malappuram local

സര്‍ക്കാര്‍ ഭൂമി കൈയേറിയുള്ള കല്യാണമണ്ഡപ നിര്‍മാണം തടഞ്ഞു

മഞ്ചേരി: നറുകര വില്ലേജില്‍ ഉള്‍പ്പെട്ട റവന്യൂ മിച്ചഭൂമിയില്‍ സ്വകാര്യ വ്യക്തികളുടെ കല്യാണ മണ്ഡപ നിര്‍മാണം. മഞ്ചേരി ചെരണിയില്‍ പവര്‍ഹൗസ് റോഡിനടുത്തുള്ള ഒമ്പത് ഏക്കറിലധികം ഭൂമി കൈയേറിയാണ് അനധികൃത നിര്‍മാണമെന്ന് റവന്യു ഉദ്യോഗസ്ഥ സംഘം കണ്ടെത്തി. തടര്‍ന്ന് ഭൂമി ഒഴിപ്പിച്ച് സംഘം കെട്ടിടം പൂട്ടി. നിര്‍മാണ പ്രവൃത്തികള്‍ക്കായി കൊണ്ടുവന്ന വാഹനവും കസ്റ്റഡിയിലെടുത്തു. സര്‍ക്കാര്‍ ഭൂമി വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ഏറനാട് താലൂക്ക് തഹസില്‍ദാര്‍ (ലാന്റ് റവന്യു) ദേവകി, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഡാനിയല്‍, വില്ലേജ് ഓഫിസര്‍ എച്ച് വിന്‍സന്റ്, സര്‍വെയര്‍മാരായ എസ് നിസാര്‍, ശങ്കരനാരായണന്‍, വില്ലേജ് അസിസ്റ്റന്റുമാരായ കെ കെ ബേബി, ഹരിഗോവിന്ദന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഉദ്യോഗസ്ഥ സംഘമെത്തിയപ്പോള്‍ ഭൂമിക്ക് രേഖയുണ്ടെന്ന് കൈവശംവച്ചവര്‍ പറഞ്ഞെങ്കിലും ഹാജരാക്കിയത് തെറ്റായ ആധാരമാണ്. തുടര്‍ന്നായിരുന്നു ഏറ്റെടുക്കല്‍. കോഴിക്കാട്ടുകുന്നിലെ രണ്ടേക്കര്‍ ഒന്‍പത് സെന്റു സ്ഥലവും കൈയേറിയതായി കണ്ടെത്തി. ഇത് ജനവാസ മേഖലയാണ്. മതിയായ രേഖകളില്ലാതെ 18 കുടുംബങ്ങളാണ് ഇവിടെ വീടുവച്ച് താമസിക്കുന്നത്. നാമമാത്രമായ ഭൂമിയാണ് ഓരോകുടുംബത്തിന്റേയും കൈവശമെന്നതിനാല്‍ ഇവരെ ഒഴിപ്പിക്കാതെ നിയപരമായി ഭൂമി നല്‍കാന്‍ ശുപാര്‍ശ ചെയ്ത് ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഉദ്യോഗസ്ഥ സംഘം അറിയിച്ചു. ചെരണി പ്ലൈവുഡ് റോഡില്‍ മൂന്നേക്കര്‍ 67 സെന്റ് സ്ഥലവും ഇത്തരത്തില്‍ കൈയേറി കുടുംബങ്ങള്‍ വീടുവച്ചിട്ടുണ്ട്.നറുകര വില്ലേജില്‍ രേഖകള്‍ പ്രകാരം 45 ഏക്കറിലധികം മിച്ചഭൂമിയുണ്ട്. ഇതില്‍ ഭൂരിഭാഗവും സ്വകാര്യ വ്യക്തികള്‍ കൈയേറിയതാണ്. റവന്യൂ സംഘം നടത്തിയ പരിശോധനയില്‍ ഇതുവരെ 19 ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ചിട്ടുണ്ട്. ബാക്കി ഭൂമിയും വീണ്ടെടുക്കുമെന്ന് വില്ലേജ് ഓഫിസര്‍ എച്ച് വിന്‍സന്റ് പറഞ്ഞു.
Next Story

RELATED STORIES

Share it