malappuram local

സര്‍ക്കാര്‍ വാഗ്ദാനം പാഴ്‌വാക്കായി: റബറിന് താങ്ങുമില്ല താങ്ങുവിലയുമില്ല; കര്‍ഷകര്‍ ദുരിതത്തില്‍

കുഞ്ഞിമുഹമ്മദ് കാളികാവ്

കാളികാവ്: റബറിന് സര്‍ക്കാരിന്റെ താങ്ങുമില്ല താങ്ങുവിലയുമില്ല. കര്‍ഷകര്‍ തീരാദുരിതത്തില്‍. വിലയിടിവില്‍ നടുവൊടിഞ്ഞ് കര്‍ഷകരും തകര്‍ന്നടിഞ്ഞ് മലയോരവും. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ വിലയാണ് ഇപ്പോള്‍ റബറിന് ലഭിക്കുന്നത്. ആര്‍എസ്എസ് ഗ്രേഡിന്റെ സംഭരണവില വെറും 97 രൂപ. പലയിടങ്ങളിലും വ്യാപാരികള്‍ സംഭരിക്കലും നിര്‍ത്തി.
ഒട്ടുമിക്ക ചെകിട തോട്ടങ്ങളും ഉല്‍പ്പാദനവും നിര്‍ത്തി. ചെലവും വരുമാനവും ഒത്തുപോവാത്തതാണ് കാരണം. കര്‍ഷകരുടെ രക്ഷയ്ക്കായി താങ്ങുവിലയും സംഭരണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതാവട്ടെ എവിടെയുമെത്തിയതുമില്ല. 2013 ജൂണ്‍ മുതലാണ് റബര്‍ വില കുത്തനെ ഇടിയാന്‍ തുടങ്ങിയത്. പിന്നീട് ഉയര്‍ച്ചയുണ്ടായിട്ടുമില്ല. കിലോയ്ക്ക് 260 രൂപ ലഭിച്ചിരുന്നത് ഇപ്പോള്‍ നൂറില്‍ താഴെയും. 150 രൂപയ്ക്ക് റബര്‍ സംഭരിക്കുമെന്നായിരുന്നു കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ആയിനത്തില്‍ ഒരു കിലോ പോലും സംഭരിച്ചില്ല. വന്‍കിട ടയര്‍ ലോബിയുടെ സമ്മര്‍ദ്ദത്തെ മറികടക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കാവുന്നില്ല എന്നതാണ് കര്‍ഷകരുടെ ദുരിതത്തില്‍ കാരണം. അഭ്യന്തര റബര്‍ കെട്ടിക്കിടക്കുമ്പോഴും വന്‍കിട ലോബികള്‍ ആവശ്യത്തിന്റെ അറുപത് ശതമാനവും ഇറക്കുമതിയിലൂടെയാണ് സംഭരിക്കുന്നത്. തീരുവ കൂട്ടിയാലും ഇറക്കുമതിയാണ് ലാഭകരം എന്നതാണ് കമ്പനികളുടെ വാദം. അതേസമയം, ടയറുകളുടെയൊ മറ്റുല്‍പ്പന്നങ്ങളുടെയൊ വിലയില്‍ ഒരു രൂപ പോലും കുറയ്ക്കാനും കമ്പനികള്‍ തയ്യാറായിട്ടില്ല. രണ്ടു വര്‍ഷമായി കോടികളുടെ കൊള്ളലാഭമാണ് കമ്പനികള്‍ നേടുന്നത്.
അഭ്യന്തര വിപണിയില്‍ വില കുത്തനെ കുറഞ്ഞിട്ടും റബര്‍ സംഭരിക്കാന്‍ ടയര്‍ ലോബി തയ്യാറാവുന്നില്ല എന്നതാണ് പ്രശ്‌നം ഏറെ ഗുരുതരമാക്കുന്നത്. ഇറക്കുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും തീരുവ മുപ്പത് ശതമാനമാക്കുകയും ചെയ്യാതെ ഇനി റബറിന് തിരിച്ചു വരാനാവില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്. റബറിനെ മാത്രം ആശ്രയിച്ച് നിലനില്‍ക്കുന്ന മലയോരത്തിന്റെ വാണിജ്യ വ്യവസായ മേഖലയും തകര്‍ന്നടിഞ്ഞു. സംസ്ഥാനത്ത് കോട്ടയം, ഇടുക്കി ജില്ലകള്‍ കഴിഞ്ഞാല്‍ കൂടുതല്‍ റബര്‍ ഉല്‍പാദിപ്പിക്കുന്നത് ജില്ലയിലെ കിഴക്കന്‍ മേഖലയാണ്.
വില കുറഞ്ഞതോടെ ആയിരക്കണക്കിന് ടാപ്പിങ് തൊഴിലാളികളും അനുബന്ധ ജോലിക്കാരും പട്ടിണിയിലായി. നിര്‍മാണമേഖലയും മുരടിപ്പിലാണ്. റബറിന്റെ കഷ്ടകാലം തുടങ്ങിയതോടെ നൂറുകണക്കിന് റബര്‍ നഴ്‌സറികളും അടഞ്ഞുകിടക്കുകയാണ്. മേഖലയില്‍ എവിടെയും പേരിനു പോലും റീ പ്ലാന്റിങും നടക്കുന്നില്ല. ഡിസംബറില്‍ തുടങ്ങി മാര്‍ച്ചില്‍ അവസാനിക്കുന്ന സീസണിലാണ് അഭ്യന്തര ആവശ്യത്തിന്റെ അമ്പതു ശതമാനവും ഉല്‍പ്പാദനം നടക്കാറുള്ളത്. എന്നാല്‍, ഇത്തവണം അങ്ങനെ ഒരു ലക്ഷ്യമേ കര്‍ഷകരില്‍ കാണുന്നില്ല.
Next Story

RELATED STORIES

Share it