kozhikode local

സര്‍ക്കാര്‍ ലക്ഷ്യം വിദ്യാഭ്യാസരംഗത്ത് ജനകീയ ഇടപെടല്‍ : മന്ത്രി



വടകര: വിദ്യാഭ്യാസ രംഗത്ത് ജനകീയ ഇടപെടലുകളിലൂടെ പുരോഗതി കൈവരിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു. മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഹപാഠിയായ തോടന്നൂരിലെ മീത്തലെ മലയില്‍ ശ്രീഷ്മയ്ക്ക് നിര്‍മിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ കുടുംബത്തിന് കൈമാറി  സംസാരിക്കുകയായിരുന്നു മന്ത്രി. ജനപങ്കാളിത്തത്തോടെയാണ് സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്ത് ഇടപെടുന്നത്. പൊതുസമൂഹത്തില്‍ നിന്നും ഇതിന് വര്‍ദ്ധിച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇതില്‍ നിന്ന് ആര്‍ക്കും മാറി നില്‍ക്കാന്‍ കഴിയില്ല. ജനങ്ങളോടൊപ്പം അധ്യാപകരും, വിദ്യാര്‍ഥികളും മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വികസനത്തിന് മുന്നിട്ടിറങ്ങുന്നത് സംസ്ഥാനത്തിന് തന്നെ അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോളാണ് ശ്രീഷ്മക്ക് അമ്മയെ നഷ്ടമാകുന്നത്. അനുയോജ്യമായ വീട് ഇല്ലാത്ത സാഹചര്യത്തിലാണ് സഹപാഠികളും അധ്യാപകരും മുന്‍കൈയെടുത്ത് വീട് നിര്‍മിച്ച് നല്‍കിയത്. തോടന്നൂര്‍ എംഎല്‍പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പാറക്കല്‍ അബ്ദുള്ള എംഎല്‍എ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ പികെ കൃഷ്ണദാസ്, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി, ജില്ലാ പഞ്ചായത്ത് അംഗം ആര്‍ ബാലറാം, പഞ്ചായത്ത് പ്രസിഡന്റുമാരായ എം ജയപ്രഭ, എ മോഹനന്‍, കെകെ മോഹനന്‍, എഎം നഷീദ, ബ്ലോക്ക് അംഗം ഇ പ്രഭാവതി, ഡിഇഒ സദാനന്ദന്‍ മാണിക്കോത്ത്, എഇഒ പ്രദീപ് കുമാര്‍, ബിപിഒ എടത്തട്ട രാധാകൃഷ്ണന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it