സര്‍ക്കാര്‍ വാക്കു പാലിച്ചില്ല: ശ്രുതിയുടെ ഭര്‍ത്താവ് ആത്മഹത്യക്കു ശ്രമിച്ചു

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് ഫീസടയ്ക്കാന്‍ മാര്‍ഗമില്ലാത്തതിനാ ല്‍ ഭര്‍ത്താവ് ആത്മഹത്യക്കു ശ്രമിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പി ശ്രുതിയുടെ ഭര്‍ത്താവ് കാറഡുക്ക കുണ്ടാര്‍ സ്വദേശി ജഗദീശാ(24)ണ് ആത്മഹത്യക്കു ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ജഗദീശിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണംചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ശ്രുതിയെ ദത്തെടുക്കുമെന്നും പഠനച്ചെലവ് മുഴുവന്‍ സര്‍ക്കാര്‍ തന്നെ വഹിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തെ അറിയിച്ചിരുന്നു. എന്നാ ല്‍, ഇതേവരെ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഒരു സഹായവുമുണ്ടായില്ല.
ആദ്യ സെമസ്റ്റര്‍ പരീക്ഷയെഴുതണമെങ്കില്‍ രണ്ടുലക്ഷം രൂപ ഈ മാസം 26നു മുമ്പ് അടയ്ക്കണമെന്ന് കോളജ് അധികൃതര്‍ അറിയിച്ചിരുന്നു. പണം അടയ്ക്കാന്‍ സാധിക്കാത്തതിനാല്‍ ഭാര്യയുടെ പഠനം നിര്‍ത്തി തിരിച്ചു കൊണ്ടുവരേണ്ടിവരുമെന്ന വിഷമത്തിലാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്ന് ജഗദീശ് പറഞ്ഞു. ശ്രുതിയുടെ കോളജ് പ്രവേശനത്തിന് ആവശ്യമായ പണം സംസ്ഥാനത്തെ ഹോമിയോ ഡോക്ടര്‍മാരാണു നല്‍കിയിരുന്നത്. നാലരവര്‍ഷത്തെ പഠനത്തിന് അഞ്ചുലക്ഷത്തോളം രൂപയാവും.
എന്‍ഡോസള്‍ഫാന്‍ ദുരന്തവാര്‍ത്തയില്‍ എന്നും നിറഞ്ഞുനിന്ന പെണ്‍കുട്ടിയായിരുന്നു പെര്‍ള വാണിനഗര്‍ സ്വദേശിനി ശ്രുതി. പത്തുവയസ്സുവരെ ശ്രുതിയുടെ വലതുകാല്‍ വളഞ്ഞനിലയിലായിരുന്നു. മാത്രമല്ല ഇരുകൈപ്പത്തിയും കീറിയ നിലയിലായിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ പ്രതീകമായി ലോകമെമ്പാടും ശ്രുതിയുടെ ചിത്രം മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
എന്‍ഡോസള്‍ഫാന്‍ നിരോധിച്ച സ്‌റ്റോക്ക്‌ഹോം കണ്‍വന്‍ഷനില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രങ്ങളില്‍ ശ്രുതിയുടെ ദൈന്യം നിറഞ്ഞ ചിത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പഠനത്തില്‍ മിടുക്കിയായിരുന്ന ശ്രുതിക്ക് കഴിഞ്ഞ ജൂലൈയില്‍ നടന്ന കര്‍ണാടക സര്‍ക്കാര്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഹോമിയോപ്പതിക്ക് അഡ്മിഷന്‍ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ ആഗസ്തില്‍ ശ്രുതി ബംഗളൂരു മാഗഡി മെയിന്‍ റോഡിലെ ഗവ. ഹോമിയോ മെഡിക്കല്‍ കോളജില്‍ ബിഎച്ച്എംസിന് ഹോമിയോപ്പതിക്കു ചേര്‍ന്നത്.
Next Story

RELATED STORIES

Share it