സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം ശക്തം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍പ്രായം ഉയര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം. തീരുമാനം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇടതു യുവജനസംഘടനകളടക്കം രംഗത്ത്. പെന്‍ഷന്‍പ്രായം ഉയര്‍ത്താനുള്ള നീക്കം എന്തു വിലകൊടുത്തും ചെറുക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി.
അഭ്യസ്തവിദ്യരായ ആയിരങ്ങള്‍ ജോലിയില്ലാതെ അലയുമ്പോഴാണ് ജീവനക്കാരുടെ പെ ന്‍ഷന്‍പ്രായം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇതൊരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് സിപിഐയുടെ യുവജനസംഘടനയായ എഐവൈഎഫും പ്രതികരിച്ചു. യുവാക്കളുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്താനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് അവര്‍ വ്യക്തമാക്കി. ഡിവൈഎഫ്‌ഐയ്ക്കും ഇതേ നിലപാടാണ്. എന്നാല്‍, പരസ്യമായി പ്രതികരിക്കാന്‍ നേതാക്കള്‍ തയ്യാറായിട്ടില്ല. പെന്‍ഷ ന്‍പ്രായം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ ആവശ്യമുണ്ടെന്ന് സ്വരാജ് എംഎല്‍എ പറഞ്ഞു. എഐടിയുസിയും സ ര്‍ക്കാര്‍ നീക്കത്തിനെതിരേ രംഗത്തുവന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പെന്‍ഷന്‍പ്രായം 60 ആക്കി ഉയര്‍ത്തണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. കെഎസ്ആര്‍ടിസിക്ക് വായ്പ അനുവദിക്കുന്ന ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന്റെ ആവശ്യപ്രകാരമാണ് മുഖ്യമന്ത്രിയുടെ നടപടി. ഘടകകക്ഷി പ്രതിനിധികള്‍ ഇതിനോട് യോജിക്കാന്‍ തയ്യാറായില്ല. പാര്‍ട്ടിയുമായി ആലോചിച്ചു പറയാമെന്നായിരുന്നു അവരുടെ നിലപാട്. അടുത്ത മന്ത്രിസഭാ യോഗത്തിനു മുമ്പ് അറിയിക്കണമെന്ന് മുഖ്യമന്ത്രി എല്ലാവര്‍ക്കും നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അതിനിടെയാണ് പ്രതിഷേധവുമായി യുവജനസംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, കെഎസ്ആര്‍ടിസി പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കുന്നത് ശാശ്വത പരിഹാരമല്ലെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കി. രണ്ടോ മൂന്നോ വര്‍ഷത്തേക്കു മാത്രമേ ആശ്വാസമാവുകയുള്ളൂവെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. എല്ലാവരുമായി ചര്‍ച്ചചെയ്തു മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുകയുള്ളൂവെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രനും പറഞ്ഞു.
അതിനിടെ കെഎസ്ആര്‍ടിസിക്ക് വായ്പ നല്‍കുന്ന ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് പഞ്ചാബ് നാഷനല്‍ ബാങ്ക് പിന്‍മാറി. ബാങ്കില്‍ നടന്ന കോടികളുടെ വായ്പാ തട്ടിപ്പിനെ തുടര്‍ന്ന് പ്രതിസന്ധിയിലായതിനാല്‍ പദ്ധതിയുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചതായി സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴി 3,300 കോടി വായ്പയെടുക്കാനാണു തീരുമാനിച്ചിരുന്നത്. പഞ്ചാബ് നാഷനല്‍ ബാങ്ക് പിന്‍മാറിയതിനാല്‍ മറ്റൊരു ബാങ്കിനെ പകരം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായും മന്ത്രി കടകംപള്ളി പറഞ്ഞു.
Next Story

RELATED STORIES

Share it