Middlepiece

സര്‍ക്കാര്‍ സംവേദനശൈലി മാറ്റണം

സര്‍ക്കാര്‍ സംവേദനശൈലി മാറ്റണം
X


ഒരു വര്‍ഷത്തെ ഭരണത്തില്‍ എല്ലാമൊന്നും ശരിപ്പെടുത്തിയില്ലെങ്കിലും പലതും ശരിയാക്കാനുള്ള ചുറ്റുവട്ട നിര്‍മാണം ഈ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. ലൈഫ്, ആര്‍ദ്രം പദ്ധതികള്‍, കിഫ്ബി പുനസ്സംഘടന, ഹൈസ്‌കൂളുകള്‍ മെച്ചപ്പെടുത്താനുള്ള നീക്കം, സ്‌കൂള്‍തലത്തില്‍ മലയാളം നിര്‍ബന്ധമാക്കാനുള്ള നിയമം, ക്ഷേമ പെന്‍ഷനുകള്‍ കൂട്ടി വീട്ടിലെത്തിക്കുന്ന പരിപാടി, പൊതുമേഖലാ സ്ഥാപനങ്ങളില്‍ 13 എണ്ണത്തെ ലാഭത്തിലാക്കിയത്, സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഉണ്ടാക്കാനുള്ള നീക്കം- അങ്ങനെ പലതുണ്ട്. നോട്ട് പ്രതിസന്ധിയും ഒഴിഞ്ഞ ഖജനാവും മുന്നില്‍ നില്‍ക്കെ ധനമന്ത്രി അവലംബിച്ച സാമ്പത്തിക നിലപാടാണ് കൂട്ടത്തില്‍ ശ്രദ്ധേയമായ മന്ത്രിപ്പണി. ജിഎസ്ടി വരുമാനം കീശയില്‍ എത്തുന്നതോടെ ടിയാന്റെ വിനിയോഗ സ്വാതന്ത്ര്യം ശക്തമാവുകയും കിഫ്ബി വിഭാവനയ്‌ക്കൊത്ത് നിക്ഷേപം വരുത്തുകയും ചെയ്യുമെന്ന് ഉറപ്പാണ്. കാരണം, കാശുള്ള സര്‍ക്കാര്‍ എന്നതാണ് നിക്ഷേപകന് ആത്മവിശ്വാസം പകരുക. ഗീത ഗോപിനാഥ് പോലുള്ള ഫോറിന്‍ വസ്തുക്കളില്‍ ഭ്രമിച്ച് തോമസ് ഐസകിനെ വിജയന്‍ കുറുകെ വെട്ടാത്തപക്ഷം കാര്യങ്ങള്‍ അതിന്റെ മുറയ്ക്ക് നടന്നുകൊള്ളും. സര്‍ക്കാരിന്റെ മുഖ്യപ്രശ്‌നം, സൂചിക്കെടുക്കേണ്ടത് വച്ചുനീട്ടി വ്രണമാക്കി ഒടുവില്‍ തൂമ്പയ്‌ക്കെടുക്കേണ്ട പരുവത്തിലാക്കുന്ന വൈഭവമാണ്. സെന്‍കുമാര്‍ പ്രശ്‌നം തൊട്ട് മഹിജ പ്രശ്‌നം വരെ അതു കേമമായി പ്രകടിപ്പിച്ചു. പലപ്പോഴും കേവലമായ വിനിമയ മര്യാദ വഴി കര്‍ട്ടനിടാവുന്ന പ്രശ്‌നങ്ങളും സംശയങ്ങളും രണ്ടു വഴിക്കു കുളമാക്കിയെടുക്കുന്നു: ഒന്ന്: വക്താക്കള്‍ എന്ന പേരില്‍ ചാനല്‍ സൊറയില്‍ ചെന്നിരിക്കുന്നവരുടെ സ്വയം ന്യായീകരണ വ്യഗ്രത. പ്രതിപക്ഷത്തിന്റെ അന്ധമായ മാര്‍ക്‌സിസ്റ്റ് വിരോധം പോലെ അരോചകമാണ് പാര്‍ട്ടിക്കാരുടെ കണ്ണുംപൂട്ടിയുള്ള ഈ ന്യായാഭാസവും. ഭരിക്കുന്ന കക്ഷിയായിരിക്കെ ജനങ്ങളോട് ലേശം വിനയവും വിധേയത്വവും പ്രകടിപ്പിക്കുന്നത് ഒരു കുറച്ചിലല്ല. ഒപ്പം കാര്യങ്ങളെ പ്രതിപക്ഷത്തേക്കാള്‍ വിപുലമായ കാന്‍വാസില്‍ കാണാനുള്ള ബാധ്യതയും ഭരണക്കാര്‍ക്കുണ്ട്. രണ്ട്: ഇപ്പറഞ്ഞ ചില്ലറ വക്താക്കളല്ലാതെ സര്‍ക്കാരിനു ജനതയോട് സംവദിക്കാന്‍ പ്രത്യേകിച്ച് ആരുമില്ല. വാക്കിലല്ല, പ്രവൃത്തിയിലാണ് തങ്ങളുടെ വിശ്വാസമെന്നത് കാലഹരണപ്പെട്ട സംവേദനശൈലിയാണ്. കര്‍മത്തെയും വികര്‍മത്തെയും പറ്റി