സര്‍ക്കാര്‍ നിര്‍ദേശം പിന്‍വലിക്കണം: മഹല്ല് ജമാഅത്ത് കൗണ്‍സില്‍

തിരുവനന്തപുരം: മതന്യൂനപക്ഷങ്ങള്‍ നടത്തുന്ന അനാഥ- അഗതി മന്ദിരങ്ങള്‍ ബാലനീതി നിയമത്തിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പിന്‍വലിക്കണമെന്ന് മഹല്ല് ജമാഅത്ത് കൗണ്‍സില്‍. ഇക്കാര്യം ഉള്‍പ്പെടുത്തി മുസ്‌ലിം സമുദായത്തേയും മത ന്യൂനപക്ഷങ്ങളെ പൊതുവേയും ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മഹല്ല് ജമാഅത്ത് കൗണ്‍സില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിവേദനം സമര്‍പ്പിച്ചതായി ജനറല്‍ സെക്രട്ടറി പി കെ എ കരീം ഹാജി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മതപഠനത്തിനായുള്ള സ്ഥാപനങ്ങളും പള്ളി മദ്‌റസകളും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനനുവദിക്കുക, ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പുകളും പഠന സഹായങ്ങളും ലഭിക്കുന്നതിനുള്ള കുടുംബ വരുമാനപരിധി മേല്‍ത്തട്ട് വരുമാന പരിധിക്ക് തുല്യമാക്കുക, നരേന്ദ്രന്‍, സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട് പ്രകാരം സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ സംവരണ തോതനുസരിച്ച് മുസ്‌ലിം സമുദായങ്ങളില്‍ ലഭിക്കേണ്ട തസ്തികകള്‍ നികത്തുന്നതിന് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തുവാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
വാര്‍ത്താസമ്മേളനത്തില്‍ വര്‍ക്കിങ് പ്രസിഡന്റ് എ എ ലത്തീഫ്, സീനിയര്‍ വൈസ് പ്രസിഡന്റ് അഡ്വ. ടി കെ ഹസന്‍, വൈസ് പ്രസിഡന്റ് അഡ്വ. മുഹമ്മദ് പുഴക്കര, തിരുവനന്തപുരം ജില്ലാ സെക്രട്ടറി കമറുദ്ദീന്‍, യൂത്ത് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി സിറാജ് മാലേത്ത് പങ്കെടുത്തു.
Next Story

RELATED STORIES

Share it