wayanad local

സര്‍ക്കാര്‍ നിലപാടിന് പിന്നില്‍ ഗൂഢാലോചന: ജനകീയ കൂട്ടായ്മ

സുല്‍ത്താന്‍ ബത്തേരി: ദേശീയപാതയിലെ രാത്രിയാത്രാ നിരോധനത്തില്‍ പ്രായോഗിക പരിഹാരങ്ങള്‍ നിര്‍ദേശിക്കാനായി നീലഗിരി-വയനാട് എന്‍എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി ജനകീയ കൂട്ടായ്മ നടത്തി. പ്രായോഗിക പരിഹാരത്തിനായി സുപ്രിംകോടതി മൂന്നു സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരും ഉള്‍പ്പെട്ട ഒരു കമ്മിറ്റിയെ നിയോഗിക്കുന്ന സാഹചര്യത്തിലാണ് ആക്ഷന്‍ കമ്മിറ്റി പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായ രൂപീകരണം നടത്തിയത്.
രാത്രിയാത്രാ നിരോധനത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പോലെ തന്നെ വയനാട് എന്‍എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റിയും കക്ഷിയാണ്. എന്നാല്‍, കമ്മിറ്റിയില്‍ രാത്രിയാത്രാ നിരോധന കേസ് തന്നെ അട്ടിമറിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. തുരങ്കവും മേല്‍പ്പാലവും പ്രായോഗികമല്ലെന്നും തലശ്ശേരി-മൈസൂരു റെയില്‍പാതയാണ് പരിഹാരമെന്നുമാണ് കേരളത്തിന്റെ പ്രതിനിധി കമ്മിറ്റിയില്‍ നിര്‍ദേശിച്ചത്.
നിരോധനം വൈകീട്ട് ആറു മുതല്‍ രാവിലെ 6 വരെ ആക്കണമെന്നു കേരളത്തിലെ വനംവകുപ്പ് മേധാവിയും നിലപാടെടുത്തു.  ഇതു പുറത്തറിഞ്ഞപ്പോള്‍ ജൈവപാലങ്ങള്‍ നിര്‍മിക്കണമെന്നും അതുവരെ രാത്രി സര്‍ക്കാര്‍ ബസ്സുകള്‍ കോണ്‍വോയ് അടിസ്ഥാനത്തില്‍ അനുവദിക്കണമെന്നും കേരളാ സര്‍ക്കാര്‍ കത്ത് നല്‍കിയിട്ടുണ്ട്.  എന്നാല്‍, ആദ്യനിര്‍ദേശങ്ങള്‍ പിന്‍വലിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറായിട്ടില്ല. രാത്രിയാത്രാ നിരോധനത്തെ ദുരുപയോഗം ചെയ്ത് തലശ്ശേരി-മൈസൂരു റെയില്‍പാത സുപ്രിംകോടതിയെ കൊണ്ട് അനുവദിപ്പിക്കാനും ദേശീയപാത 212 അടപ്പിക്കാനുമുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നു കൂട്ടായ്മ വിലയിരുത്തി.
അഡ്വ. ടി എം റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ. പി വേണുഗോപാല്‍, പി എം ജോയി, ഖാദര്‍ ചിങ്കിളി, എം എ അസൈനാര്‍, പ്രശാന്ത് മലവയല്‍, പി വൈ മത്തായി, ജോസ് തണ്ണിക്കോട്, കെ നൂറുദ്ദീന്‍, സുനില്‍, അബ്ദുല്‍ റസാക്ക്, മോഹന്‍ നവരംഗ്, ജോയിച്ചന്‍ വര്‍ഗീസ്, ജോണ്‍ തയ്യില്‍, മനോജ്, ജോസ്, സംഷാദ് എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it