സര്‍ക്കാര്‍ ലക്ഷ്യം ഡിജിറ്റല്‍ ജീവിതശൈലി സാര്‍വത്രികമാക്കല്‍

കൊച്ചി: ഡിജിറ്റല്‍ ജീവിതശൈലി സാര്‍വത്രികമാക്കുകയും വിവരസാങ്കേതിക രംഗത്ത് കേരളത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ രണ്ടു ദിവസത്തെ ഫ്യൂച്ചര്‍ ഗ്ലോബല്‍ ഐടി സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അറിവാണു ഭാവി. അറിവിലാണു ഭാവി. മാറുന്ന സമ്പദ്‌വ്യവസ്ഥയ്ക്കനുസൃതമായി യുവാക്കളുടെ തൊഴില്‍വൈദഗ്ധ്യത്തെ സജ്ജമാക്കേണ്ടതുണ്ട്. ഡിജിറ്റല്‍ മേഖലയില്‍ ലോകനിലവാരമുള്ള അവസരങ്ങള്‍ സംസ്ഥാനത്ത് ലഭ്യമാക്കണം. ഐടി പാര്‍ക്കുകളുടെ അടിസ്ഥാന സൗകര്യ വികസനമടക്കം ഇതിനുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചുവരുകയാണ്. ഭൗതിക സാഹചര്യങ്ങള്‍ മാത്രമല്ല, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കൂടി വികസിക്കേണ്ടതുണ്ട്. ഇന്റര്‍നെറ്റ് ഓരോ പൗരന്റെയും അവകാശമായി നാം പ്രഖ്യാപിച്ചുകഴിഞ്ഞു.
ഓരോ വര്‍ഷവും 1000 പബ്ലിക് വൈഫൈ സ്‌പോട്ടുകള്‍ പാര്‍ക്കുകളിലും ലൈബ്രറികളിലും ഏര്‍പ്പെടുത്തുന്നത് ആരംഭിച്ചുകഴിഞ്ഞു. കേരളത്തിലെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും വൈദഗ്ധ്യമുള്ള മനുഷ്യ വിഭവശേഷിയും ലോകനിലവാരമുള്ള ഭൗതിക, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളും വന്‍കിട നോളജ് കമ്പനികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നു. വിവരസാങ്കേതിക ഡിജിറ്റല്‍ രംഗത്തെ പ്രധാന ലക്ഷ്യസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് പ്രഥമ ഡിജിറ്റല്‍ ഗ്ലോബല്‍ സമ്മിറ്റിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫ്യൂച്ചര്‍ സമ്മിറ്റിലൂടെ സംസ്ഥാനത്തെ എല്ലാവര്‍ക്കും ഡിജിറ്റല്‍ ജീവിതശൈലി സാധ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഐടി രംഗത്തെ ചിന്തക ര്‍, പ്രമുഖ ഐടി വ്യവസായ സംരംഭകര്‍, ഐടി വിദഗ്ധര്‍ എന്നിവരുടെ ആശയങ്ങള്‍ ഇതിനായി പ്രയോജനപ്പെടുത്തും. സര്‍ക്കാര്‍ സേവനങ്ങള്‍ക്കായുള്ള എം കേരള മൊബൈല്‍ ആപ്പും മുഖ്യമന്ത്രി ചടങ്ങില്‍ പുറത്തിറക്കി. ഉന്നതാധികാരസമിതി ചെയര്‍മാന്‍ എസ് ഡി ഷിബുലാല്‍, ഐടി ഉപദേഷ്ടാവ് എം ശിവശങ്കരന്‍, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ഫ്യൂച്ചര്‍ കണ്‍വീനര്‍ വി കെ മാത്യൂസ് പങ്കെടുത്തു.
ഉദ്ഘാടനത്തിനു ശേഷം അഡ്വാന്‍സ്ഡ് ഇമേജിങ് സൊസൈറ്റി പ്രസിഡന്റ് ജിം ചാബി ന്‍, വി ആര്‍ സോണി ഡയറക്ടര്‍ ജെയ്ക്ക് ബ്ലാക്ക്, റെയ്‌സ് ത്രിഡി സിഇഒ അനുഭ സിന്‍ഹ, മാപ്പ് മൈ ജെനോം സിഇഒ അനുരാധ ആചാര്യ, ക്യുര്‍ സിഇഒ പ്രശാന്ത് വാര്യര്‍, ബൈജൂസ് ആപ്പ് സിഇഒ  ബൈജു രവീന്ദ്രന്‍, കെപിഎംജി സിഇഒ അരുണ്‍കുമാര്‍, സിസ്‌കോ സിസ്റ്റംസ് എംഡി ഹരീഷ് കൃഷ്ണന്‍, സ്മാര്‍ട്ട്‌സിറ്റി, സാന്‍ഡ്‌സ് ഇന്‍ഫ്ര പ്രതിനിധികള്‍, ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേകനി, ഹാവഡ് മെഡിക്കല്‍ സ്‌കൂള്‍ പ്രഫസര്‍ അജിത് തോമസ്, ഇല്ലിനോയ്‌സ് യൂനിവേഴ്‌സിറ്റി പ്രഫസര്‍ കേശ് കേശവദാസ്, എമിറേറ്റ്‌സ് ചീഫ് ഡിജിറ്റല്‍ ഓഫിസര്‍ ക്രിസ്റ്റോ മുള്ളര്‍, ലുഫ്താന്‍സ ഗ്ലോബല്‍ സിഇഒ റോളണ്ട് ഷൂള്‍സ് എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.
Next Story

RELATED STORIES

Share it