സര്‍ക്കാര്‍ പണിയുന്ന മേല്‍പാലങ്ങള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തില്ല: ജി സുധാകരന്‍

കൊച്ചി: വൈറ്റില ഫ്‌ളൈഓവര്‍ നിര്‍മാണം ദേശീയപാത അതോറിറ്റിയുടേതാണെന്നിരിക്കെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് അധികബാധ്യത സഹിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈറ്റില ജങ്ഷനില്‍ നടന്ന ചടങ്ങില്‍ ഫ്‌ളൈഓവര്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനത്തില്‍ സുപ്രധാന സ്ഥാനമുള്ള പദ്ധതിയായതുകൊണ്ടാണ് ബാധ്യത സഹിച്ചും സര്‍ക്കാര്‍ ഫ്‌ളൈഓവര്‍ നിര്‍മാണം ഏറ്റെടുത്തതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.  ദേശീയപാത അതോറിറ്റിയെ നിര്‍മാണ ചുമതല ഏല്‍പ്പിക്കാനുള്ള നീക്കമാണ് പദ്ധതി നീണ്ടുപോവാന്‍ കാരണം. ഇനിയും താമസിക്കരുതെന്ന നിര്‍ബന്ധമാണ് പദ്ധതി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് പ്രചോദനമായത്. ഇതിനായി കിഫ്ബിയില്‍ നിന്ന് പണം അനുവദിച്ചു കഴിഞ്ഞു. ദേശീയപാത അതോറിറ്റിയില്‍ നിന്ന് ഔദ്യോഗികമായി സമ്മതപത്രം കിട്ടിയതോടെ നിര്‍മാണം ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.  സംസ്ഥാന സര്‍ക്കാര്‍ പണിയുന്ന മേല്‍പാലങ്ങള്‍ക്കൊന്നും ടോള്‍ ഉണ്ടായിരിക്കുകയില്ലെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി ജി സുധാകരന്‍ പറഞ്ഞു. വൈറ്റില മേല്‍പാലത്തിനും ടോള്‍ ഏര്‍പ്പെടുത്തില്ല. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒമ്പതിടത്ത് ടോളുകള്‍ നിര്‍ത്തലാക്കിയതായും ജി സുധാകരന്‍ അറിയിച്ചു. വൈറ്റില മേല്‍പാലം നിര്‍മിക്കുന്നതിന് 113 കോടി രൂപയ്ക്കാണ് തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുള്ളത്. കേരള റോഡ്ഫണ്ട് ബോര്‍ഡ് ആണ് സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍. മെട്രോ റെയില്‍ കടന്നുപോവുന്നതിനാല്‍ നാലുവരി പാതയ്ക്ക് അനുയോജ്യമായ രീതിയില്‍ മൂന്നുവരി വീതമുള്ള രണ്ട് ഫ്‌ളൈ ഓവറുകള്‍ ആയിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ പാലത്തിനും 30 മീറ്റര്‍ നീളമുള്ള 12 സ്പാനുകളും 40 മീറ്റര്‍ നീളമുള്ള രണ്ട് സെന്‍ട്രല്‍ സ്പാനുകളുമായി 440 മീറ്റര്‍ നീളമാണുള്ളത്. ഈ നീളവും ഇരുവശങ്ങളിലുമുള്ള അപ്രോച്ച് റോഡും ഉള്‍പ്പെടെ തിരുവനന്തപുരം ഭാഗത്തേക്കുള്ള പാലത്തിന് 717 മീറ്റര്‍ നീളവും ആലുവ ഭാഗത്തേക്കുള്ള പാലത്തിന് 702.41 മീറ്റര്‍ നീളവുമാണുള്ളത്. ഫ്‌ളൈഓവറിന് ഇരുവശത്തുമായി മൊബിലിറ്റി ഹബ്ബില്‍ സുഗമമായി പ്രവേശിക്കുന്നതിനായി 320 മീറ്റര്‍ നീളത്തിലും ആലുവ ഭാഗത്തേക്ക് 375 മീറ്റര്‍ നീളത്തിലും രണ്ടു സ്ലിപ് റോഡുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇരുവശത്തും സര്‍വീസ് റോഡുകളില്‍ വൈദ്യുതി വിളക്കുകള്‍, ഓട എന്നിവയും നിര്‍മാണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  മുകളിലൂടെ ആറുമീറ്റര്‍ ക്ലിയറന്‍സില്‍ മെട്രോ റെയില്‍ നിര്‍മാണം തടസ്സം കൂടാതെ നടക്കുമെന്നും മന്ത്രി പറഞ്ഞു. തോമസ് ഐസക് മുഖ്യാതിഥിയായിരുന്നു.
Next Story

RELATED STORIES

Share it