സര്‍ക്കാര്‍ ഡയറിയില്‍ ഗുരുതര തെറ്റുകള്‍; നടപടി വേണം

തിരുവനന്തപുരം: ഈവര്‍ഷത്തെ സര്‍ക്കാര്‍ ഡയറിയില്‍ ഗുരുതരമായ തെറ്റുകള്‍ കടന്നുകൂടി. വിവിധ ബോര്‍ഡുകളിലും കോര്‍പറേഷനുകളിലും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിക്കുകയും പിന്നീട് സ്ഥാനമൊഴിയുകയും ചെയ്ത ചെയര്‍മാന്‍മാര്‍ തന്നെയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ ഡയറിയിലും ചെയര്‍മാന്‍മാര്‍. യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായി സിപിഎമ്മിലെ പി ബിജുവിനെ നിയമിച്ചെങ്കിലും സര്‍ക്കാര്‍ ഡയറിയില്‍ കോണ്‍ഗ്രസ് നേതാവ് പി എസ് പ്രശാന്താണ് ഇപ്പോഴും വൈസ് ചെയര്‍മാന്‍. ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഡയറക്ടറായി സിപിഎമ്മിലെ പള്ളിയറ ശ്രീധരനെ നിയമിച്ചെങ്കിലും പഴയ ഡയറക്ടര്‍ നെടുമുടി ഹരികുമാറാണ് ഡയറിയില്‍ ഇപ്പോഴും ഡയറക്ടര്‍. കില ഡയറക്ടറായി ജോയ് എളമണ്‍ ചുമതലയേറ്റിട്ട് മാസങ്ങളായെങ്കിലും പഴയ ഡയറക്ടര്‍ ഡോ. പി പി ബാലന്‍ സര്‍ക്കാര്‍ ഡയറിയില്‍ ഇപ്പോഴും ഡയറക്ടറായി തുടരുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥയാണ് ഡയറി അച്ചടിയിലും പ്രകടമായതെന്നാണ് ആക്ഷേപം. കഴിഞ്ഞ വര്‍ഷത്തെ ഡയറിയില്‍ മന്ത്രിമാരുടെ പേരുകള്‍ ക്രമപ്പെടുത്തി എഴുതുന്നതില്‍ പിഴവ് വന്നതിനെ തുടര്‍ന്ന് പിന്‍വലിക്കുകയും പുതിയ ഡയറി അച്ചടിക്കുകയും ചെയ്തിരുന്നു. ഇതുവഴി കോടികളുടെ നഷ്ടമാണ് സര്‍ക്കാരിനു നേരിട്ടത്. ഇത്തവണയും പിഴവുകള്‍ ആവര്‍ത്തിക്കുകയാണ് ചെയ്തത്. സര്‍ക്കാരിന് ഒരു ഡയറിപോലും തെറ്റുകൂടാതെ അച്ചടിക്കാന്‍ കഴിയാത്തത് ഖേദകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത്തരം ഗുരുതരമായ തെറ്റുകള്‍ പരിഹരിക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it