സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയ വിധി

രാഷ്ട്രീയ കേരളം  -  എച്ച്  സുധീര്‍
ഹാരിസണ്‍ മലയാളം കമ്പനിയുടെ കൈവശത്തിലുള്ളതും കൈമാറ്റം ചെയ്തതും ഉള്‍പ്പെടെ 38,000 ഏക്കര്‍ ഭൂമി ഭൂസംരക്ഷണ നിയമപ്രകാരം ഏറ്റെടുക്കാനുള്ള സ്‌പെഷ്യല്‍ ഓഫിസറുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി ഏറെ നിരാശാജനകമാണ്. കേസ് നടത്തിപ്പില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു കുറ്റകരമായ വീഴ്ചയാണ് സംഭവിച്ചത് എന്നതില്‍ സംശയമില്ല. രേഖകള്‍ യഥാസമയം ഹാജരാക്കാനോ വസ്തുനിഷ്ഠമായി അവതരിപ്പിക്കാനോ സര്‍ക്കാരിനു കഴിഞ്ഞില്ല. പൊന്തന്‍പുഴ വനത്തിന്റെ കേസില്‍ സംഭവിച്ച അതേ പാളിച്ചകളും കൃത്യവിലോപവും ഹാരിസണ്‍ കേസിലും ആവര്‍ത്തിച്ചുവെന്നു വേണം കരുതാന്‍.
കേസ് നന്നായി പഠിച്ചു വാദിച്ചിരുന്ന സുശീല ഭട്ടിനെ സര്‍ക്കാര്‍ അഭിഭാഷക സ്ഥാനത്തു നിന്നു നീക്കിയതു മുതല്‍ ഭൂമി കേസുകളില്‍ സര്‍ക്കാര്‍ നിരന്തരം തോല്‍വി ചോദിച്ചുവാങ്ങുന്ന പരിതാപകരമായ സ്ഥിതിവിശേഷമാണുള്ളത്. 2016 ജൂലൈ 16നാണ് സുശീല ഭട്ടിനെ റവന്യൂ സ്‌പെഷ്യല്‍ പ്ലീഡര്‍ സ്ഥാനത്തു നിന്നു മാറ്റുന്നത്. ഹാരിസണ്‍, ടാറ്റ അടക്കമുള്ള പല കേസുകളിലും സര്‍ക്കാരിന്റെ ഭാഗം വിജയിപ്പിച്ച അഭിഭാഷകയാണ് സുശീല ഭട്ട്. അപ്രതീക്ഷിതമായി ഹാരിസണ്‍ കേസില്‍ നിന്നു സുശീല ഭട്ടിനെ മാറ്റിയത് ഏറെ രാഷ്ട്രീയ വിവാദമായിരുന്നു. ഹാരിസണ്‍, ടാറ്റ തുടങ്ങിയ വന്‍കിടക്കാരെ സംരക്ഷിക്കുന്നതിനു സര്‍ക്കാര്‍തലത്തില്‍ നടന്ന ഗൂഢാലോചനയുടെ ഫലമായിട്ടുള്ള ആദ്യ നടപടിയായിരുന്നു സുശീല ഭട്ടിന്റെ സ്ഥാനചലനം എന്നായിരുന്നു ആരോപണം.
ഈ സാഹചര്യത്തില്‍ കേരള ഭൂപരിഷ്‌കരണ നിയമം, ഭൂസംരക്ഷണ നിയമം എന്നിവയിലെ വ്യവസ്ഥകള്‍ പരിഗണിക്കാതെയാണ് കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധിയെന്ന സുശീല ഭട്ടിന്റെ പ്രതികരണം ഗൗരവമേറിയതാണ്. മാത്രമല്ല, കമ്പനിക്കെതിരായ നടപടികള്‍ സാധൂകരിക്കുന്ന അഞ്ചു റിപോര്‍ട്ടുകള്‍ സര്‍ക്കാരിന്റെ പക്കലുണ്ട്. കേസ് പരിഗണിക്കുന്ന വേളയില്‍ ഈ റിപോര്‍ട്ടുകളില്‍ ഒന്നു പോലും ഹൈക്കോടതിയുടെ മുന്നിലെത്താതിരുന്നതിനു മറ്റു കാരണങ്ങള്‍ കാണും.
വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിരീക്ഷണവും പ്രാധാന്യം അര്‍ഹിക്കുന്നു. കേരളത്തിന്റെ ഭൂമി ഹാരിസണ്‍ അനധികൃതമായി കൈവശം വച്ചതാണെന്നും ഭൂമി കൈമാറ്റത്തിനായി ചമച്ച ആധാരങ്ങള്‍ കൃത്രിമമാണെന്നും വിജിലന്‍സ് കണ്ടെത്തിയതാണ്. 1999 മുതല്‍ സര്‍ക്കാര്‍ ആറു കമ്മീഷനുകളെ നിയോഗിച്ചിരുന്നു. എല്ലാ കമ്മീഷനുകളും കണ്ടെത്തിയത് ഹാരിസണ്‍ കൈവശം വച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിയാണെന്നും അത് തിരിച്ചുപിടിക്കണമെന്നുമാണ്. ഇത്തരം നിരവധി രേഖകളും തെളിവുകളും ഉണ്ടായിട്ടും സര്‍ക്കാരിന്റെ കേസ് പരാജയപ്പെട്ടതിനെപ്പറ്റി കേരളം ഗൗരവമായി പരിശോധിക്കണം. കണ്ണന്‍ ദേവന്‍ ആക്ട് പോലെ, സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തണമെന്ന വിഎസിന്റെ ആവശ്യം തള്ളിക്കളയേണ്ടതല്ല.
