സര്‍ക്കാര്‍ ധനസഹായം: ജാതി നോക്കിയാല്‍ വെള്ളാപ്പള്ളിയുടെ സമുദായം മുമ്പില്‍

പി സി അബ്ദുല്ല

കോഴിക്കോട്: സര്‍ക്കാരിന്റെ ധനസഹായ വിതരണത്തില്‍ മുസ്‌ലിം സമുദായത്തിന് മുന്‍ഗണനയെന്ന വെള്ളാപ്പള്ളി നടേശന്റെയും സംഘപരിവാരത്തിന്റെയും പ്രചാരണങ്ങള്‍ പച്ചക്കള്ളമെന്ന് വസ്തുതകള്‍. സംസ്ഥാനത്ത് പുതിയ കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണം കൈപ്പറ്റിയവരില്‍ വെള്ളാപ്പള്ളിയുടെ സമുദായം മുന്നിലാണെന്ന വസ്തുതകള്‍ മറച്ചുവച്ചാണ് കോഴിക്കോട്ട് ഓടയില്‍ വീണു മരിച്ച നൗഷാദുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും ബിജെപി നേതാക്കളും ദുഷ്പ്രചാരണത്തിനിറങ്ങിയത്.
സംസ്ഥാന ചരിത്രത്തിലാദ്യമായി രാഷ്ട്രീയസംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ കാല്‍ക്കോടിയുടെ ധനസഹായം കൈപ്പറ്റിയത് വെള്ളാപ്പള്ളിയുടെ സമുദായത്തില്‍പ്പെട്ട കുടുംബമാണ്. തൂണേരിയില്‍ രാഷ്ട്രീയകാരണങ്ങളാല്‍ കൊല്ലപ്പെട്ട ഷിബിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍നിന്നു നല്‍കിയത്. സമാനമായ സംഘര്‍ഷത്തിലാണ് കണ്ണൂര്‍ തളിപ്പറമ്പിലെ അരിയില്‍ ഷുക്കൂര്‍ എന്ന എംഎസ്എഫുകാരന്‍ കൊല്ലപ്പെട്ടത്. എന്നാല്‍, ഷുക്കൂറിന്റെ കുടുംബത്തിന് മുസ്‌ലിം ലീഗിന്റെ പങ്കാളിത്തമുള്ള സര്‍ക്കാര്‍ ധനസഹായം നല്‍കിയിട്ടില്ല.
സംസ്ഥാന ചരിത്രത്തില്‍ ഒരേസമയം ഏറ്റവും കൂടുതല്‍ തുക സര്‍ക്കാര്‍ ധനസഹായമായി നല്‍കിയവരിലും ന്യൂനപക്ഷങ്ങളില്ല. രണ്ടാം മാറാട് കലാപത്തില്‍ കൊല്ലപ്പെട്ട എട്ടുപേരുടെ കുടുംബങ്ങള്‍ക്ക് 80 ലക്ഷം നല്‍കി. പുറമെ കൊല്ലപ്പെട്ട ആര്‍എസ്എസുകാരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയും നല്‍കി. രണ്ടാം മാറാട് കലാപത്തില്‍ കൊല്ലപ്പെട്ട ഏക മുസ്‌ലിം യുവാവിന്റെ കുടുംബത്തിന് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ധനസഹായം നിഷേധിച്ചതും ശ്രദ്ധേയം.
2009 മെയ് 16ന് തിരുവനന്തപുരം ബീമാപ്പള്ളി പോലിസ് വെടിവയ്പില്‍ ആറ് മുസ്‌ലിംകള്‍ കൊല്ലപ്പെട്ടു. തോക്കിനിരയായവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ആറു വര്‍ഷം പിന്നിട്ടിട്ടും ഈ നഷ്ടപരിഹാരത്തുക പൂര്‍ണമായതോതില്‍ വിതരണം ചെയ്തിട്ടില്ല.
കാഞ്ഞങ്ങാട് കല്യോട്ട് പിതാവിനോടുള്ള വൈരാഗ്യത്തിന്റെ പേരില്‍ ആര്‍എസ്എസുകാരന്‍ സ്‌കൂളിലേക്കു പോകും വഴി കുത്തിക്കൊലപ്പെടുത്തിയ അഞ്ചാം ക്ലാസുകാരന്റെ കുടുംബത്തിന് സര്‍ക്കാര്‍ അഞ്ചു ലക്ഷം പ്രഖ്യാപിച്ചതും മുസ്‌ലിം പ്രീണനമായാണ് ബിജെപി നേതാക്കളായ വി മുരളീധരനും കെ സുരേന്ദ്രനുമൊക്കെ ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടുന്നത്.
അതേസമയം, പാലക്കാട്ട് ആത്മഹത്യ ചെയ്ത മുന്നാക്കസമുദായത്തില്‍പ്പെട്ട മൂന്ന് പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ക്കും കോന്നിയില്‍നിന്ന് വീട് വിട്ടിറങ്ങി പിന്നീട് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട മൂന്ന് പെണ്‍കുട്ടികളുടെ കുടുംബത്തിനും അഞ്ചു ലക്ഷം രൂപ വീതമാണ് ധനസഹായം നല്‍കിയത്. കൊല്ലപ്പെട്ട സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ കുടുംബത്തിന് ലക്ഷങ്ങള്‍ നല്‍കി. തീവണ്ടിയാത്രയ്ക്കിടെ ഗോവിന്ദചാമിയുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന് 10 ലക്ഷം സര്‍ക്കാര്‍ നല്‍കിയതുമൊന്നും വെള്ളാപ്പള്ളിയും കൂട്ടരും ഓര്‍ക്കുന്നില്ല.
Next Story

RELATED STORIES

Share it