ജനതയോട് തുറന്നു സംസാരിക്കുന്ന ആര്‍ജവമാണ് ജനാധിപത്യത്തിന്റെ ഒരു മര്‍മം തന്നെ. പിണറായി വിജയന്‍ ഇപ്പോഴും പാര്‍ട്ടി സെക്രട്ടറിയുടെ കണ്ടീഷനിങില്‍ നിന്നു മുക്തമായ ലക്ഷണമില്ല. തനിക്കു തോന്നുമ്പോള്‍ പത്രസമ്മേളനം വിളിച്ച്, തനിക്കു തോന്നിയ തരത്തില്‍ മാത്രം അതു നടത്തി, തോന്നുന്ന മാത്രയില്‍ അവസാനിപ്പിച്ചുപോകുന്ന ഏര്‍പ്പാട് കേഡര്‍ പാര്‍ട്ടിക്കു ചേരുമെങ്കിലും ജനായത്ത സര്‍ക്കാരിനു ചേരില്ല. വിമര്‍ശനങ്ങളില്‍ തളരില്ല, വിമര്‍ശനങ്ങള്‍ നടത്തിക്കോളൂ എന്നൊക്കെയുള്ളത് ഡയലോഗല്ല, കേവലം മോണോലോഗ് മാത്രമാണ്. ഡയലോഗ് ഉണ്ടാവുന്നത് രണ്ട് ആളുകള്‍ക്കിടയിലാണ്. അതുതന്നെയാണ് ജനാധിപത്യത്തിന്റെ ശക്തി. ചുമ്മാതല്ല ആധുനിക ജനാധിപത്യത്തിന്റെ പ്രാഥമിക പാഠങ്ങള്‍ ഉരുക്കഴിച്ച ഏതന്‍സില്‍ നിന്ന് പ്ലാറ്റോ എഴുതിയ പുസ്തകത്തിന്റെ പേരു പോലും 'ഡയലോഗ്' എന്നായത്. ഡയലോഗിന്റെ ഗംഭീരമായ കമ്മിയാണ് ഈ സര്‍ക്കാരിന്റെ ശരിയായ പരാജയം. ജീര്‍ണിച്ച രാഷ്ട്രീയത്തിനു പകരം ആരോഗ്യകരമായ രാഷ്ട്രീയത്തെ സന്നിവേശിപ്പിക്കും എന്നതാണ് ഈ സര്‍ക്കാരിന്റെ പ്രാഥമിക വാഗ്ദാനം തന്നെ. ഇപ്പറഞ്ഞ ജീര്‍ണതകളുടെ കാരണങ്ങളില്‍ പ്രധാനം അഴിമതിയാണെന്ന് ആര്‍ക്കും അറിയാം. ടി രോഗം വ്യവസ്ഥാപിതമായിപ്പോയ ഒരിടത്തു മാറ്റമുണ്ടാക്കുക അത്ര എളുപ്പമല്ലെന്നതു നേരുതന്നെ. എങ്കിലും മാറ്റത്തിനുള്ള ശക്തമായ ശ്രമം ആരംഭിച്ചിരിക്കുന്നു എന്ന സന്ദേശം വരേണ്ടത് സര്‍ക്കാരിന്റെ ഉന്നതശ്രേണിയില്‍ നിന്നാണ്. സ്വജനപക്ഷപാതിത്വത്തിന്റെ പേരില്‍ വെറും അഞ്ചു മാസത്തിനകം ഒരു പ്രമുഖ മന്ത്രിക്ക് ഒഴിയേണ്ടിവന്നത് അങ്ങനെയൊരു സന്ദേശമല്ല പുറപ്പെടുവിച്ചത്. ഉന്നത ബ്യൂറോക്രസിയെ ഇരുത്തേണ്ടിടത്ത് ഇരുത്താന്‍ കഴിയാത്തതാണ് ഈ കഴിവുകേടിന്റെ ഉപസന്ദേശം. ചിമുട്ടുവേലകള്‍ കാട്ടി കൈയടി നേടുന്നവരെ തോളിലേറ്റിയതിന്റെ ട്രാജികോമഡി വേറെ. ഇതെല്ലാം ഡെമോക്രാറ്റ് സെന്‍ട്രലിസത്തിന്റെ ഘടനയ്ക്കു കീഴില്‍ ആര്‍ജിച്ച ശീലത്തഴക്കത്തിന്റെ കുഴപ്പമാണ്. ജനാധിപത്യ ഭരണക്രമത്തിനു മേല്‍-കീഴ്ഘടന മാത്രമല്ല, തിരശ്ചീന മാനം കൂടിയുണ്ട്. അതിനെ നാലാംലോക വാദം എന്നൊക്കെ ചാപ്പയടിച്ച് തടിതപ്പുന്നത് പ്രത്യയശാസ്ത്ര ഗുസ്തിയില്‍ പ്രയോജനപ്പെടുമെങ്കിലും ഭരണഘടനാ ജനാധിപത്യത്തില്‍ പ്രതിലോമകരമാണത്. ആ മണ്ടത്തരത്തില്‍ നിന്നുള്ള മോചനത്തിനും ഉപാധി ഡയലോഗ് തന്നെ. ചുരുക്കത്തില്‍, ഒന്നാം വര്‍ഷത്തില്‍ വിജയന്റെ കമ്മി ഡയലോഗ് എങ്കില്‍ പ്രതിപക്ഷത്തിന്റെ കമ്മി രാഷ്ട്രീയമാണ്.  (അവസാനിച്ചു)
Next Story

RELATED STORIES

Share it