kannur local

സര്‍ക്കാര്‍ ജീവനക്കാര്‍ക്കു വേണ്ടിയുള്ള പാര്‍പ്പിട പദ്ധതി : ശിലാസ്ഥാപനം നടത്തി



കാഞ്ഞങ്ങാട്: ജില്ലയില്‍ ജോലി ചെയ്യുന്ന മറ്റുജില്ലകളില്‍ നിന്നുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആവശ്യമായ താമസസൗകര്യമൊരുക്കുവാന്‍ ശ്രമിക്കുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഇതര ജില്ലകളില്‍ നിന്ന് ജോലിക്കു വരുന്നവര്‍ക്ക് ക്വാര്‍ട്ടേഴ്‌സുകള്‍ അനുവദിക്കുമ്പോള്‍ മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് താലൂക്ക് ഓഫിസ് കോണ്‍ഫറന്‍സ് ഹാളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടിയുള്ള ജില്ലയിലെ പാര്‍പ്പിട പദ്ധതിയുടെ  നാലാംഘട്ട ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ താമസ സൗകര്യമില്ലെന്നപേരില്‍ പലരും ഇങ്ങോട്ടുവരാന്‍ മടിക്കുകയോ വന്നവര്‍ വേഗത്തില്‍ സ്ഥലംമാറി പോകുകയോ ആണ് പതിവ്. അതിന് മാറ്റമുണ്ടാകുവാന്‍ കൂടുതല്‍ താമസസൗകര്യമൊരുക്കിയാല്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. ഇപ്പോള്‍ കാസര്‍കോട്, ഹൊസ്ദുര്‍ഗ് എന്നിവിടങ്ങളില്‍ നിര്‍മാണം ആരംഭിക്കുന്ന 24 ഫഌറ്റുകള്‍ക്ക് പുറമെ പുതിയ പദ്ധതികള്‍ക്കായി ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.ജില്ലയില്‍ കാസര്‍കോട് താലൂക്കില്‍ മുട്ടത്തൊടിയിലും ഹൊസ്ദുര്‍ഗ് താലൂക്കില്‍ അജാനൂരിലും 12 വീതം ഫഌറ്റുകളാണ് നിര്‍മാണം ആരംഭിക്കുന്നതെന്ന് ഹൗസിങ് കമ്മീഷണറും സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് സെക്രട്ടറിയുമായ കെ എന്‍ സതീഷ് പറഞ്ഞു. അഞ്ചു കോടി രുപ വകയിരുത്തിയാണ് ഇവ നിര്‍മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് സമീപം ആവശ്യമായ സ്ഥലം ലഭിച്ചാല്‍ സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് സ്റ്റുഡിയോ അപ്പാര്‍ട്ടുമെന്റുകള്‍ നിര്‍മിച്ചു നല്‍കും. ആശുപത്രികളില്‍ രോഗികള്‍ക്ക് കൂട്ടിരിപ്പിന് വരുന്നവര്‍ക്ക് ഇത് സഹായകമാകും. ജില്ലയില്‍ സ്ഥലം ലഭ്യമാക്കിയാല്‍ സംസ്ഥാനത്ത് ആദ്യമായി ഇവിടെ പദ്ധതിക്ക് തുടക്കംകുറിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 15 മാസത്തിനുള്ളില്‍ പാര്‍പ്പിട സമുച്ചയം നിര്‍മ്മിച്ചു കൈമാറുമെന്ന് സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന്‍ പി പ്രസാദ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ കലക്്ടര്‍ കെ ജീവന്‍ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം ഗൗരി, പി രാജന്‍, സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് അംഗം അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കാഞ്ഞങ്ങാട് നഗരസഭാംഗം റംഷാദ്, അജാനൂര്‍ പഞ്ചായത്ത് അംഗം പി പത്മനാഭന്‍, സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ രാജീവ് കരിയില്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി നാരായണന്‍, എ ദാമോദരന്‍, ജോസഫ് വടകര, സുകുമാരന്‍, അബ്രഹാം തോണക്കര, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എസ് ശശിധരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it