സര്‍ക്കാര്‍ തോറ്റുകൊടുക്കുന്നു എന്ന് ആക്ഷേപം

കോട്ടയം: ചെറുവള്ളി എസ്‌റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്ന് ഭൂസമര പ്രവര്‍ത്തകനും കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയുമായ പ്രഫ. ടോണി കെ ബേബി. ചെറുവള്ളി എസ്‌റ്റേറ്റില്‍ വിമാനത്താവളം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് 2017 ആഗസ്ത് 7ന് മുഖ്യമന്ത്രി നിയമസഭയില്‍ എഴുതി സമര്‍പ്പിച്ച മറുപടിയില്‍ ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണെന്നു വ്യക്തമാക്കുന്നു. അതേസമയം, കഴിഞ്ഞ മാര്‍ച്ച് 7ന് രാജു അബ്രഹാം എംഎല്‍എയുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് ചെറുവള്ളി എസ്റ്റേറ്റ് ഹാരിസണ്‍ മലയാളം കമ്പനി വകയാണെന്നാണ്.
പൊന്തന്‍പുഴ വനഭൂമി വിഷയത്തില്‍ സ്വകാര്യ വ്യക്തികള്‍ക്ക് അനുകൂലമായി വിധി നേടുന്നതിനു സര്‍ക്കാര്‍ തോറ്റുകൊടുത്തതായി ആരോപണം ഉയരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടുമാറ്റം ആസൂത്രിതമാണെന്നു സംശയിക്കുന്നതായി ടോണി ആരോപിച്ചു. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ കോടതിവിധി വരാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ നിലപാടുമാറ്റം എന്നതും ശ്രദ്ധേയമാണ്.
ഫെബ്രുവരി ആദ്യവാരം വാദം പൂര്‍ത്തിയായി. കോടതിയിലും കമ്പനിക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നു വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രിയുടെ മറുപടി.
വിവാദമായ പൊന്തന്‍പുഴ വനഭൂമിയോട് ചേര്‍ന്നുകിടക്കുന്നതും വനഭൂമിയുടെ ഒരു ഭാഗം ഉള്‍പ്പെടുന്നതുമാണ് ചെറുവള്ളി എസ്റ്റേറ്റ് എന്നു രാജമാണിക്യം കമ്മീഷന്‍ കണ്ടെത്തിയിരുന്നു. പൊന്തന്‍പുഴ വനഭൂമി വിഷയത്തില്‍ തോറ്റുകൊടുത്തതും ചെറുവള്ളി എസ്‌റ്റേറ്റ് കേസില്‍ കമ്പനിക്ക് ഗുണകരമാവുന്നതിനു വേണ്ടിയാണെന്നു സംശയിക്കുന്നതായും ടോണി ആരോപിച്ചു.
ഇപ്പോഴത്തെ ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിനു ദിവസങ്ങള്‍ക്കു മുമ്പ് 2016 മെയ് 17ന് അന്നത്തെ ഹൈക്കോടതി ആക്ടിങ് ചീഫ്ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ പൊന്തന്‍പുഴ ഭൂമി വനംവകുപ്പിന്റേതാണെന്നും അത് സംരക്ഷിക്കണമെന്നും ഇടക്കാല ഉത്തരവ് നല്‍കിയിരുന്നു. ഈ ഉത്തരവ് പോലും കോടതിയില്‍ ഹാജരാക്കാതെ കേസില്‍ തോറ്റുകൊടുക്കുകയായിരുന്നു. പൊന്തന്‍പുഴ വനഭൂമി വിഷയത്തില്‍ സര്‍ക്കാരിനുണ്ടായ തിരിച്ചടി ചെറുവള്ളി ഭൂമി വിഷയത്തിലും സംഭവിക്കുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ടോണി പറഞ്ഞു.
പൊന്തന്‍പുഴ വനഭൂമിയോടു ചേര്‍ന്ന സ്വകാര്യ ഗ്രാനൈറ്റ് യൂനിറ്റിനു പ്രവര്‍ത്തനാനുമതി ലഭിച്ചതും സംശയാസ്പദമാണ്. ഈ യൂനിറ്റിന് അനുമതി ലഭിക്കുന്നതിനു ഭരണകക്ഷി എംഎല്‍എ ശ്രമിച്ചതായും ജിയോളജിസ്റ്റിന്റെ സ്ഥലംമാറ്റം അന്വേഷണവിധേയമാക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it