സര്‍ക്കാര്‍ തീരുമാനം സീനിയര്‍ ഗവ. പ്ലീഡറുടെ എതിര്‍പ്പ് മറികടന്ന്‌

തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റില്‍ പോബ്‌സണ്‍ ഗ്രൂപ്പില്‍നിന്നു കരം ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നുവെന്നതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും റവന്യൂമന്ത്രി അടൂര്‍ പ്രകാശും വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ പങ്കെടുത്ത റവന്യൂ വകുപ്പിന്റെ കേസുകള്‍ കൈകാര്യം ചെയ്യുന്ന സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സുശീല ഭട്ട് സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്തിരുന്നു. കരം സ്വീകരിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് സുശീല ഭട്ട് മുന്നറിയിപ്പു നല്‍കിയത്. സര്‍ക്കാര്‍ അഭിഭാഷകയുടെ എതിര്‍പ്പ് അവഗണിച്ചാണ് അഡ്വക്കറ്റ് ജനറലില്‍നിന്നു നിയമോപദേശം തേടാന്‍ മുഖ്യമന്ത്രി തീരുമാനിച്ചതെന്നാണ് ഇതില്‍നിന്നു വ്യക്തമാവുന്നത്. സര്‍ക്കാര്‍ തീരുമാനത്തെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറും ഹൈക്കോടതിയില്‍ റവന്യൂ കേസുകള്‍ വാദിക്കുകയും ചെയ്യുന്ന സുശീല ഭട്ടും അനുകൂലിച്ചെന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, ഉത്തരവിനെ സുശീല ഭട്ട് ശക്തമായി എതിര്‍ത്തിരുന്നുവെന്നാണ് രേഖകള്‍. കരുണ വിഷയത്തില്‍ റവന്യൂ സെക്രട്ടറി ബിശ്വാസ് മേത്ത എജിയുടെ ഉപദേശം തേടി അയച്ച കത്തിലാണ് മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തില്‍ ഉത്തരവിനെ സുശീല ഭട്ട് എതിര്‍ത്ത കാര്യം വ്യക്തമാക്കുന്നത്. പോബ്‌സണ്‍ ഗ്രൂപ്പില്‍നിന്നു കരം ഈടാക്കാന്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് വിവാദമായപ്പോഴാണ് കഴിഞ്ഞ 14ന് മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചത്. കരുണയ്ക്ക് അനുകൂലമായ ഉത്തരവ് ഹൈക്കോടതിയിലെ കേസുകളില്‍ തിരിച്ചടിയുണ്ടാക്കുമെന്നതിനാല്‍ പിന്‍വലിക്കണമെന്നായിരുന്നു സുശീല ഭട്ടിന്റെ ആവശ്യം. മാത്രമല്ല, റവന്യൂ വകുപ്പ് ഉത്തരവ് ഇറക്കുന്നതിനു മുമ്പ് സര്‍ക്കാര്‍ അഭിഭാഷകരില്‍നിന്ന് ഉപദേശം തേടിയില്ലെന്നാണ് ഇതോടെ വ്യക്തമാവുന്നത്. കരുണയില്‍ സര്‍ക്കാര്‍ഭൂമിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന റവന്യൂ സെക്രട്ടറിയുടെ നിലപാട് സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it