സര്‍ക്കാര്‍ ഭൂമാഫിയകളുടെ ഏജന്റ്: എസ്ഡിപിഐ

കൊച്ചി: സ്വന്തമായി വീടില്ലാത്തവര്‍ക്ക് വാസയോഗ്യമായ മൂന്ന് സെന്റ് ഭൂമിപോലും ലഭ്യമാക്കാന്‍ കഴിവില്ലാത്ത പിണറായി സര്‍ക്കാര്‍ വന്‍കിട ഭൂമാഫിയകളുടെ മുഖ്യ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ ആരോപിച്ചു.
നൂറ്റാണ്ടുകളായി അനധികൃതമായി ഭൂമി കൈവശംവച്ച് അനുഭവിച്ചുവരുന്ന ഹാരിസണ്‍സ്, കണ്ണന്‍ദേവന്‍ തുടങ്ങിയ വന്‍കിട കമ്പനികള്‍ക്ക് അനുകൂലമായ കോടതി വിധി സമ്പാദിക്കാന്‍ ഒത്താശചെയ്ത പിണറായി സര്‍ക്കാരിന് ഭരണത്തില്‍ തുടരാനുള്ള ധാര്‍മികത നഷ്ട്ടപ്പെട്ടിരിക്കുകയാണ്. വിവിധ റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കൈവശഭൂമിയില്‍ അവര്‍ക്കു യാതൊരവകാശവുമില്ലെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടുവര്‍ഷം മുമ്പ് ഹാരിസണിന്റെ ഭൂമി ഏറ്റെടുക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കാതിരുന്നത് ദുരൂഹമാണ്.റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് 2007ല്‍  സമര്‍പ്പിച്ച റിപോര്‍ട്ട് നടപ്പാക്കാന്‍ ഇരു മുന്നണികളും തയ്യാറായില്ല.
സംസ്ഥാനത്തെ വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് സര്‍വകക്ഷി യോഗത്തില്‍ ഉറപ്പുകൊടുത്ത മുഖ്യമന്ത്രി പിന്നീട് ഭൂമാഫിയക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചത് ഔദ്യോഗിക പദവിയുടെ ദുരുപയോഗമാണ്. രാജമാണിക്യം റിപോര്‍ട്ടിന് നിയമസാധ്യതയില്ലെന്ന് വാദം നിരത്തിയ നിയമവകുപ്പ് സെക്രട്ടറിയുടെ നിലപാടുകള്‍ ഏതു സാഹചര്യത്തിലായിരുന്നുവെന്ന് സ്വതന്ത്ര അന്വേഷണത്തിലൂടെ കണ്ടെത്തണം. ഭൂമാഫിയകളുടെ താല്‍പ്പര്യം മാത്രം സംരക്ഷിക്കുന്ന നയം കടുത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും എം കെ മനോജ് കുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it