍ക്കാരിന്റെ ധനസഹായ പദ്ധതികളിലൂടെ ഗുണഭോക്താക്കള്‍ക്ക് സമയബന്ധിതമായി സഹായം ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഇതില്‍ ഉദ്യോഗസ്ഥരുടെ പങ്ക് നിര്‍ണായകമാണെന്നും റവന്യൂ-കയര്‍ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.
വിധവകളും വിവാഹമോചിതരുമായ ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകള്‍ക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ഭവനനിര്‍മാണ പദ്ധതി പ്രകാരം അനുവദിച്ച ധനസഹായത്തിന്റെ ആദ്യഗഡു കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക വര്‍ഷത്തെ ധനസഹായത്തിന് അപേക്ഷ സ്വീകരിച്ച് അര്‍ഹരായവരെ കണ്ടെത്തി ആറു മാസത്തിനുള്ളില്‍ ആദ്യഗഡു സഹായം അനുവദിച്ച ജില്ല മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിയത്. പദ്ധതി പ്രകാരം ഈ വര്‍ഷത്തെ ധനസഹായത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്ത സംസ്ഥാനത്തെ ആദ്യ ജില്ല ആലപ്പുഴയാണെന്നും പദ്ധതിയിലൂടെ 2013-14 വര്‍ഷം 52 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാനായത് അഭിമാനകരമായ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
പദ്ധതി പ്രകാരം ഈ വര്‍ഷം ജില്ലയില്‍ 60 വീടുകളാണ് അനുവദിക്കുന്നത്. എസ്. നൂറിയ, സബിത ലത്തീഫ്, സിന്ധു ജോസഫ്, മാജിദ എന്നിവര്‍ക്ക് മന്ത്രി ധനസഹായം വിതരണം ചെയ്തു.
2013-14 വര്‍ഷം ജില്ലയില്‍ രണ്ടു ലക്ഷം രൂപ വീതം അനുവദിച്ച് 52 വീടുകള്‍ പൂര്‍ത്തിയാക്കിയതായും 2014-15 വര്‍ഷം 63 വീടുകള്‍ക്ക് സഹായം അനുവദിച്ചതായും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ എന്‍ പത്മകുമാര്‍ പറഞ്ഞു. കയര്‍ സെക്രട്ടറി റാണി ജോര്‍ജ്, കയര്‍ ഡയറക്ടര്‍ കെ എന്‍ സതീഷ്, എഡിഎം ടി ആര്‍ ആസാദ് പങ്കെടുത്തു.
Next Story

RELATED STORIES

Share it