സര്‍ക്കാര്‍ നീക്കത്തെ ചോദ്യംചെയ്ത് കൊളീജിയം

ന്യൂഡല്‍ഹി: ഹൈക്കോടതികളുടെ ജഡ്ജിമാരാവാന്‍ ശുപാര്‍ശ ചെയ്യുന്ന അഭിഭാഷകരുടെ ജോലിസംബന്ധമായ രേഖകള്‍ സര്‍ക്കാര്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്നതിനെതിരേ സുപ്രിംകോടതി കൊളീജിയം രംഗത്ത്.
അതേസമയം, നിയമമന്ത്രാലയം അഭിഭാഷകരുടെ പ്രവൃത്തി രേഖകള്‍ പരിശോധിച്ച് കൊളീജിയത്തിന് അയക്കുന്നത് തുടരുകയാണ്. ഹൈക്കോടതിയിലെ ജഡ്ജിമാരായി നിയമിക്കുന്നതിനായി ശുപാര്‍ശ ചെയ്യപ്പെടുന്നവരുടെ പ്രവര്‍ത്തന മേഖലകള്‍ വിശദമായ സൂക്ഷ്മപരിശോധന ആരംഭിച്ചിട്ടുണ്ടെന്ന് 2017 ജൂലൈ മൂന്നിന് കാബിനറ്റ് സെക്രട്ടറിയെ നിയമമന്ത്രാലയം അറിയിച്ചിരുന്നു.
അഭിഭാഷകരുടെ കാര്യത്തില്‍, അവര്‍ ഏതെങ്കിലും കേസില്‍ വിധിന്യായം പറഞ്ഞിട്ടുണ്ടെങ്കില്‍ അവയും ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ അവര്‍ കേസ് തീര്‍പ്പാക്കാന്‍ എടുക്കുന്ന സമയം, മാറ്റിവയ്ക്കപ്പെട്ട കേസുകള്‍ തുടങ്ങിയവ നിയമമന്ത്രാലയത്തിന്റെ കീഴിലുള്ള ഒരുസംഘം പരിശോധിക്കുമെന്നായിരുന്നു നിയമവകുപ്പ് അറിയിച്ചത്.
സുപ്രിംകോടതി കൊളീജിയം ഇതിനെ ചോദ്യംചെയ്താണു രംഗത്തുവന്നിരിക്കുന്നത്. ജുഡീഷ്യറിയാണ് ആ മേഖലയിലുള്ളവരുടെ തൊഴില്‍വൈദഗ്ധ്യം അളക്കേണ്ടതെന്നാണ് കൊളീജിയം നിലപാട്.
സ്ഥിരീകരിക്കാത്തതോ അടിസ്ഥാനരഹിതമോ ആയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രഫഷനല്‍ വൈദഗ്ധ്യം അളക്കാനാവില്ല. ഒരു വനിതാ ജുഡീഷ്യല്‍ ഓഫിസറെ മദ്രാസ് ഹൈക്കോടതി അഡീഷനല്‍ ജഡ്ജിയായി സ്ഥാനക്കയറ്റം നല്‍കിയ സംഭവത്തെ ചൂണ്ടിക്കാട്ടിയാണ് കൊളീജിയം ഇക്കാര്യം പറഞ്ഞത്.
മാനദണ്ഡമനുസരിച്ച് പ്രാഥമികമായി മൂന്നംഗ ഹൈക്കോടതി കൊളീജിയം ജഡ്ജിമാരുടെ സ്ഥാനത്തേക്ക് ഒരാളെ ശുപാര്‍ശചെയ്യുമ്പോള്‍ അവരുടെ പ്രവര്‍ത്തനരേഖകളും മന്ത്രാലയത്തിന് അയക്കും. തുടര്‍ന്ന് നിയമവകുപ്പ് ശുപാര്‍ശ ചെയ്യപ്പെട്ട വ്യക്തിയുടെ ഐബി റിപോര്‍ട്ട് അടക്കം ഈ ശുപാര്‍ശ സുപ്രിംകോടതി കൊളീജിയത്തിന് കൈമാറും. അന്തിമ തീരുമാനം സുപ്രിംകോടതി കൊളീജിയമാണു കൈക്കൊള്ളുന്നത്.
Next Story

RELATED STORIES

Share it