Alappuzha local

സര്‍ക്കാര്‍ കൊയ്ത്ത് യന്ത്രങ്ങള്‍ കട്ടപ്പുറത്ത്

എടത്വാ: കുട്ടനാട്ടില്‍ പുഞ്ചകൃഷി വിളവെടുപ്പ് ആരംഭിച്ചതോടെ സര്‍ക്കാര്‍ കൊയ്ത് യന്ത്രം കൂട്ടത്തോടെ അന്ത്യനിദ്രയില്‍. കുട്ടനാട്ടിലെ വിളവെടുപ്പ് സീസണില്‍ കര്‍ഷകര്‍ക്ക് യന്ത്രക്ഷാമം അനുഭവപ്പെടാതിരിക്കാന്‍ കേരള അഗ്രോ ഇന്‍ഡസ്ട്രീയസ് കോര്‍പറേഷന്‍ ലിമിറ്റഡ് അമ്പലപ്പുഴയില്‍ സ്ഥാപിച്ച ഡിവിഷണല്‍ ഓഫിസിലെ കൊയ്തുയന്ത്രങ്ങളാണ് കൂട്ടത്തോടെ കട്ടപ്പുറത്തായത്.
തകഴി കൃഷിഭവനില്‍പെട്ട ചെക്കിടിക്കാട് കാഞ്ചിക്കല്‍ പാടശേഖര നെല്ലുല്‍പാദക സമതി സെക്രട്ടറി കുര്യന്‍ ജോസഫ് യന്ത്രം ആവശ്യപെട്ട് ഓഫിസില്‍ എത്തിയപ്പോഴാണ് യന്ത്രം കൂട്ടത്തോടെ തകരാറിലായ വിവരം അറിയുന്നത്. തകരാറിലായ യന്ത്രത്തിന്റെ സ്‌പെയര്‍ പാര്‍ട്ട്‌സ് സര്‍ക്കാര്‍ വിതരണം ചെയ്യാത്തതാണ് ക്ഷാമത്തിന് കാരണമെന്ന് ഉദ്യോഗസ്ഥര്‍ സെക്രട്ടറിയെ അറിയിച്ചു. ആറ് കൊയ്തുയന്ത്രമുള്ള ഡിവിഷണല്‍ ഓഫിസില്‍ എല്ലാ യന്ത്രങ്ങളും അറ്റകുറ്റപണിക്കായി ഗാരേജില്‍ കയറ്റിയിരിക്കുകയാണ്. യന്ത്ര തകരാറ് പരിഹരിക്കാതെ വിതരണം നടക്കില്ലെന്ന അവസ്ഥയാണുള്ളത്.
കൃഷി സീസണില്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് കരാറടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്ന യന്ത്രങ്ങളില്‍ നിന്ന് സ്‌പെയര്‍ പാഡ്‌സ് അഴിച്ചെടുത്ത ശേഷമാണ് തിരികെ ഡിവിഷണല്‍ ഓഫിസില്‍ എത്തിക്കുന്നതെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഓഫിസിലെ ചില ഉദ്യോഗസ്ഥരുടെ മൗനസമ്മതവും ഇതിന് പിന്നിലുണ്ടന്ന് ആരോപണമുണ്ട്. തെരഞ്ഞെടുപ്പ് ചൂടില്‍ കര്‍ഷകരുടെ രോദനം കേള്‍ക്കാന്‍ ജനപ്രതിനിധികള്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ താല്‍പര്യമില്ലാത്ത അവസ്ഥയാണുള്ളത്. ജീവനക്കാരുടെ നിസംഗത മൂലമുണ്ടായ യന്ത്രക്ഷാമം ഇത്തവണത്തെ വിളവെടുപ്പിനെ ബാധിക്കും.
കഴിഞ്ഞ സീസണില്‍ അമ്പലപ്പുഴ, തകഴി, ചമ്പക്കുളം, ചെറുതന, എടത്വാ, തലവടി കൃഷിഭവനിലെ പാടശേഖരങ്ങളില്‍ അമ്പലപ്പുഴയില്‍ നിന്ന് വിതരണം ചെയ്ത കെയ്‌ക്കോയുടെ കബോട്ടേ യന്ത്രം ഉപയോഗിച്ചാണ് കൊയ്ത് നടത്തിയിരുന്നത്. സമുദ്രനിരപ്പില്‍ നിന്ന് താഴ്ന്ന പാടശേഖരമായതിനാല്‍ വെള്ളക്കെട്ട് കാരണം ഭാരം കുറഞ്ഞ കബോട്ടേ യന്ത്രമാണ് കര്‍ഷകര്‍ അധികവും ഉപയോഗിക്കുന്നത്. ഭാരം കൂടിയ യന്ത്രങ്ങള്‍ പാടത്ത് താഴാന്‍ തുടങ്ങിയതോടുകൂടിയാണ് കര്‍ഷകര്‍ കബോട്ടേ യന്ത്രം ആശ്രയിച്ചത്.
കുട്ടനാട്ടിലെ 26850 ഹെക്ടര്‍ പാടശേഖരങ്ങലിലെ വിളവെടുപ്പ് ഇനി നടക്കാനുണ്ട്. കാഞ്ചിക്കല്‍ പാടശേഖരം ഉള്‍പെടെ എട്ട് പാടശേഖരങ്ങളില്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ വിളവെടുപ്പ് നടത്തേണ്ടതാണ്. വേനല്‍ മഴക്ക് മുമ്പ് കൊയ്ത് കരയ്‌ക്കെത്തിക്കണമെന്നാണ് കര്‍ഷകരുടെ ആഗ്രഹം.
സര്‍ക്കാരിന്റെ കൊയ്ത്‌യന്ത്രം പണിമുടക്കിയതോടെ സ്വകാര്യ യന്ത്രങ്ങള്‍ കര്‍ഷകര്‍ ആശ്രയിക്കേണ്ടി വരും. മുന്‍കാലങ്ങലെ പോലെ ഇത്തവണയും ജില്ല ഭരണകൂടം ഇടപെട്ട് യന്ത്ര ലഭ്യത ഉറപ്പ് വരുത്തണമെന്ന് കര്‍ഷകര്‍ ആവശ്യപെട്ടു.
Next Story

RELATED STORIES

Share it