സര്‍ക്കാര്‍ രാഷ്ട്രീയവിരോധം തീര്‍ക്കുന്നു;കെഎഫ്‌സിയില്‍ ക്രമവിരുദ്ധ നിയമനവും അനധികൃത സ്ഥലംമാറ്റവും

തിരുവനന്തപുരം: കേരള ഫിനാന്‍സ് കോര്‍പറേഷനില്‍ ക്രമവിരുദ്ധ നിയമനവും അനധികൃത സ്ഥലംമാറ്റവും. ചട്ടവിരുദ്ധ നിയമനം എന്ന കാരണത്താല്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിടാന്‍ ധനവകുപ്പ് ശുപാര്‍ശ ചെയ്ത സിപിഎം നേതാവിന്റെ മകനെ കോര്‍പറേഷനില്‍ മാനേജിങ് ഡയറക്ടറായി നിയമിച്ചത് വിവാദങ്ങള്‍ക്കിടായാക്കി. ഇതിനു പിന്നാലെ 85 ജീവനക്കാരെ ചട്ടവിരുദ്ധമായി സ്ഥലംമാറ്റുകയും ചെയ്തു. സര്‍ക്കാര്‍ രാഷ്ട്രീയവിരോധം തീര്‍ക്കുകയാണെന്ന് കെഎഫ്‌സി പ്രഫഷനല്‍ വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. വി പ്രതാപചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.യുഡിഎഫ് അനുഭാവികളെന്ന പേരില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി ജൂനിയര്‍ ഉദ്യോഗസ്ഥന്മാരുടെ കീഴില്‍ നിയമിക്കുന്ന കേട്ടുകേള്‍വിയില്ലാത്ത നടപടിയും കോര്‍പറേഷനില്‍ ഉണ്ടായി. സിപിഎം നേതാവും മുന്‍ എംപിയുമായ എകെ പ്രേമജത്തിന്റെ മകന്‍ പ്രേംനാഥ് രവീന്ദ്രനാഥിനെയാണ് എംഡിയായി നിയമിച്ച് മെയ് 31ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പ്രേംനാഥിനെതിരേ വിജിലന്‍സ് അന്വേഷണം നിലനില്‍ക്കുമ്പോഴാണ് ഈ ചുമതലയില്‍ നിയമിച്ചിരിക്കുന്നത്. അദ്ദേഹം ചുമതലയേറ്റ അരമണിക്കൂറിനുള്ളില്‍ തന്നെ സീനിയോറിറ്റിയും മാനദണ്ഡങ്ങളും മറികടന്ന് സിഐടിയു അംഗമല്ലാത്ത ദിവസവേതനക്കാരെ യാതൊരു കാരണവും കൂടാതെ പിരിച്ചുവിടുകയും ചെയ്തു. ഐഎഎസ് കേഡറിലുള്ള ഉദ്യോഗസ്ഥന്‍ സേവനം അനുഷ്ഠിച്ച പദവിയില്‍ കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്താണ് നേരിട്ട് നിയമനം നടത്തിയത്. ബോര്‍ഡ് നിശ്ചയിച്ച വിദ്യാഭ്യാസ യോഗ്യതയും നിശ്ചിത പ്രവൃത്തി പരിചയവും പ്രേംനാഥിന് ഇല്ലായിരുന്നുവെന്ന് അന്നുതന്നെ പരാതി ഉയര്‍ന്നിരുന്നു. നിയമനത്തിന് അന്നത്തെ എംഡിയായിരുന്ന പിടി നന്ദകുമാര്‍ ഒത്താശ ചെയ്‌തെന്നും പ്രതാപചന്ദ്രന്‍ ആരോപിച്ചു. പരാതികളിന്മേല്‍ ധനവകുപ്പ് നടത്തിയ പരിശോധനയില്‍ പ്രേംനാഥിന്റെ നിയമനം അനധികൃതമാണെന്ന് കണ്ടെത്തിയിരുന്നു. നിയമനത്തില്‍ സുതാര്യതയില്ലെന്നും യോഗ്യത നിശ്ചയിച്ചത് ബോര്‍ഡിന്റെ അനുമതിയില്ലാതെയാണെന്നും നിയമനത്തില്‍ അനാവശ്യ തിടുക്കം കാട്ടിയെന്നും പരിശോധനാ വിഭാഗം റിപോര്‍ട്ട് ചെയ്തിരുന്നു. 2008 മാര്‍ച്ച് 26 മുതല്‍ 2011 ജൂലൈ അഞ്ചു വരെ പ്രേംനാഥ് അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ഒപ്പിടാത്തതും ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തി. ഇദ്ദേഹം പദവിയിലിരുന്ന കാലയളവില്‍ വായ്പ അനുവദിച്ചതിലും റവന്യൂ റിക്കവറി നടപടികളിലും ക്രമക്കേട് കണ്ടെത്തുകയുണ്ടായി. ഇതെല്ലാം മറച്ചുവച്ചാണ് ആരോപണവിധേയനായ ഒരാളെ കോര്‍പറേഷന്റെ ഉന്നതപദവിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it