സര്‍ക്കാര്‍ ഭൂമി കൈയേറ്റം: മോണിറ്ററിങ് സെല്‍ രൂപീകരിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമി കൈയേറ്റം കണ്ടെത്തുന്നതിനും തടയുന്നതിനും ഒഴിപ്പിക്കുന്നതിനും ലാന്‍ഡ് റവന്യൂ കമ്മീഷണറെയും അസി. കമ്മീഷണറെയും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി മോണിറ്ററിങ് സെല്‍ രൂപീകരിച്ചു. സര്‍ക്കാര്‍ ഭൂമി കൈയേറ്റം സംബന്ധിച്ച് ജില്ലാ കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവരില്‍ നിന്ന് സെല്‍ റിപോര്‍ട്ട് തേടും.
കൈയേറ്റം സമയബന്ധിതമായി ഒഴിപ്പിക്കുന്നതിന് ഇടപെടുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. മാധ്യമങ്ങളില്‍ ഭൂമികൈയേറ്റം സംബന്ധിച്ചു വരുന്ന റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സ്ഥലപരിശോധന നടത്തി നടപടി സ്വീകരിക്കാന്‍ സെല്ലിന് അധികാരമുണ്ടാവും. അധികാരസ്ഥാപനങ്ങളുടെ സ്റ്റേ ഉത്തരവുകള്‍ ഒഴിപ്പിച്ചെടുക്കാനുള്ള ചുമതലയും ഇവര്‍ക്കുണ്ട്.
കോടതിയില്‍ നിലനില്‍ക്കുന്ന കേസുകളില്‍ സര്‍ക്കാരിന്റെ ഭാഗം വാദിക്കുന്നതിനും സ്റ്റേറ്റ്‌മെന്റുകളും കൗണ്ടര്‍ അഫിഡവിറ്റുകളും ഫയല്‍ ചെയ്യുന്നതിനും സത്വര നടപടി സ്വീകരിക്കും.
സബ് കലക്ടര്‍മാരുടെയും ആര്‍ഡിഒമാരുടെയും നേതൃത്വത്തില്‍ സര്‍ക്കാര്‍ഭൂമികളുടെയും പുറമ്പോക്കുകളുടെയും ഇടവഴികളുടെയും കൈയേറ്റം ഒഴിപ്പിക്കുന്നതിന് സ്‌പെഷ്യല്‍ ഡ്രൈവ് നടത്താനും സെല്ലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it