Pathanamthitta local

സര്‍ക്കാര്‍ ജീവനക്കാരുടെ കേട്ടെഴുത്ത് മല്‍സരം: കുടിശ്ശികയില്‍ വിഷമിച്ചു; വിദ്യുച്ഛക്തിയില്‍ ഷോക്കേറ്റു വീണു



പത്തനംതിട്ട: സ്ഥിരമായി ഉപയോഗിക്കുന്ന വാക്കുകള്‍പോലും ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കേട്ടെഴുത്ത് മത്സരത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. കുടിശ്ശിക പലര്‍ക്കും കുടിശ്ശിഖയുമായിരുന്നു. വിദ്യുച്ഛക്തി എന്ന വാക്കിലും പലരും ഷോക്കേറ്റ് വീണു. മിക്കവരും വിദ്യുത്ശ്ചക്തി എന്നും വിദ്യുത്ശക്തി എന്നുമാണ് എഴുതിയത്. ഉദ്ദേശ്യശുദ്ധി അധികം പേര്‍ക്കും ഉദ്ദേശശുദ്ധി ആയി. അതുപൊലെ യഥാര്‍ഥത, യാദൃച്ഛികം, യാദൃച്ഛാലാഭം തുടങ്ങിയ വാക്കുകളും ജീവനക്കാരെ കുഴക്കി. മലയാളം ഔദ്യോഗിക ഭാഷാ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തി ല്‍ ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു കേട്ടെഴുത്ത് മല്‍സരം. അഡീഷണല്‍ ജില്ലാ മജിസ്—ട്രേറ്റ് അനു എസ് നായരാണ് ഉദ്യോഗസ്ഥര്‍ക്ക് കേട്ടെഴുത്ത് നടത്തിയത്. ആകെയുള്ള 25 വാക്കുകളില്‍ 21 എണ്ണം ശരിയായി കേട്ടെഴുതി കലക്ടറേറ്റിലെ യുഡി ടൈപ്പിസ്റ്റ് എസ് ദീപ്തി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 18 മാര്‍ക്ക് നേടി ക്ലാര്‍ക്കുമാരായ കെ മുഹമ്മദ് ഷെബീറും എം ജി ശ്രീകലയും രണ്ടാം സ്ഥാനം പങ്കിട്ടു. ഫയലെഴുത്ത് മത്സരവും ജീവനക്കാരുടെ സജീവ പങ്കാളിത്തത്താല്‍ വേറിട്ട അനുഭവമായി. മലയാള ഭാഷാവാരാചരണം താലൂക്ക് തലത്തില്‍ നടത്തുന്നത് സംബന്ധിച്ച് ഫയല്‍ തയാറാക്കുന്നതായിരുന്നു മല്‍സര വിഷയം. നിശ്ചിത സമയത്തിനുള്ളില്‍ വ്യക്തവും വടിവൊത്തതുമായ ഭാഷയില്‍ എല്ലാവരും ഫയല്‍ എഴുതി. ഏറ്റവും നന്നായി ഫയല്‍ എഴുതിയ  കലക്‌ട്രേറ്റിലെ ക്ലാര്‍ക്കുമാരായ വി സൂസന്‍ ഒന്നാം സ്ഥാനവും ആര്‍ സന്തോഷ് കുമാര്‍ രണ്ടാം സ്ഥാനവും നേടി.  മലയാളം കവിതാലാപന മല്‍സരം വിഷയവൈവിധ്യത്താല്‍ അര്‍ഥസമ്പുഷ്ടമായി. ജില്ലാ കലക്ടറുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് സൂസന്‍ ഇ ജേക്കബ്  ഒന്നാംസ്ഥാനം കരസ്ഥമാക്കി. കാഞ്ഞിറ്റുകര സ്—കൂളിലെ അധ്യാപകനായ അനീഷ് രണ്ടാംസ്ഥാനം നേടി. എല്‍എ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ വി ടി രാജന്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.
Next Story

RELATED STORIES

Share it