World

സര്‍ക്കാര്‍ വിരുദ്ധ പ്രകടനം: 50,000ത്തോളം പേര്‍ പങ്കെടുത്തു

വാഴ്‌സാ: വലതുപക്ഷ സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് പോളണ്ടില്‍ 50,000ത്തോളം പ്രതിപക്ഷ പ്രവര്‍ത്തകര്‍ തലസ്ഥാനമായ വാഴ്‌സായില്‍ പ്രതിഷേധപ്രകടനം നടത്തി. പോളണ്ട് മുന്‍ പ്രസിഡന്റുമാരായ അലക്‌സാണ്ടര്‍ കവാസ്‌നിയേവ്‌സ്‌കി, ബ്രോണിസ്‌ലോ കൊമൊറോവ്‌സ്‌കി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഭരണം നഷ്ടപ്പെട്ടതിന്റെ 27ാം വാര്‍ഷികവും പ്രതിഷേധക്കാര്‍ ആഘോഷിച്ചു. നവംബറില്‍ അധികാരമേറ്റ വലതുപക്ഷ സര്‍ക്കാരിനെതിരേ പൗരപ്രസ്ഥാനമായ കമ്മിറ്റി ഫോര്‍ ദ ഡിഫന്‍സ് ഓഫ് ഡെമോക്രസിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സര്‍ക്കാരിന്റെ നയങ്ങള്‍ യൂറോപ്യന്‍ യൂനിയനുമായും യുഎസുമായുമുള്ള പോളണ്ടിന്റെ ബന്ധത്തിന് ആഘാതം സൃഷ്ടിച്ചതായി പ്രതിഷേധക്കാര്‍ ആരോപിച്ചു.
ഭരണത്തിലിരിക്കുന്ന ലോ ആന്റ് ജസ്റ്റിസ് പാര്‍ട്ടി നീതിവ്യവസ്ഥയിലും മാധ്യമനിയമങ്ങളിലും കൊണ്ടുവന്ന പരിവര്‍ത്തനങ്ങളെ യൂറോപ്യന്‍ യൂനിയന്‍ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഭരണഘടനാകോടതിയുടെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തുന്ന രീതിയില്‍ സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നത്. ഔദ്യോഗിക മാധ്യമങ്ങളുടെ നിയന്ത്രണം സര്‍ക്കാരിനു കീഴിലാകുന്ന തരത്തിലും നിയമഭേദഗതി കൊണ്ടുവന്നു. ആരോപണം സര്‍ക്കാര്‍ നിഷേധിക്കുകയാണ്.
Next Story

RELATED STORIES

Share it