സര്‍ക്കാര്‍ ഫാഷിസ്റ്റുകളെ ഭയപ്പെടുന്നു: അറബിക്കിനു പകരം വിദേശ ഭാഷാ സര്‍വകലാശാല

സമീര്‍ കല്ലായി

മലപ്പുറം: അറബിക് സര്‍വകലാശാലയ്ക്ക് പകരം വിദേശ ഭാഷാ സര്‍വകലാശാല രൂപീകരിക്കാ ന്‍ മന്ത്രിസഭാ തീരുമാനം. അറബിക് സര്‍വകലാശാല വിഷയത്തിലെ വഞ്ചന തുറന്നുകാട്ടി അധ്യാപക സംഘടനകളും മുസ്‌ലിം സംഘടനകളും പ്രക്ഷോഭമാരംഭിക്കാനുള്ള നീക്കം കഴിഞ്ഞ ദിവസം തേജസ് റിപോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തില്‍ അറബിക്കിനു പകരം വിദേശ ഭാഷാ സര്‍വകലാശാല രൂപീകരിച്ചു തല്‍ക്കാലം തടിതപ്പാന്‍ തീരുമാനമായത്.
ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് യൂനിവേഴ്‌സിറ്റി (ഇഫഌ) മോഡല്‍ സര്‍വകലാശാലയാണ് ലക്ഷ്യം. പിന്നീട് ഇത് അറബിക് ആന്റ് ഫോറിന്‍ ലാംഗ്വേജസ് യൂനിവേഴ്‌സിറ്റിയായി (അഫഌ) രൂപാന്തരപ്പെടും. ഇഫഌ സര്‍വകലാശാല മലപ്പുറത്തെത്തി നഷ്ടപ്പെട്ടിരുന്നു. ഇതാണ് പുതിയ സര്‍വകലാശാല രൂപീകരണത്തിന്റെ പശ്ചാത്തലമെന്നായിരിക്കും വിശദീകരിക്കുക. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് ധനമന്ത്രി തോമസ് ഐസക് അറബിക് സര്‍വകലാശാല സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നു.
യുഡിഎഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിട്ടും അവസാന ബജറ്റിലും ഇടംപിടിക്കാത്തത് ചര്‍ച്ചയായപ്പോഴാണു വിദേശ ഭാഷാ സര്‍വകലാശാല എന്ന ആശയവുമായി യുഡിഎഫ് രംഗത്തുവന്നിട്ടുള്ളത്. ഇങ്ങനെ വരുമ്പോള്‍ ഫാഷിസ്റ്റ് ശക്തികളുടെ എതിര്‍പ്പ് ഒഴിവാക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. യഥാര്‍ഥത്തില്‍ അറബി ഭാഷ ഒരു സമുദായത്തിന്റെയോ വിഭാഗത്തിന്റെയോ അല്ലാതെ ഒട്ടേറെ തൊഴില്‍ സാധ്യതകളുള്ളതാണെന്നിരിക്കെ സര്‍ക്കാര്‍ ആരെയാണ് ഭയപ്പെടുന്നതെന്നാണ് മുസ്‌ലിം ലീഗിനെ പിന്തുണയ്ക്കുന്നവര്‍തന്നെ ചോദിക്കുന്നത്.
ആറാഴ്ചയ്ക്കുള്ളില്‍ സര്‍വകലാശാലയ്ക്കായി സ്‌പെഷ്യല്‍ ഓഫിസറെ നിയമിക്കും. മലയാളം സര്‍വകലാശാല വിസി ഡോ. കെ ജയകുമാറാണ് പരിഗണനയില്‍. സര്‍വകലാശാല ആസ്ഥാനം മലപ്പുറത്തിന് പകരം പാലക്കാടോ മറ്റോ സ്ഥാപിക്കാനാണു ധാരണ. ഇതുസംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും.
Next Story

RELATED STORIES

Share it