സര്‍ക്കാര്‍ വഞ്ചിച്ചെന്ന് സ്ത്രീ തൊഴിലാളികള്‍മാ തോട്ടം തൊഴിലാളി സമരം ശക്തമാക്കുന്നു; മൂന്നാറില്‍ ഇന്നുമുതല്‍ ദേശീയപാത ഉപരോധം

ഷാനവാസ് കാരിമറ്റം

മൂന്നാര്‍: ചര്‍ച്ച വീണ്ടും പരാജയപ്പെട്ടതോടെ തേയിലത്തോട്ടം തൊഴിലാളികളുടെ സമരം കൂടുതല്‍ ശക്തമാക്കുന്നു. ഇന്നുമുതല്‍ തൊഴിലാളികള്‍ കൊച്ചി- മധുര ദേശീയപാത ഉപരോധിക്കും. സംയുക്ത യൂനിയനുകളും പൊണ്‍കള്‍ ഒരുമൈ സഖ്യവും ഇന്ന് ഉപരോധ സമരം നടത്തും. പി.എല്‍.സി. യോഗത്തില്‍ ശമ്പളപ്രശ്‌നം തീരുമാനമാവാതെ വന്നതോടെയാണ് സമരം ശക്തമാക്കാന്‍ ഇരു വിഭാഗങ്ങളും തീരുമാനിച്ചത്. സ്‌കൂള്‍കുട്ടികള്‍ അടക്കമുള്ള മുഴുവന്‍ കുടുംബാംഗങ്ങളും സമരത്തില്‍ പങ്കാളികളാവുമെന്ന് നേതാക്കള്‍ അറിയിച്ചു. ഇന്നലെ രാവിലെ മുതല്‍ സമാധാനപരമായി സമരം നടത്തിയിരുന്ന തൊഴിലാളികള്‍ പി.എല്‍.സി. യോഗത്തില്‍ തീരുമാനമായില്ലെന്ന് അറിഞ്ഞതോടെ കുപിതരായി.

ഇരുനൂറിലധികം തൊഴിലാളികള്‍ കൊച്ചി- മധുര ദേശീയപാതയും മാട്ടുപ്പെട്ടി റോഡും ഉപരോധിച്ചു. പോലിസ് ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടെ പൊണ്‍കള്‍ സഖ്യത്തിലെ രാജേശ്വരി അടക്കം മൂന്നു സ്ത്രീ തൊഴിലാളികള്‍ കുഴഞ്ഞുവീണു. ഇവരെ ടാറ്റാ ടീ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ നൂറിലധികം വരുന്ന പുരുഷന്‍മാര്‍ റോഡിലേക്കു കയറി മുദ്രാവാക്യം വിളിച്ചതോടെ ദേശീയപാതയില്‍ മൂന്നു മണിക്കൂറിലധികം ഗതാഗതം സ്തംഭിച്ചു. വാഹനങ്ങള്‍ ബലം പ്രയോഗിച്ചു തടയാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനു കാരണമായി. പോലിസിന്റെ അവസരോചിതമായ ഇടപെടല്‍ സംഘര്‍ഷത്തിന് അയവു വരുത്തി.

സര്‍ക്കാര്‍ വഞ്ചിച്ചതായി പൊണ്‍കള്‍ ഒരുമൈ തൊഴിലാളികള്‍ ആരോപിച്ചു. സര്‍ക്കാരും യൂനിയനുകളും മാനേജ്‌മെന്റുകളും ഒത്തുകളിക്കുകയാണ്. ദേശീയപാത ഉപരോധിച്ചാല്‍ സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കുമെന്നും ഗതാഗതം തടയാന്‍ അനുവദിക്കില്ലെന്നും മൂന്നാര്‍ എ.എസ്.പി. മെറിന്‍ ജോസഫ് അറിയിച്ചു. എന്നാല്‍, ശമ്പള പ്രശ്‌നത്തില്‍ തീരുമാനമാവുന്നതു വരെ സമരം തുടരുമെന്ന് സമര സമിതിയും അറിയിച്ചു. അതിനിടെ പൊമ്പിളൈ ഒരുമൈ ഇന്നു മൂന്നാറില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നെങ്കിലും അവസാന നിമിഷം പിന്‍വലിച്ചു.
Next Story

RELATED STORIES

Share it