സര്‍ക്കാര്‍ വാഹനങ്ങള്‍ ഉണ്ട്; പക്ഷേ ഡ്രൈവര്‍മാരെ വേണ്ട

അന്‍സര്‍ തേവലക്കര
ചവറ (കൊല്ലം): സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ വാഹനങ്ങളുണ്ട്. പക്ഷേ, ഡ്രൈവര്‍ തസ്തികയില്ല. ഒഴിവുള്ള തസ്തികകളിലാവട്ടെ ബന്ധപ്പെട്ട വകുപ്പുമേധാവികളുടെ ഇഷ്ടക്കാരായ ദിവസവേതനം പറ്റുന്ന ഡ്രൈവര്‍മാരും. കര്‍ശന നിലവാരത്തില്‍ പിഎസ്‌സി നടത്തുന്ന എഴുത്തുപരീക്ഷയും പ്രായോഗിക പരീക്ഷയും താണ്ടിക്കടന്ന് യോഗ്യത നേടിയ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ റാങ്ക്‌ലിസ്റ്റില്‍ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് വകുപ്പുമേധാവികള്‍ നഗ്‌നമായ നിയമലംഘനം നടത്തുന്നത്.
ഒരു വാഹനം അനുവദിക്കുമ്പോള്‍ അതിനൊരു ഡ്രൈവര്‍ തസ്തികയും അനുവദിക്കണമെന്നാണു ചട്ടം. എന്നാല്‍, ആ ചട്ടം മാറിമാറി വരുന്ന സര്‍ക്കാരുകള്‍ തന്നെ പലപ്പോഴും പാലിക്കാറില്ല. സാമ്പത്തികബാധ്യത എന്ന കാരണം പറഞ്ഞാണ് പുതിയ സ്ഥിരം തസ്തികകള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാവാത്തത്. പകരം താല്‍ക്കാലിക ഡ്രൈവര്‍മാരെ നിയമിക്കാന്‍ വകുപ്പുമേധാവികള്‍ക്ക് അനുവാദം നല്‍കും.
സ്ഥിരം ഡ്രൈവറെ നിയമിക്കാന്‍ സാമ്പത്തികബാധ്യത കാരണമായി പറയുന്ന സര്‍ക്കാര്‍ പിഎസ്‌സി വഴി നിയമനം നേടുന്ന ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്നതിനേക്കാള്‍ ശമ്പളമാണ് വിവിധ ഇനങ്ങളിലായി താല്‍ക്കാലിക ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്നതെന്നതാണ് വിരോധാഭാസം.
നിലവിലുള്ള സ്ഥിരം തസ്തികയില്‍പ്പോലും ഒഴിവുകള്‍ പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്യാതെ പലപ്പോഴും ഉദ്യോഗസ്ഥലോബി താല്‍ക്കാലികക്കാരെ തിരുകിക്കയറ്റുന്നത് പതിവാണ്. 14 ജില്ലകളില്‍ വിവിധ വകുപ്പുകളിലായി ആയിരക്കണക്കിന് ഒഴിവുകളാണ് അനൗദ്യോഗിക കണക്കുപ്രകാരം ഡ്രൈവര്‍ തസ്തികയില്‍ നിലവിലുള്ളത്.
അതനുസരിച്ച് രണ്ട് കാറ്റഗറികളിലായി പിഎസ്‌സി തയ്യാറാക്കിയ റാങ്ക്‌ലിസ്റ്റ് ഈ മാസം ആദ്യം 14 ജില്ലകളിലും പുറത്തുവിട്ടിരുന്നു. എന്നാല്‍, ആയിരക്കണക്കിന് ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യേണ്ട സ്ഥാനത്ത് പിഎസ്‌സിക്ക് നാമമാത്രമായ ഒഴിവുകള്‍ മാത്രമാണ് വിവിധ വകുപ്പുകള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.  പിഎസ്‌സി റാങ്ക്‌ലിസ്റ്റ് നിലവിലില്ലെങ്കില്‍ താല്‍ക്കാലിക ഡ്രൈവറെ എടുക്കേണ്ടത് എംപ്ലോയ്‌മെന്റ് വഴിയാണെങ്കിലും അതു പാലിക്കാതെ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടപ്പെട്ടവരെയാണ് നിയമിക്കാറുള്ളതെന്നും റാങ്ക്‌ലിസ്റ്റില്‍ ഉള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരേ സര്‍ക്കാരിനെയും കോടതിയെയും സമീപിക്കാനൊരുങ്ങുകയാണ് ഉദ്യോഗാര്‍ഥികള്‍.
Next Story

RELATED STORIES

Share it