സര്‍ക്കാര്‍ പ്രസുകളെ തഴഞ്ഞു; ലോട്ടറി ടിക്കറ്റ് അച്ചടിക്കുള്ള കരാര്‍ സ്വകാര്യ പ്രസിന് നല്‍കി സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: ചട്ടങ്ങള്‍ മറികടന്ന് സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകള്‍ അച്ചടിക്കാനുള്ള കരാര്‍ സ്വകാര്യ പ്രസിന് നല്‍കി നികുതി വകുപ്പിന്റെ ഉത്തരവ്. പൊതുമേഖലാ സ്ഥാപനമായ സിഡ്‌കോയുടെ മറവില്‍, സിഡ്‌കോയ്ക്ക് 26 ശതമാനം ഓഹരിയുള്ള സ്വകാര്യ പ്രസിനാണ് അച്ചടിക്ക് അനുമതി നല്‍കിയത്.
നിലവില്‍ ഭാഗ്യക്കുറി ടിക്കറ്റ് അച്ചടിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളായ സി ആപ്റ്റ്, കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍സ് സൊസൈറ്റി (കെബിപിഎസ്) എന്നിവയെ ഒഴിവാക്കിയാണിത്. പുതിയ ലോട്ടറി ടിക്കറ്റുകള്‍ അച്ചടിക്കാന്‍ തയ്യാറാണെന്നു പൊതുമേഖലാ പ്രസുകള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നെങ്കിലും ഇതു നിരസിക്കുകയായിരുന്നു. മാര്‍ച്ച് നാലിനാണ് നികുതിവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡബ്ല്യൂ ആര്‍ റെഡ്ഡി ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
സിഡ്‌കോ അടുത്തിടെ മണ്‍വിളയിലെ സ്വകാര്യ പ്രസുമായി ചേര്‍ന്നു കേരള സിഡ്‌കോ ഹൈടെക് സെക്യൂരിറ്റി പ്രിന്റിങ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചിരുന്നു. ഇവിടെ 26 ശതമാനം ഓഹരി സിഡ്‌കോയ്ക്ക് ഉണ്ടെന്നാണ് ഉത്തരവിലുള്ളത്. സിഡ്‌കോയ്ക്ക് ഓഹരിയുള്ള സംരംഭമാണെന്നു കാണിച്ച് പ്രസുടമകള്‍ കഴിഞ്ഞവര്‍ഷം ലോട്ടറി വകുപ്പിന് അപേക്ഷ നല്‍കിയിരുന്നു. സുരക്ഷാ സംവിധാനങ്ങളും കൂടുതല്‍ ടിക്കറ്റുകള്‍ അച്ചടിക്കാനുള്ള സൗകര്യവും ഈ പ്രസിലുണ്ടെന്നും തങ്ങള്‍ക്കും ലോട്ടറി അച്ചടി നല്‍കണമെന്നുമായിരുന്നു ആവശ്യം.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കട്ടെയെന്നു കാണിച്ച് ലോട്ടറി വകുപ്പ് ഡയറക്ടര്‍ നികുതി വകുപ്പിന് കത്ത് നല്‍കി. എന്നാല്‍, സ്വകാര്യ പ്രസില്‍ എല്ലാ സുരക്ഷാ സംവിധാനവുമുണ്ടെന്നു ലോട്ടറി ഡയറക്ടര്‍ അറിയിച്ചെന്നും ടിക്കറ്റ് അച്ചടിക്കാന്‍ അവര്‍ക്കുകൂടി അനുമതി നല്‍കുകയാണെന്നും ചൂണ്ടിക്കാട്ടി നികുതിവകുപ്പ് ഉത്തരവ് പുറത്തിറക്കുകയായിരുന്നു.
അതേസമയം, പുതിയ ടിക്കറ്റുകളുടെ അച്ചടി തങ്ങളെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് കെബിപിഎസ് കഴിഞ്ഞ ഒക്ടോബറില്‍ കത്തുനല്‍കിയിരുന്നു. ഇതിനായി നൂതന യന്ത്രങ്ങളും വാങ്ങി. ലോട്ടറി ഡയറക്ടറേറ്റിലെ കംപ്യൂട്ടര്‍ സെര്‍വര്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ 45 ലക്ഷം രൂപ വായ്പ നല്‍കാന്‍ സന്നദ്ധമാണെന്നും അറിയിച്ചിരുന്നു. ഇതെല്ലാം തള്ളിയാണ് അച്ചടി സ്വകാര്യ പ്രസിനെ ഏല്‍പ്പിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it