Flash News

സര്‍ക്കാര്‍ വിവാദങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കില്ല : മുഖ്യമന്ത്രി



തിരുവനന്തപുരം: സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരേ എല്‍ഡിഎഫില്‍ നിന്നുതന്നെ വിമര്‍ശനങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നിറവേറ്റി സര്‍ക്കാര്‍ മുന്നോട്ടുപോവുമ്പോള്‍ ചില വീരന്‍മാര്‍ വിവാദങ്ങളുമായി എത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ നാട്ടില്‍ ക്ഷാമമില്ലാത്ത ഏക കാര്യം വിവാദങ്ങള്‍ക്കാണ്. ചില വിവാദ വീരന്‍മാരും നമ്മുടെ നാട്ടിലുണ്ട്. അവര്‍ ധരിക്കുന്നത് അവരുടെ കൈയിലാണ് സകല കാര്യങ്ങളും അടങ്ങിയിരിക്കുന്നതെന്നാണ്. അങ്ങനെയുള്ളവര്‍ക്കു ചില പ്രത്യേക മാനസികനിലയാണ്. സര്‍ക്കാരിന്റെ പോക്കിനെ തെറ്റിക്കാമെന്ന് ഇത്തരക്കാര്‍ക്കു വ്യാമോഹമുണ്ടെങ്കില്‍ അത് മനസ്സില്‍ വച്ചാല്‍ മതി. പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിവാദങ്ങളുടെ പേരില്‍ അതില്‍ നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കാമെന്ന് ആരും കരുതേണ്ട. നാടിന്റെ വികസനത്തെ വിവാദങ്ങള്‍ തടസ്സപ്പെടുത്തിയിട്ടുണ്ട്. ഇത്തരം വിവാദങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ ഈ സര്‍ക്കാ ര്‍ തയ്യാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.അഴിമതിയും കൈക്കൂലിയും വ്യാപകമാക്കിയ സര്‍ക്കാര്‍കേന്ദ്രങ്ങളില്‍ നിരീക്ഷണം ശക്തമാക്കും. ജനമാഗ്രഹിക്കുന്ന തരത്തില്‍ സേവനം നല്‍കാന്‍ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കു കഴിഞ്ഞിട്ടുണ്ടോയെന്നു പരിശോധിക്കണം. സേവനം നല്‍കുന്നതിനു തടസ്സമുണ്ടെങ്കില്‍ പരിശോധിച്ച് തിരുത്തലുകള്‍ വരുത്തണം. മാറാത്ത ശീലങ്ങള്‍ മാറ്റാന്‍ ഇടപെടലുണ്ടാവണം. എല്ലാത്തിനും മാറ്റങ്ങളുണ്ടായെങ്കിലും സിവില്‍ സര്‍വീസില്‍ പഴയതിന്റെ അംശം ഇപ്പോഴുമുണ്ട്. നമ്മുടെ സിവില്‍ സര്‍വീസില്‍ തീരുമാനങ്ങളെടുക്കാത്ത ചില ജീവനക്കാര്‍ ഫയലുകള്‍ അനാവശ്യമായി തട്ടിക്കളിക്കുകയാണ്. ഈ പ്രവണത തിരുത്തണം. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഉണ്ടാവില്ല.  സെക്രട്ടേറിയറ്റില്‍ ഏര്‍പ്പെടുത്തിയ പഞ്ചിങ് ഫലപ്രദമായി നടക്കുന്നില്ല. അതുകൊണ്ടാണ് പഞ്ചിങിനെ നേരിട്ട് ശമ്പളവുമായി ബന്ധിപ്പിക്കാന്‍ ആലോചന വന്നത്. ഓഫിസില്‍ എത്തുന്ന സമയം മാത്രമല്ല അവിടെയുള്ള സമയവും പ്രധാനമാണ്. ഒരു സര്‍വീസും അര്‍ഹതപ്പെട്ട വരുമാനത്തില്‍ കൂടുതല്‍ വരുമാനം ലഭിക്കാനുള്ളതല്ലെന്ന തിരിച്ചറിവുണ്ടാവണം. അത്തരത്തില്‍ ചിന്തിക്കുന്നവര്‍ തിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it