Kottayam Local

സര്‍ക്കാര്‍ ജോലി വാഗ്ദാനം നല്‍കി അംഗപരിമിതനില്‍ നിന്ന് പണം തട്ടി



കുമരകം: അംഗപരിമിതന് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് കുമരകം സ്വദേശികളായ ദമ്പതികള്‍ വൈക്കം സ്വദേശിയില്‍ നിന്ന് പണം തട്ടിപ്പ് നടത്തിയതായി പരാതി. ഗ്രാമവികസന വകുപ്പില്‍ വിഇഒ നിയമനം വാഗ്ദാനം ചെയ്താണ് 1.10 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയത്. ബ്രഹ്മമംഗലം പടിക്കപ്പറമ്പില്‍ സജോമാത്യു(30)വാണ് കോട്ടയം ഡിവൈഎസ്പിക്കും ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്കും പരാതി നല്‍കിയത്. കുമരകം കൊഞ്ചുമടയ്ക്ക് സമീപം നാല്‍പതില്‍ച്ചിറ രാജുവിന്റെ മകന്‍ ടോണി (32) ഭാര്യ അശ്വതി (30) എന്നിവര്‍ക്കെതിരേയാണ് പരാതി നല്‍കിയത്. 2013ല്‍ വിഇഒ തസ്തികയിലേക്കു നടത്തിയ പിഎസ്‌സി പരീക്ഷയില്‍ സജോ മാത്യു റാങ്ക് ലിസ്റ്റില്‍ ഇടം നേടിയിരുന്നു. എന്‍സിപി പ്രവര്‍ത്തകനാണെന്നും രണ്ടു ലക്ഷം രൂപ നല്‍കിയാല്‍ അംഗപരിമിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ജോലി ശരിയാക്കിത്തരാമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പിനു സാഹചര്യം സൃഷ്ടിച്ചത്. വാഗ്ദാന പ്രകാരം ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ 2013 ഏപ്രില്‍ നാലിനു കുമരകം അറ്റാമംഗലം പള്ളിക്കു സമീപം വച്ച് കാറില്‍ എത്തി നല്‍കി. പിന്നീട് യാത്രാ ചെലവുകളായി 10,000 രൂപ കൂടി ഭാര്യ അശ്വതിയുടെ എസ്ബിഐ അക്കൗണ്ടില്‍ നിക്ഷേപിച്ചതായും പറയുന്നു. 2017 ആയിട്ടും ജോലി ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് പണം തിരികെ ആവശ്യപ്പെട്ടു. പലതവണ ആവശ്യപ്പെട്ടിട്ടും പണം തിരിച്ചുനല്‍കാന്‍ കൂട്ടാക്കിയില്ലെന്നാണു സജോ മാത്യുവിന്റെ പരാതി.
Next Story

RELATED STORIES

Share it