38,000 ഏക്കറോളം വരുന്ന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കാണ് ഹൈക്കോടതിയുടെ വിധിയോടെ തിരിച്ചടിയേറ്റത്.  പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ ഏറ്റെടുക്കണമെന്ന രാജമാണിക്യം അന്വേഷണ റിപോര്‍ട്ടും ഹൈക്കോടതി റദ്ദാക്കി.
ബ്രിട്ടിഷുകാരുടെ കൈവശമുണ്ടായിരുന്ന ഭൂമി സ്വാതന്ത്ര്യലബ്ധിക്കു ശേഷം സ്വാഭാവികമായും സര്‍ക്കാരിലേക്കു വന്നുചേരും എന്നതിനാല്‍ പ്ലാന്റേഷന്‍ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്നായിരുന്നു സ്‌പെഷ്യല്‍ ഓഫിസറായ രാജമാണിക്യം ഐഎഎസ് നല്‍കിയ റിപോര്‍ട്ട്. എന്നാല്‍, ഈ റിപോര്‍ട്ടിലെ ശുപാര്‍ശകള്‍ ഭരണഘടനാവിരുദ്ധമാണെന്ന് നിയമ സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയനു നേരത്തെത്തന്നെ വിവരം നല്‍കിയിരുന്നു. രാജമാണിക്യം റിപോര്‍ട്ടിനെതിരേ നിയമവകുപ്പ് സ്വീകരിച്ച നിലപാട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുവെന്നു മാത്രമല്ല, റവന്യൂ-നിയമ വകുപ്പുകള്‍ തമ്മിലുള്ള ഭിന്നതയുടെ ആഴവും വര്‍ധിപ്പിച്ചു.
അഞ്ചു ലക്ഷം ഏക്കര്‍ തോട്ടഭൂമിയാണ് ടാറ്റയുടെയും ഹാരിസണിന്റെയും കൈവശമുള്ളത്. ഇതു സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ശുപാര്‍ശ ചെയ്ത് 2016 ഏപ്രില്‍ 4നും സപ്തംബര്‍ 24നുമായി രണ്ടു റിപോര്‍ട്ടുകള്‍ രാജമാണിക്യം റവന്യൂ വകുപ്പിനു നല്‍കി. കഴിഞ്ഞ ഏപ്രില്‍ 4നാണ് രാജമാണിക്യം റിപോര്‍ട്ടിനെ പൂര്‍ണമായും തള്ളി നിയമ സെക്രട്ടറി ബി ജി ഹരീന്ദ്രനാഥ് പ്രത്യേക റിപോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കുന്നത്. ഒരു വര്‍ഷം സമയമുണ്ടായിട്ടും പഴുതുകള്‍ അടച്ചുള്ള റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിനു പകരം നിയമവകുപ്പ് തള്ളിയ അതേ റിപോര്‍ട്ടാണ് സര്‍ക്കാര്‍ കോടതിയില്‍ എത്തിച്ചത്. ഈ റിപോര്‍ട്ട് ഹൈക്കോടതി റദ്ദാക്കിയത് സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനത്തിന്റെ തെളിവല്ലെങ്കില്‍ പിന്നെ മറ്റെന്താണ്.
ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനിയുമായി ബന്ധപ്പെട്ട കേസില്‍ നടക്കുന്നത് സര്‍ക്കാരും കമ്പനിയും തമ്മിലുള്ള ഒത്തുകളിയാണ് എന്നാണ് മുന്‍ സ്‌പെഷ്യല്‍ പ്ലീഡറായ സുശീല ഭട്ട് ആരോപിക്കുന്നത്. ''പതിറ്റാണ്ടുകളായി രാജ്യത്തെയും വ്യവസ്ഥിതിയെയും വഞ്ചിച്ചുകൊണ്ട് ഭൂമി കൈവശപ്പെടുത്തിയിരിക്കുന്ന കമ്പനിക്ക് അനായാസം സര്‍ക്കാരിനെ സ്വാധീനിക്കാനും അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ സാധിച്ചെടുക്കാനും കഴിയും. കഴിഞ്ഞ 60 വര്‍ഷമായി അവര്‍ ചെയ്യുന്നത് ഇതുതന്നെയാണ്. അതുതന്നെയാണ് ഇപ്പോള്‍ നടന്നത്'' എന്നും സുശീല ഭട്ട് പറയുന്നു.
ഈ കേസിലെ സര്‍ക്കാരിനെതിരായ വിധി കോടതിയുടെ പരിഗണനയിലുള്ള സമാനമായ കേസുകളെയും സ്വാധീനിക്കുമെന്നതില്‍ സംശയമില്ല. വിവാദമായ ചെറുവള്ളി എസ്റ്റേറ്റ് കേസിനെയും കോടതിവിധി ബാധിച്ചേക്കും. രാജമാണിക്യം റിപോര്‍ട്ടിന്റെ ആധികാരികത തന്നെ ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തില്‍ ചെറുവള്ളി കേസില്‍ സര്‍ക്കാര്‍ ഹാജരാക്കിയ രേഖകള്‍ കേസ് ജയിക്കാന്‍ പര്യാപ്തമല്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. നിര്‍ദിഷ്ട ശബരിമല വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റില്‍ പണിയാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍, ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ഭൂമി ഏറ്റെടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്.
നിലവില്‍ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ നിന്നു വാങ്ങിയതാണെന്നാണ് വാദം. ഈ സാഹചര്യത്തില്‍ ചെറുവള്ളി എസ്റ്റേറ്റ് കേസിലും സമാന വിധിയുണ്ടായാല്‍ സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്ന ബിലീവേഴ്‌സ് ചര്‍ച്ചിന്റെ പക്കല്‍ നിന്നു പണം നല്‍കി നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കേണ്ടിവരും. എന്നാല്‍, ഇത് പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിയായിരുന്നുവെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നത്. ഹാരിസണ്‍ കേസില്‍ സര്‍ക്കാര്‍ വാദങ്ങള്‍ തകര്‍ന്നടിഞ്ഞ സാഹചര്യത്തില്‍ ചെറുവള്ളി കേസിലെ വിധിയും നിര്‍ണായകമാവുമെന്നതില്‍ സംശയമില്ല.
ഭൂമിക്കേസുകളില്‍ സര്‍ക്കാര്‍ അടിക്കടി തോല്‍ക്കുന്നതും തിരിച്ചടി നേരിടുന്നതും ജനകീയ താല്‍പര്യങ്ങളെ ഹാനികരമായാണ് ബാധിക്കുക. നാലര ലക്ഷം ഭൂരഹിതര്‍ അന്തിയുറങ്ങാന്‍ കിടപ്പാടമില്ലാതെ കഷ്ടപ്പെടുമ്പോള്‍ സര്‍ക്കാരിന് അവകാശപ്പെട്ട ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി വന്‍കിട കോര്‍പറേറ്റ് കമ്പനികള്‍ അനധികൃതമായി കൈവശപ്പെടുത്തി അനുഭവിച്ചുപോരുന്നത് ന്യായീകരിക്കാനാവില്ല. വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് 2017 മെയ് 7ലെ സര്‍വകക്ഷി യോഗത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞെങ്കിലും പിന്നീട് അതൊക്കെ അട്ടിമറിക്കപ്പെട്ടു. ഇപ്പോള്‍ അതിനു കനത്ത വിലയും നല്‍കേണ്ടിവന്നിരിക്കുന്നു.
സര്‍ക്കാരിന് അവകാശപ്പെട്ട 5.5 ലക്ഷം ഏക്കര്‍ ഭൂമിയില്‍ വന്‍കിടക്കാര്‍ പിടിമുറുക്കുന്ന അവസ്ഥയിലെത്തിച്ചു. പാവങ്ങള്‍ക്ക് നീതി ലഭിക്കുന്ന അഭിമാനകരമായ വിധികള്‍ കണ്ട ഹൈക്കോടതിയില്‍ നിന്നു ജനചൂഷകരായ കോര്‍പറേറ്റുകളുടെ പ്രാധാന്യം ഉദ്‌ഘോഷിക്കുന്ന മറ്റൊരു വിധിയും കാണാനുള്ള ദുര്‍വിധിയും ജനങ്ങള്‍ക്ക് ഈ കേസിലുണ്ടായി.
പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന മന്ത്രിസഭയില്‍ പല വിഷയങ്ങളിലും രൂക്ഷമായ ഭിന്നത ഉയര്‍ന്നുവന്നിട്ടുണ്ട്. തോമസ് ചാണ്ടി പ്രശ്‌നത്തില്‍ സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്നു വിട്ടുനില്‍ക്കുന്ന അസാധാരണ രംഗത്തിനും ജനങ്ങള്‍ സാക്ഷികളായി. എന്നാല്‍, യഥാര്‍ഥ 'ഇടതുപക്ഷ ഐക്യം' പ്രകടമായത് ഹാരിസണ്‍ കേസില്‍ തോറ്റുകൊടുക്കുന്നതിലാണ് എന്നാണ് പ്രതിപക്ഷത്തിന്റെ വാദം. ഇരുമെയ്യാണെങ്കിലും ഒന്നായിത്തന്നെ മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും ഇക്കാര്യത്തില്‍ നിലകൊണ്ടത്രേ.           ി
Next Story

RELATED STORIES

Share it